മനാമ: 25ഓളം തൊഴിൽ മേഖലകളിൽ വിദേശ തൊഴിലാളികളുടെ തൊഴിൽ വൈദഗ്ധ്യം പരിശോധിക്കാൻ സംവിധാനമേർപ്പെടുത്താൻ ആലോചന. ഇത് സംബന്ധിച്ച കരട് ഉടൻ കാബിനറ്റിന്റെ പരിഗണനക്ക് വരും. ലൈസൻസും സ്കിൽ അസസ്മെന്റ് ടെസ്റ്റിലെ പാസിങ് സ്കോറും ഇല്ലാതെ തൊഴിൽ ചെയ്യാൻ കഴിയില്ലെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമമെന്ന് തൊഴിൽ മന്ത്രി ജമീൽ ഹുമൈദാൻ പറഞ്ഞു.
തൊഴിൽ മന്ത്രാലയം, ലേബർ ഫണ്ട് (തംകീൻ), ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ), ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ബി.സി.സി.ഐ) എന്നിവയടങ്ങുന്ന സംയുക്ത ടീമാണ് കരട് നിയമം തയാറാക്കിയത്. തൊഴിൽ നൈപുണ്യ വിലയിരുത്തലിൽ പരാജയപ്പെടുന്ന വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് റദ്ദാക്കുന്നതുൾപ്പെടെ കരടിലുൾപ്പെടുത്തിയിട്ടുണ്ട്. തൊഴിൽ വൈദഗ്ധ്യം വിലയിരുത്തലുകൾ നടത്താൻ സ്വകാര്യ കേന്ദ്രങ്ങൾ, സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവക്ക് ലൈസൻസുകൾ നൽകും. വെൽഡർമാർ, ഇൻസുലേഷൻ ഇൻസ്റ്റാളേഴ്സ്, ഒക്യുപേഷനൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫിസർമാർ എന്നിവരുൾപ്പെടെ 25 പ്രായോഗിക പ്രഫഷനുകൾക്കുവേണ്ട മാനദണ്ഡങ്ങളും പ്രഫഷനൽ ആവശ്യകതകളും സംയുക്ത സമിതി നിശ്ചയിച്ചിട്ടുണ്ട്.ടൈൽ ഇൻസ്റ്റാൾ ചെയ്യുന്നവർ, കൺസ്ട്രക്ഷൻ ഡി-വാട്ടറിങ് സ്പെഷലിസ്റ്റുകൾ, മരപ്പണിക്കാർ, കാർ മെക്കാനിക്സ്, ഹെവി മെഷിനറി മെക്കാനിക്സ്, ഹെവി എക്യുപ്മെന്റ് മെയിന്റനൻസ് മെക്കാനിക്സ്, അസ്ഫാൽറ്റ് പേവേഴ്സ്, സ്റ്റീൽ പാർട്സ് കാസ്റ്ററുകൾ, റോക്ക് ഡ്രില്ലേഴ്സ്, ഗ്രൈൻഡേഴ്സ്, സ്റ്റീൽ വർക്കർമാർ, സ്കഫോൾഡേഴ്സ്, അലുമിനിയം ഡോർ മാനുഫാക്ചേഴ്സ്, റോഡ് ആൻഡ് കൺസ്ട്രക്ഷൻ എക്വിപ്മെന്റ് ഓപറേറ്റർമാർ, ഫാക്ടറി എക്വിപ്മെന്റ് ഓപറേറ്റർമാർ, ഇൻഡസ്ട്രിയൽ എക്വിപ്മെന്റ് ഓപറേറ്റർമാർ, പെയിന്റർമാർ, പ്രിസിഷൻ ഇൻസ്ട്രുമെന്റ് ആൻഡ് കൺട്രോൾ ഓപറേറ്റർമാർ, പൈപ്പ് ആൻഡ് പ്ലംബിങ് ഇൻസ്റ്റാളേഴ്സ് എന്നിങ്ങനെ വൈദഗ്ധ്യം വേണ്ട തൊഴിലുകളുടെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വൈദഗ്ധ്യം പരിശോധിക്കൽ ആവശ്യമാണെന്ന് മന്ത്രി പാർലമെന്റിൽ ചോദ്യത്തിനുത്തരമായി പറഞ്ഞു. ഇലക്ട്രീഷ്യൻ, പ്ലംബർ, എയർ കണ്ടീഷനിങ് റിപ്പയർ ടെക്നീഷ്യൻ എന്നിവക്ക് നിലവിൽ സർക്കാർ സ്ഥാപനങ്ങൾ ലൈസൻസ് നൽകുന്നുണ്ട്. അതുകൊണ്ട് നിർദിഷ്ട നിയമത്തിൽനിന്ന് ഈ മൂന്ന് തൊഴിലുകളെ ഒഴിവാക്കിയിട്ടുണ്ട്. 25 തൊഴിൽ മേഖലകളിൽ വൈദഗ്ധ്യം ഉയർത്തുന്നതിന് തൊഴിൽ മന്ത്രാലയവുമായും ബന്ധപ്പെട്ട ബിസിനസ് ഉടമകളുമായും ചേർന്ന് തംകീൻ പദ്ധതി ആവിഷ്കരിക്കും. അന്തർദേശീയ മാനദണ്ഡങ്ങൾ പാലിക്കുന്ന അംഗീകൃത സ്ഥാപനങ്ങൾ നടത്തുന്ന നൈപുണ്യ വിലയിരുത്തലിൽ വിജയിക്കുന്നവർക്ക് തൊഴിൽ മന്ത്രാലയം പ്രഫഷനൽ ലൈസൻസുകൾ നൽകും. എൽ.എം.ആർ.എയുടെ വർക്ക് പെർമിറ്റ് സംവിധാനവുമായി സമന്വയിപ്പിച്ചുകൊണ്ട് തൊഴിൽ പെർമിറ്റുകളുമായി പ്രഫഷനൽ ലൈസൻസുകളെ ബന്ധിപ്പിക്കും.
നൈപുണ്യ വിലയിരുത്തലിൽ പരാജയപ്പെടുന്ന തൊഴിലാളികളുടെ വർക്ക് പെർമിറ്റ് റദ്ദാക്കും. വാണിജ്യ-വ്യവസായ മന്ത്രാലയത്തിൽനിന്ന് വാണിജ്യ രജിസ്ട്രേഷനുണ്ടെങ്കിൽ പ്രത്യേക കേന്ദ്രങ്ങൾക്കും സ്വകാര്യ പരിശീലന സ്ഥാപനങ്ങൾക്കും നൈപുണ്യ മൂല്യനിർണയം നടത്താൻ അധികാരം നൽകും. നിലവിലുള്ള പരിശീലന സ്ഥാപനങ്ങൾക്കും സർവകലാശാലകൾക്കും ഈ മൂല്യനിർണയങ്ങൾ നടത്താൻ അനുമതി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.