അത്ലറ്റിക്സ്, ജൂഡോ, നീന്തൽ, ഭാരോദ്വഹനം, ഗുസ്തി എന്നിവയിൽ ബഹ്റൈൻ ഇറങ്ങും
മനാമ: 2024ലെ പാരിസ് ഒളിമ്പിക്സിൽ ബഹ്റൈനിൽനിന്ന് 14 കായിക താരങ്ങൾ പങ്കെടുക്കും. ബഹ്റൈനിന്റെ പങ്കാളിത്തം സംബന്ധിച്ച വിശദാംശങ്ങൾ കാബിനറ്റ് കാര്യ മന്ത്രാലയം അണ്ടർസെക്രട്ടറിയും ബഹ്റൈൻ ഒളിമ്പിക്സ് കമ്മിറ്റി (ബി.ഒ.സി) വൈസ് പ്രസിഡന്റുമായ ശൈഖ് ഈസ ബിൻ അലി ബിൻ ഖലീഫ ആൽ ഖലീഫ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കായികതാരങ്ങളെ വരവേൽക്കാൻ ഫ്രഞ്ച് തലസ്ഥാനം ഒരുങ്ങിയെന്നും ഗംഭീരമായ ഒളിമ്പിക്സായിരിക്കും ഇത്തവണയെന്നും ബഹ്റൈനിലെ ഫ്രഞ്ച് അംബാസഡർ, ജിറൗഡ് ടെൽമി പറഞ്ഞു. ബി.ഒ.സി സെക്രട്ടറി ജനറൽ ഫാരിസ് അൽ കൂഹേജി, ബി.ഒ.സി എക്സിക്യൂട്ടിവ് ഡയറക്ടർ അഹമ്മദ് അബ്ദുൽഗാഫർ എന്നിവരും സന്നിഹിതരായിരുന്നു.
അത്ലറ്റിക്സ്, ജൂഡോ, നീന്തൽ, ഭാരോദ്വഹനം, ഗുസ്തി എന്നിവയുൾപ്പെടെ അഞ്ച് കായിക ഇനങ്ങളിലായി 14 അത്ലറ്റുകളുടെ ടീമാണ് ബഹ്റൈനെ പ്രതിനിധീകരിക്കുന്നത്. ഒഫീഷ്യലുകളും സ്റ്റാഫും കായികതാരങ്ങളും ഉൾപ്പെടെ 25 അംഗ സംഘമാണ് പാരിസിലേക്ക് വിമാനം കയറുക. ഈ വർഷത്തെ ഒളിമ്പിക്സിൽ ലോകത്തെ 200ലധികം രാജ്യങ്ങളിൽനിന്നുള്ള 10,500 കായിക പ്രതിഭകളാണ് പാരിസിൽ മാറ്റുരക്കുന്നത്.
ജൂലൈ 26 മുതൽ ആഗസ്റ്റ് 11 വരെയാണ് മത്സരങ്ങൾ.അത്ലറ്റിക്സിൽ എട്ട് കായികതാരങ്ങളും നീന്തൽ, ഭാരോദ്വഹനം, ജൂഡോ, ഗുസ്തി എന്നിവയിൽ ഓരോരുത്തരുമാണ് മാറ്റുരക്കുന്നത്. അത്ലറ്റുകളെല്ലാം രാജ്യന്തര പരിശീലനം നടത്തി മത്സര പരിചയം ആർജിച്ചിട്ടുണ്ടെന്ന് ബഹ്റൈനിന്റെ പാരിസ് 2024 ചീഫ് ദ മിഷൻ കൂടിയായ ബി.ഒ.സി എക്സിക്യൂട്ടിവ് ഡയറക്ടർ അഹമ്മദ് അബ്ദുൽഗാഫർ പറഞ്ഞു.
ബഹ്റൈൻ അത്ലറ്റുകൾക്ക് മികച്ച ഫലങ്ങൾ നേടാനാകുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ബി.ഒ.സി സെക്രട്ടറി ജനറൽ ഫാരിസ് അൽ കൂഹേജി പറഞ്ഞു. പാരിസ് ഒളിമ്പിക്സ് മനോഹരമായിരിക്കും. അതിൽ പങ്കെടുക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. രാജ്യത്തിന്റെ കായിക പ്രസ്ഥാനത്തിന് ഭരണാധികാരികളിൽനിന്ന് ലഭിക്കുന്ന അചഞ്ചലമായ പിന്തുണ വിജയം നേടാൻ സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.
കായികതാരങ്ങൾക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. അതിന്റെ ഫലം രാജ്യത്തിന് ലഭിക്കും. ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ ബി.ഒ.സി ഒളിമ്പിക്സിനായി എല്ലാ തയാറെടുപ്പുകളും നടത്തിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ബഹ്റൈൻ അത്ലറ്റുകൾ
വിൻഫ്രെഡ് യാവി-വനിതകളുടെ 3,000 മീറ്റർ സ്റ്റീപ്പിൾ ചേസ്
സൽവ ഈദ് നാസർ, വനിതകളുടെ 400 മീറ്റർ
കെമി അഡെക്കോയ, വനിതകളുടെ 400 മീറ്റർ ഹർഡിൽസ്
റോസ് ചെലിമോ, വനിതകളുടെ മാരത്തൺ
ടിജിസ്റ്റ് ഗാഷോ, വനിതാ മാരത്തൺ
യൂനിസ് ചുംബ, വനിതകളുടെ മാരത്തൺ
നെല്ലി ജെപ്കോസ്ഗെ, വനിതകളുടെ 800 മീറ്റർ
ബിർഹാനു ബലേവ്, പുരുഷന്മാരുടെ 5,000 മീ
ജൂഡോ: അസ്കെർബി ഗെർബെക്കോവ്, പുരുഷന്മാരുടെ 81 കി.ഗ്രാം
നീന്തൽ: അമാനി അൽ ഒബൈദ്ലി, വനിതകളുടെ 100 മീറ്റർ ബാക്ക്സ്ട്രോക്ക്
സൗദ് അൽ ഗാലി, പുരുഷന്മാരുടെ 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക്
ഭാരോദ്വഹനം: ലെസ്മാൻ പരേഡസ്, പുരുഷന്മാരുടെ 102 കി.ഗ്രാം
ഗോർ മിനാസ്യൻ, പുരുഷന്മാരുടെ 109 കിലോഗ്രാം
ഗുസ്തി: അഖ്മദ് തഴുദിനോവ്, പുരുഷന്മാരുടെ 97 കിലോ.
ബഹ്റൈന്റെ മെഡൽ നേട്ടങ്ങൾ
കഴിഞ്ഞ മൂന്ന് ഒളിമ്പിക് ഗെയിംസുകളിലും ബഹ്റൈൻ മെഡൽ നേടിയിട്ടുണ്ട്.
മറിയം യൂസഫ് ജമാൽ 2012ലെ ലണ്ടനിൽ വനിതകളുടെ 1,500 മീറ്ററിൽ രാജ്യത്തിന്റെ ആദ്യ ഒളിമ്പിക് മെഡലും ആദ്യത്തെ ഒളിമ്പിക് സ്വർണവും നേടി. ഫൈനലിൽ വെങ്കല മെഡലാണ് മറിയം യൂസഫ് ജമാലിന് ലഭിച്ചതെങ്കിലും മറ്റു ജേതാക്കൾ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതോടെ സ്വർണം ലഭിച്ചു.
2016 റിയോ ഒളിമ്പിക്സിൽ, റൂത്ത് ജെബറ്റ് വനിതകളുടെ 3,000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ സ്വർണവും യൂനിസ് കിർവ വനിതകളുടെ മാരത്തണിൽ വെള്ളിയും നേടി. 2021 ടോക്യോയിൽ, കൽക്കിദാൻ ഗെസാഹെഗ്നെ വനിതകളുടെ 10,000 മീറ്ററിൽ വെള്ളി മെഡൽ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.