ഷാർജ: പ്രവാസ കേരളമൊന്നടങ്കം ഷാർജയിലേക്കു ചുരുങ്ങുന്ന ഗൾഫിന്റെ മൂന്നാം പെരുന്നാളിന് വെള്ളിയാഴ്ച എക്സ്പോ സെന്ററിൽ കൊടിയേറ്റം. ‘ഗൾഫ് മാധ്യമം കമോൺ കേരള’യുടെ അഞ്ചാം എഡിഷന് രാവിലെ 10ന് ഷാർജയിൽ മിഴിതുറക്കും. സാംസ്കാരിക പരിപാടികൾ ‘ലുലു ഗ്രൂപ്’ ചെയർമാൻ എം.എ. യൂസുഫലി ഉദ്ഘാടനം ചെയ്യും. ‘ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ’ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ മുഖ്യാതിഥിയാകും.
ഇന്ത്യയുടെ വാണിജ്യ, സാംസ്കാരിക, വിനോദ, വിജ്ഞാന മേഖലകൾ സംഗമിക്കുന്ന പ്രദർശനങ്ങളുടെ ഉദ്ഘാടനം ഷാർജ റൂളേഴ്സ് ഓഫിസ് ചെയർമാൻ ശൈഖ് സാലിം ബിൻ അബ്ദുൽറഹ്മാൻ അൽ ഖാസിമി നിർവഹിക്കും. ഷാർജ ചേംബർ ഓഫ് കോമേഴ്സ് ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഒവൈസ്, വൈസ് ചെയർമാൻ വലീദ് അബ്ദുറഹ്മാൻ ബുഖാതിർ എന്നിവർ പങ്കെടുക്കും.
യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഒരുക്കുന്ന മേള ഈമാസം 21ന് സമാപിക്കും. ഷാർജ ചേംബർ ഓഫ് കോമേഴ്സിന്റെയും കോമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റിയുടെയും പങ്കാളിത്തത്തോടെയാണ് കമോൺ കേരള സംഘടിപ്പിക്കുന്നത്. വിവിധ ദിനങ്ങളിലായി എം.പിമാരായ കെ. മുരളീധരൻ, ജോൺ ബ്രിട്ടാസ്, നടൻ കുഞ്ചാക്കോ ബോബൻ, നടി ഭാവന തുടങ്ങിയവർ വേദിയിലെത്തും. നിരവധി ഉപഭോക്തൃ ഉൽപന്നങ്ങളുടെ ലോഞ്ചിങ്ങിനും വേദിയാകുന്ന കമോൺ കേരളയിൽ ഇന്ത്യയിലെയും വിദേശത്തെയും 200ഓളം സ്റ്റാളുകൾ അണിനിരക്കും.
അഞ്ചു മുതൽ രാജ് കലേഷും മാത്തുക്കുട്ടിയും അവതരിപ്പിക്കുന്ന മച്ചാൻസ് ഇൻ ഷാർജ. രാത്രി ഏഴു മുതലാണ് ‘സ്റ്റാർ ബീറ്റ്സ്’ സംഗീതപരിപാടി. സംഗീതപ്രേമികളുടെ മനസ്സിൽ ഇടംപിടിച്ച യുവനിര അണിനിരക്കുന്ന സായംസന്ധ്യയിൽ മലയാളികളുടെ പ്രിയപ്പെട്ട ജാസിം, ആയിഷ അബ്ദുൽ ബാസിത്, മേഘ്ന, കൗഷിക്, ക്രിസ്റ്റകല, നിഖിൽ പ്രഭ തുടങ്ങിയവർ വേദിയിലെത്തും. കാണികളെ ചിരിപ്പിക്കാൻ മഹാദേവനുമുണ്ടാകും. ഹിറ്റ് എഫ്.എം ആർ.ജെ അർഫാസായിരിക്കും അവതാരകൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.