മനാമ: ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്യുന്ന വനിത സംവരണ ബിൽ സ്വാഗതാർഹമാണെന്ന് പ്രവാസി വെൽഫെയർ വനിത വിഭാഗം പ്രസ്താവനയിൽ പറഞ്ഞു. ലിംഗനീതിയെയും സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തത്തെയും ശക്തിപ്പെടുത്താൻ പുതിയ ഭേദഗതി സഹായകമാകും.
തുടർച്ചയായി ഒമ്പതു വർഷം ഭരിച്ചിട്ടും വനിത സംവരണം നടപ്പാക്കാനുള്ള ഒരു നീക്കവും നടത്താതിരുന്നവർ ഇപ്പോൾ ധിറുതിയിൽ വിഷയം പൊടിതട്ടിയെടുക്കുന്നതിന്റെ പിറകിലെ രാഷ്ട്രീയ ഉന്നം തിരിച്ചറിയപ്പെടണം. ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിൽ കൊണ്ടുവന്നത് നടക്കാനിരിക്കുന്ന പാർലമെൻറ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് മാത്രമാണ്. വനിത സംവരണം എന്ന് നടപ്പാക്കും എന്ന കാര്യം അനിശ്ചിതത്വത്തിൽ നിർത്തി വനിത സംവരണത്തിന്റെ പ്രയോക്താവായി മാറാനുള്ള ശ്രമമാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്.
സ്ത്രീകളുടെ രാഷ്ട്രീയ ശാക്തീകരണത്തേക്കാൾ അതിനെ മുന്നിൽവെച്ച് തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യലാണ് ലക്ഷ്യം. രാജ്യത്തെ സാമൂഹിക വൈവിധ്യവും വിവിധ വിഭാഗങ്ങളിൽപെട്ട സ്ത്രീകളുടെ രാഷ്ട്രീയ ശാക്തീകരണവും പരിഗണിച്ച് വനിത സംവരണം കൂടുതൽ വിശാലമാക്കണം എന്നും പ്രവാസി വെൽഫെയർ ആവശ്യപ്പെട്ടു. പട്ടികജാതി - വർഗ വിഭാഗത്തിൽപെട്ട സ്ത്രീകൾക്ക് നിലവിൽ ഉപസംവരണം വ്യവസ്ഥ ചെയ്തിട്ടുണ്ട്. ന്യൂനപക്ഷങ്ങളിലെയും ഒ.ബി.സി വിഭാഗങ്ങളിലെയും സ്ത്രീകളെയും സംവരണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണം. രാജ്യസഭയിലേക്കും ലെജിസ്ലേറ്റിവ് കൗൺസിലുകളിലേക്കും സംവരണം വ്യാപിപ്പിക്കണം. അതുവഴി എല്ലാ പാർശ്വവത്കൃത വിഭാഗങ്ങളിലുംപെട്ട സ്ത്രീകളുടെ പ്രാതിനിധ്യം പാർലമെന്റിലും നിയമസഭകളിലും ഉറപ്പുവരുത്തണമെന്നും പ്രവാസി വെൽഫെയർ വനിത വിഭാഗം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.