റിയാദ്: 'സങ്കൽപങ്ങൾക്കും അപ്പുറം' എന്ന തലവാചകത്തെ അന്വർഥമാക്കിയാണ് ഈ വർഷത്തെ റിയാദ് സീസൺ വരവറിയിച്ചത്. വെള്ളിയാഴ്ച രാത്രി നഗരത്തെയാകെ കിടിലം കൊള്ളിച്ച കമ്പക്കെട്ടിന്‍റെ അകമ്പടിയിൽ മാസങ്ങൾ നീളുന്ന ഉത്സവത്തിന് തുടക്കം കുറിച്ചു.രാത്രി 9.10ന് ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി (ജി.ഇ.എ) ചെയർമാൻ തുർക്കി അൽ ശൈഖ് ബോളീവാർഡ് വിനോദ നഗരത്തോട് ചേർന്നൊരുക്കിയ കൂറ്റൻ വേദിയിലെത്തി ഉദ്ഘാടനം ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോൾ റിയാദ് നഗരം അക്ഷരാർഥത്തിൽ പൂത്തുലയുകയായിരുന്നു.
അംബരചുംബികളായ കിങ്‌ഡം, ഫൈസലിയ്യ, അൽമജ്‌ദൂൽ എന്നീ ഗോപുരങ്ങൾക്കു മുകളിൽ നിന്നടക്കം കത്തിച്ചുവിട്ട വെടിക്കെട്ട് മാനത്ത് പ്രകാശത്തിന്‍റെ വർണപ്പൂക്കൾ വാരിവിതറി. നിലക്കാതെ ഒഴുകിക്കൊണ്ടിരുന്ന കിങ് ഫഹദ് ഹൈവേ ആ കാഴ്ചക്കു മുന്നിൽ നിമിഷനേരത്തേക്ക് സ്തംഭിച്ചു. കാറുകളുടെ സൺറൂഫുകൾ നീക്കി കുട്ടികളും മുതിർന്നവരും കാഴ്ച ആസ്വദിച്ചു. തുർക്കി അൽ ശൈഖിന്റെ പ്രഖ്യാപനവും തുടർന്നുള്ള കലാപ്രകടനങ്ങളും നേരിട്ട് ആസ്വദിക്കാൻ ഉദ്ഘാടന വേദിക്കു മുന്നിൽ സംഗമിച്ചത് പതിനായിരങ്ങളാണ്.ആസ്വാദകർക്ക് ആശ്ചര്യരാവ് സമ്മാനിച്ച് റിയാദ് സീസൺ അരങ്ങിലെത്തിയപ്പോൾ ആബാലവൃദ്ധം ആവേശത്തോടെയാണ് വരവേറ്റത്.
ഒന്നിച്ച് ഒരേ സ്വരത്തിൽ ഉദ്ഘാടകനൊപ്പം 'അഹ്‌ലൻ വ സഹ്‌ലൻ ബിക്കും ഫി മോസം റിയാദ്' എന്ന സ്വാഗതവാചകം ഉച്ചത്തിൽ ഉരുവിട്ട് ആഘോഷത്തെ വരവേറ്റു. ഇന്നേവരെ രാജ്യം കണ്ട ഏറ്റവും വലിയ വിനോദ പരിപാടിയാണ് റിയാദ് സീസൺ. ഡ്രോണുകളും എൽ.ഇ.ഡിയും സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെയും ചിത്രം ബഹുവർണത്തിൽ ആകാശനീലിമയിൽ വരഞ്ഞപ്പോൾ 'ഞങ്ങളുടെ നായകർക്ക് ആരോഗ്യപൂർവം ദീർഘകാലം ഞങ്ങളെ നയിക്കാൻ ദൈവാനുഗ്രഹമുണ്ടാകട്ടെ' എന്ന പ്രാർഥനയാൽ അന്തരീക്ഷം മുഖരിതമായി.
കേവലം 60 സെക്കൻഡിൽ ഒതുക്കിയ ജി.ഇ.എ ചെയർമാന്‍റെ ഉദ്ഘാടന പ്രസംഗത്തിനുശേഷം വേദിയിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.58ലധികം കലാകാരന്മാരും മൂന്നു ഗായകരും പങ്കെടുത്ത 'സർക്യൂ ഡു സോലെൽ ഷോ' വിസ്മയകരമായ അരമണിക്കൂർ സമ്മാനിച്ചാണ് വേദി വിട്ടത്. ജിംനാസ്റ്റുകൾ, ഹൈ വയർ ആക്ടുകൾ, സ്റ്റണ്ട് മോട്ടോർ സൈക്കിൾ യാത്രകൾ, ഫയർ ജെറ്റിങ്, സ്വിങ്ങിങ് റോപ് പ്രകടനം തുടങ്ങി വൈവിധ്യമാർന്ന കലാപ്രകടനങ്ങൾക്ക് വേദി സാക്ഷിയായി.
സൗദി അറേബ്യയിലെ വിഖ്യാത നാടോടി കലാകാരന്മാരായ മോദി അൽ ഷംറാനി, ഷബാഹ് ബെഷ എന്നിവരടങ്ങുന്ന ബാൻഡ് അവതരിപ്പിച്ച ഗാനങ്ങളും ശ്രദ്ധേയമായി. സൗദിയുടെ പരമ്പരാഗത കലയായ അർദ മുട്ടും മറ്റു കലാപ്രകടനങ്ങളും ഉത്സവത്തിന് കൊഴുപ്പേകി. ലോകമാകെ പതിനായിരക്കണക്കിന് ആരാധകരുള്ള ഇംഗ്ലീഷ് ഗായികയും ഗാനരചയിതാവുമായ ആൻമേരി റോസ് നിക്കോൾസൻ വേദിയിലെത്തിയതോടെ ആരാധകർ ആവേശത്തിമിർപ്പിലായി. മൊബൈൽ ഫോണിൽ വെളിച്ചം തെളിച്ച് അവർ പ്രിയതാരത്തെ രാജ്യത്തേക്ക് സ്വീകരിച്ചു.
വിവിധ സുരക്ഷ വകുപ്പുകളും സംഘാടകരും മികച്ച ഒരുക്കമാണ് സീസണു വേണ്ടി നടത്തിയത്.വെള്ളിയാഴ്ച ഉച്ചയോടെ നഗരിയിലേക്കുള്ള പ്രധാന നിരത്തുകളെല്ലാം ട്രാഫിക് മേധാവികളുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ തന്നെ കൃത്യമായ ക്രമീകരണങ്ങൾ നടത്തി. പ്രവേശന കവാടത്തിലേക്കുള്ള തിരക്കൊഴിവാക്കി കാൽനടക്കാർക്കുള്ള വഴിയും സജ്ജമാക്കി.
ഉച്ചക്കുശേഷം മൂന്നോടെ പ്രവേശനം അനുവദിച്ചുതുടങ്ങി. പൊലീസ്, ഫയർ ഫോഴ്സ്, ആരോഗ്യ വകുപ്പ് തുടങ്ങി എല്ലാ അവശ്യ സർവിസുകളും അടിസ്ഥാന സൗകര്യങ്ങളും വേദിക്കു ചുറ്റും സജ്ജമായിരുന്നു.വേനലിൽനിന്ന് ശൈത്യത്തിലേക്ക് നീങ്ങുന്ന ഏറ്റവും ആസ്വാദ്യകരമായ കാലാവസ്ഥയിലാണ് റിയാദ് ഇപ്പോഴുള്ളത്. ഡിസംബർ അവസാനത്തോടെ നഗരം തണുപ്പിന്റെ പിടിയിലമരും. കൊടുംശൈത്യത്തിന് ചൂടുപകരുന്ന കലാപ്രകടനങ്ങൾക്കായിരിക്കും വരുംദിവസങ്ങളിൽ തലസ്ഥാന നഗരി വേദിയാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.