ദുബൈ: പെരുംചൂടിൽ നിന്ന് തണുപ്പിലേക്ക് മാറുന്ന യു.എ.ഇയിൽ ആഘോഷങ്ങളുടെ വാതിൽ തുറക്കുന്നു. ഇനിയുള്ള അഞ്ച് മാസങ്ങളിലാണ് യു.എ.ഇയിൽ ഏറ്റവും കൂടുതൽ ആഘോഷങ്ങൾ നടക്കുന്നത്. ഗ്ലോബൽ വില്ലേജ്, ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ, ഷാർജ പുസ്തകോത്സവം, ഫിറ്റ്നസ് ചലഞ്ച്, ലോകകപ്പ് ഫാൻ ഫെസ്റ്റ്, അർജന്റീന-യു.എ.ഇ മത്സരം ഉൾപെടെ നിരവധി ആഘോഷ പരിപാടികൾക്കാണ് അടുത്ത ദിവസങ്ങളിൽ യു.എ.ഇ വേദിയൊരുക്കുന്നത്. ഒക്ടോബറിലെ അവസാന 10 ദിവസം ദുബൈ വിമാനത്താവളത്തിൽ 21 ലക്ഷം യാത്രക്കാർ എത്തുമെന്ന അറിയിപ്പ് ഈ ആഘോഷങ്ങളിലേക്കുള്ള സൂചന കൂടിയാണ്.
വേനൽ കാലത്ത് അടച്ചിട്ടിരുന്ന ദുബൈ സഫാരി പാർക്ക്, ഷാർജ സഫാരി, ദുബൈ മിറക്ക്ൾ ഗാർഡൻ, ദുബൈ ഗാർഡൻ ഗ്ലോ തുടങ്ങിയവ കഴിഞ്ഞ ദിവസങ്ങളിലാണ് തുറന്നത്. ഇവിടേക്ക് ജനപ്രവാഹം തുടങ്ങിയിട്ടുണ്ട്. യു.എ.ഇയിലെയും വിദേശികളുടെയും ഏറ്റവും പ്രിയപ്പെട്ട സഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജ് 25 മുതലാണ് തുറക്കുന്നത്. നിരവധി പുതിയ കാഴ്ചകളുമായാണ് ഗ്ലോബൽ വില്ലേജ് മിഴിതുറക്കുന്നത്. ഏറ്റവും കൂടുതൽ സന്ദർശകരെത്തിയ കഴിഞ്ഞ സീസണിലെ റെക്കോഡ് തിരുത്തിക്കുറിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പുതിയ സീസൺ തുടങ്ങുന്നത്. കഴിഞ്ഞ സീസണുകളിൽ സർവീസ് നടത്തിയ ബസുകൾ ഇത്തവണയും നിരത്തിലിറങ്ങും.
റാശിദിയ ബസ് സ്റ്റേഷനിൽ നിന്ന് ഒരു മണിക്കൂർ ഇടവേളകളിൽ(റൂട്ട് 102), യൂനിയൻ ബസ് സ്റ്റേഷനിൽ നിന്ന് ഓരോ 40 മിനിറ്റിലും(റൂട്ട് 103), അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് ഓരോ മണിക്കൂറിലും(റൂട്ട് 104), മാൾ ഓഫ് എമിറേറ്റ്സ് ബസ് സ്റ്റേഷനിൽ നിന്ന് ഓരോ മണിക്കൂറിലും(റൂട്ട് 104) എന്നിങ്ങനെയാണ് സർവീസുകളുണ്ടാവുക. ഡീലക്സ് കോച്ച് ബസുകളും സാധാരണ ബസുകളും ഈ സീസണിൽ സർവീസിനായി ഉപയോഗപ്പെടുത്തും. വിലക്കിഴിവിന്റെയും ആഘോഷങ്ങളുടെയും ഉത്സവമായ ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 15മുതൽ ജനുവരി 29വരെ 46ദിവസമാണ് നടക്കുന്നത്.
വിനോദ പരിപാടികൾ, സംഗീതകച്ചേരികൾ, ഫാഷൻ എക്സ്ക്ലൂസീവ്, ഷോപ്പിങ് ഡീലുകൾ, ഹോട്ടൽ ഓഫറുകൾ, നറുക്കെടുപ്പുകൾ എന്നിവ ഉൾപ്പെടെ നിരവധി ആകഷണീയതകൾ ഇത്തവണയുമുണ്ടാകും. ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റ്(ഡി.എഫ്.ആർ.ഇ) ഒരുക്കുന്ന ഫെസ്റ്റിവലിൽ ഇത്തവണ സവിശേഷമായി ഡ്രോൺസ് ലൈറ്റ് ഷോ അരങ്ങേറുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടായിരിക്കും പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. ഭാഗ്യശാലികൾക്ക് കൈനിറയെ സമ്മാനം നേടാനുള്ള അവസരം കൂടിയാകുമിത്. സംരംഭകർക്കും സ്ഥാപനങ്ങൾക്കും കൂടുതൽ ഉണർവ് നൽകുന്നതായിരിക്കും ഫെസ്റ്റിവൽ.
ദുബൈ എക്സ്പോ സിറ്റി കഴിഞ്ഞ ദിവസം തുറന്നിരുന്നു. എക്സ്പോ മഹാമേള നടന്നപ്പോഴുണ്ടായിരുന്ന സുപ്രധാന പവലിയനുകൾ നിലനിർത്തിയാണ് സിറ്റി തുറന്നിരിക്കുന്നത്. ഇവിടേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി പരിപാടികൾ വരും ദിവസങ്ങളിൽ നടക്കും. ദുബൈ ഫിറ്റ്നസ് ചലഞ്ചും ഈ മാസം അവസാനമാണ് തുടങ്ങുന്നത്. ദുബൈ നിവാസികളുടെ ആരോഗ്യ സംരക്ഷണത്തിൽ മുഖ്യപങ്കുവഹിക്കുന്ന ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി ദുബൈ റൺ, ദുബൈ റൈഡ് തുടങ്ങിയവ നടക്കും. ദുബൈയിലെ കായിക പ്രേമികൾ ഒന്നടങ്കം നഗരം കീഴടക്കുന്ന ദിവസങ്ങളായിരിക്കും ഇത്.
ഖത്തർ ലോകകപ്പിന്റെ ഭാഗമായി ഫിഫയുടെ ഔദ്യോഗിക ഫാൻ ഫെസ്റ്റ് നടക്കുന്ന ആറ് നഗരങ്ങളിൽ ഒന്ന് ദുബൈയാണ്. ദുബൈ ഹാർബറിലായിരിക്കും ഫാൻ ഫെസ്റ്റ് അരങ്ങേറുക. പതിനായിരക്കണക്കിനാളുകൾക്ക് ഒരേ സമയം കളികാണാൻ കഴിയുന്ന രീതിയിലായിരിക്കും ഫാൻ ഫെസ്റ്റ് സജ്ജീകരിക്കുക. ദോഹ അൽബിദ്ദ പാർക്കിൽ 40,000 പേർക്ക് ഒരേസമയം കളികാണാനുള്ള സൗകര്യമായ ഫിഫ ഫാൻ ഫെസ്റ്റിവൽ മാതൃകയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ചു രാജ്യങ്ങളിലെ ആറു നഗരങ്ങളിലാണ് ഫാൻ ഫെസ്റ്റിവൽ സജ്ജീകരിക്കുന്നത്.
ദുബൈ ഹാർബറിന് പുറമെ ലണ്ടനിലെ ഔട്ടർനെറ്റ്, മെക്സികോ സിറ്റിയിലെ പ്ലാസ ഡി ലാ റിപ്പബ്ലിക, റിയോ ഡെ ജനീറോയിലെ കോപ കബാന ബീച്ച്, സാവോപോളോയിലെ വാലി ഡൊ അനംഗബോ, ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോൾ എന്നിവയാണ് ഫിഫ തിരഞ്ഞെടുത്ത വേദികൾ. നവംബർ 20 മുതൽ 28 വരെ ഉച്ചക്ക് 12 മുതൽ പുലർച്ച മൂന്ന് വരെയായിരിക്കും ഫാൻ ഫെസ്റ്റിവൽ മേഖല തുറക്കകു. നവംബർ 29 മുതൽ ഡിസംബർ 18 വരെ ഉച്ചക്ക് മൂന്ന് മുതൽ പുലർച്ച മൂന്ന് വരെയും പ്രവർത്തിക്കും.
ടിക്കറ്റ് നൽകിയായിരിക്കും പ്രവേശനം. അർജന്റീനൻ ഫുട്ബാൾ ടീം യു.എ.ഇയിലേക്ക് കളിക്കാനെത്തുന്നു എന്നതാണ് മറ്റൊരു സന്തോഷവാർത്ത. നവംബർ 16ന് അബൂദബിയിൽ യു.എ.ഇ ദേശീയ ടീമുമായാണ് അർജന്റീനയുടെ സൗഹൃദ മത്സരം. ലോകകപ്പിന് തൊട്ടുമുൻപ് നടക്കുന്ന മത്സരമായതിനാൽ മെസ്സി ഉൾപെടെയുള്ള മുൻനിര താരങ്ങൾ കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷ. നവംബർ 13ന് മെസ്സി ഉൾപെടെയുള്ള അർജന്റീന ടീം അബൂദബിയിൽ പരിശീലനത്തിനിറങ്ങുന്നുണ്ട്. ടിക്കറ്റെടുത്ത് പരിശീലനം കാണാനും കാണികൾക്ക് അവസരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.