മനാമ: ഐ.സി.സി പുരുഷ ഏകദിന ലോകകപ്പ് ട്രോഫി ടൂർ- 2023ന്റെ ഭാഗമായി ലോകകപ്പ് ട്രോഫി പ്രയാണം ബഹ്റൈനിലെത്തുന്നതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികൾ.
12ന് വൈകീട്ട് നാലുമുതൽ ഏഴുവരെ റോഡ് ഷോ
12ന് വൈകീട്ട് നാലിന് ജുഫൈറിലെ അൽനജ്മ ക്ലബിൽനിന്ന് പുറപ്പെടുന്ന റോഡ് ഷോ ബാബ് അൽ ബഹ്റൈൻ, ബഹ്റൈൻ ബേയിലൂടെ കടന്നുപോകും. ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിലാണ് റോഡ് ഷോ സമാപിക്കുക. ബൈക്കുകളുടെയും ആരാധകരുടെ കാറുകളുടെയും അകമ്പടിയോടെ ക്രിക്കറ്റ് താരങ്ങൾ റോഡ് ഷോയിൽ അണിനിരക്കും.
ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ പ്രദർശനം
വൈകീട്ട് ഏഴിന് ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിലെത്തുന്ന റോഡ് ഷോ ഫോർമുല വൺ സർക്യൂട്ടിൽ പ്രവേശിച്ച് ഒരു ലാപ് പൂർത്തിയാക്കും. ബഹ്റൈന്റെ ലാൻഡ്മാർക്ക് എന്ന് വിശേഷിപ്പിക്കാവുന്ന സാഖിർ ബി.ഐ.സി ടവറിന്റെ പശ്ചാത്തലത്തിൽ കായികപ്രേമികൾക്ക് ട്രോഫിയോടൊപ്പം ചിത്രമെടുക്കാനുള്ള അവസരമൊരുക്കിയിട്ടുണ്ട്.
13ന് ട്രോഫി ഫോട്ടോഗ്രഫി
13ന് രാവിലെ പത്തുമുതൽ വൈകീട്ട് നാലുവരെ ബഹ്റൈനിലെ ചരിത്രപ്രസിദ്ധമായ സ്മാരകങ്ങളുടെയും ലാൻഡ് മാർക്കുകളുടെയും പശ്ചാത്തലത്തിൽ ട്രോഫിയുടെ ചിത്രങ്ങൾ പകർത്തപ്പെടും.
ട്രീ ഓഫ് ലൈഫ്, പുരാതനമായ ബഹ്റൈൻ ഫോർട്ട്, വേൾഡ് ട്രേഡ് സെൻറർ, ബഹ്റൈൻ ബേ എന്നീ പശ്ചാത്തലങ്ങളിൽ ഫോട്ടോ പകർത്തപ്പെടും. സമൂഹ മാധ്യമങ്ങളിലൂടെ കോടിക്കണക്കിന് വരുന്ന ക്രിക്കറ്റ് പ്രേമികൾ ആ ദൃശ്യങ്ങൾ ആസ്വദിക്കും.
75 ദശലക്ഷം പേർ ലോകകപ്പ് ട്രോഫി ടൂർ വീക്ഷിക്കുന്നുണ്ടെന്നാണ് ഐ.സി.സിയുടെ കണക്ക്.
വൈകീട്ട് അഞ്ചുമുതൽ ഏഴുവരെ ദാനമാളിൽ ട്രോഫി പ്രദർശനം
ലുലു ദാനമാളിൽ കായിക പ്രേമികൾക്ക് ട്രോഫി അടുത്തുകാണാനുള്ള അവസരമാണൊരുങ്ങുന്നത്.
ആരാധകർക്കായി വിവിധ പരിപാടികളും അതോടനുബന്ധിച്ച് നടക്കും. റാലിയിൽ പങ്കെടുക്കാനും ട്രോഫിക്കൊപ്പം ഫോട്ടോയെടുക്കാനുമായി cricketbh.com എന്ന വെബ്സൈറ്റിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.