മനാമ: മണിപ്പൂർ, ഹരിയാന എന്നിവിടങ്ങളിൽ നടന്ന വംശീയ അക്രമങ്ങൾക്കിരയായവർക്ക് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. രാജ്യം നേരിടുന്ന ഏറ്റവും വലിയ അനീതിക്കും ആക്രമണങ്ങൾക്കുമെതിരെ സ്ത്രീകളും പോരാട്ടവീഥിയിൽ ഉണ്ടാകുമെന്ന് തെളിയിക്കുന്നതായിരുന്നു സംഗമം.നാട്ടിൽ നടക്കുന്ന സംഭവങ്ങൾ നടുക്കമുളവാക്കുന്നതാണെന്നും എല്ലാം രംഗത്തും ഫാഷിസം പിടിമുറുക്കുന്ന ഈ കാലത്ത് അനീതികൾക്കെതിരെ പ്രതികരിക്കാൻ നീതിയിലും സത്യത്തിലും വിശ്വസിക്കുന്ന ഏതൊരു ജനാധിപത്യ വിശ്വാസിയും രംഗത്തുവരേണ്ടതുണ്ടെന്നും പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
വനിത വിഭാഗം പ്രസിഡന്റ് സാജിദ സലീം അധ്യക്ഷത വഹിച്ചു. മനാമ ഏരിയ വൈസ് പ്രസിഡന്റ് നൂറ ഷൗക്കത്തലി, എഴുത്തുകാരി ഉമ്മു അമ്മാർ, പ്രവാസി വെൽഫെയർ എക്സിക്യൂട്ടിവ് അംഗം ഷിജിന ആഷിഖ്, മുഹറഖ് ഏരിയ സെക്രട്ടറി ഹേബ ഷക്കീബ്, മസീറ നജാഹ് എന്നിവർ സംസാരിച്ചു. തെരുവിൽ മാനഭംഗത്തിന് ഇരയാകുന്ന സ്ത്രീകൾ, ബുൾഡോസർ രാജിന് വിധേയമാകുന്ന വീടുകളും സ്ഥാപനങ്ങളും, അതിനു മുന്നിൽ നിസ്സഹായരായി നിൽക്കേണ്ടിവരുന്നവർ, എല്ലാം കണ്ടും കേട്ടും മൗനം പാലിക്കുന്ന നിയമപാലകരും ഭരണകൂടവും എന്നിങ്ങനെ വിഷയങ്ങൾ പ്രമേയമാക്കി ടാബ്ലോയും അവതരിപ്പിച്ചു.
സുബൈദ മുഹമ്മദലി കവിത അവതരിപ്പിച്ചു. ബുഷ്റ ഹമീദിന്റെ പ്രാർഥനയോടെ ആരംഭിച്ച സംഗമത്തിൽ വനിത വിഭാഗം സെക്രട്ടറി ശൈമില നൗഫൽ സ്വാഗതവും സർഗവേദി കൺവീനർ മെഹ്റ മൊയ്തീൻ നന്ദിയും പറഞ്ഞു. സലീന ജമാൽ, സമീറ നൗഷാദ്, ഫാത്തിമ സ്വാലിഹ്, സൗദ പേരാമ്പ്ര എന്നിവർ നേതൃത്വം നൽകി. ഷബീഹ ഫൈസൽ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.