ഭാവി തലമുറക്ക് പാരമ്പര്യത്തനിമയും മരുഭൂമിയിലെ പഴയ ജീവിതവും പരിശീലിപ്പിക്കുന്ന കേന്ദ്രമാണ് മുഹമ്മദ് ബിൻ സായിദ് ഫാൽക്കൺറി സ്കൂൾ. ഏഴ് മുതൽ 17 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികളാണ് അറേബ്യൻ ഫാൽക്കൺറി കലകളും മരുഭൂമിയിലെ ജീവിത പാരമ്പര്യങ്ങളും സംയോജിപ്പിച്ചുള്ള പരിശീലനത്തിനെത്തുന്നത്. അബൂദബി എമിറേറ്റിലെ അൽഐൻ പ്രവിശ്യയിലെ റെമ, തെലാൽ റിസോർട്ടിലെ മുഹമ്മദ് ബിൻ സായിദ് ഫാൽക്കൺറി ആൻഡ് ഡെസേർട്ട് ഫിസിയോഗ്നമി സ്കൂളിലാണ് പൈതൃക സംസ്കാരവുമായി ബന്ധപ്പെട്ട വേറിട്ട പരിശീലനങ്ങൾ നടക്കുന്നത്.
അബൂദബിയിലെ എമിറേറ്റ്സ് ഫാൽക്കനേഴ്സ് ക്ലബിെൻറ ഭാഗമായ ഈ വിദ്യാലയത്തിൽ 2,021 വിദ്യാർത്ഥികളാണ് ഇപ്പോൾ പരിശീലനം നടത്തുന്നത്. അബൂദബി ഉൾപ്പെടെ യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള സന്ദർശകർക്കും വിദേശത്തുനിന്നെത്തുന്ന വിനോദസഞ്ചാരികൾക്കും വി.ഐ.പി അതിഥികൾക്കുമായി പ്രത്യേക പരിപാടികളും ഇവിടെ സംഘടിപ്പിക്കുന്നു. മേഖലയിലെ പ്രധാന വിദ്യാഭ്യാസ, സാംസ്കാരിക, വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്നുള്ളവരും ഈ വിദ്യാലയത്തിലെ പരിശീലനത്തിൽ പങ്കെടുക്കുന്നു.
കൊറോണ പകർച്ചവ്യാധി പ്രതിരോധിക്കാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി സ്കൂളിൽ ഇ-ലേണിങ് കോഴ്സുകളുമുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിൽ സമ്മർ സ്കൂളുകൾക്ക് ഫാൽക്കൺറിയിൽ പ്രത്യേക ഓൺലൈൻ ശിൽപശാലകളും നടത്തുന്നു. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള പ്രതിവാര പരിശീലന പ്രോഗ്രാമുകളിൽ ഒട്ടേറെപ്പേർ പങ്കെടുക്കുന്നു. ഇന്റർനാഷണൽ അസോസിയേഷൻ ഫോർ ഫാൽക്കൺറി ആൻഡ് കൺസർവേഷൻ ഓഫ് ബേർഡ്സ് ഓഫ് പ്രൈ (ഐ.എ.എഫ്), അൽഐനിലെ അൽദാർ അക്കാദമി എന്നിവയും പൈതൃക പരിശീലനങ്ങളിൽ പങ്കാളികളാണ്.
ഫാൽക്കൻ ഇനങ്ങൾ, ശരീരഘടന, ഇര, ഫാൽക്കൺറിയുടെ നൈതികത, ഫാൽക്കൻ പക്ഷികളെ സൂക്ഷിക്കൽ, വളർത്തൽ, പരിപോഷിപ്പിക്കൽ, കൈകാര്യം ചെയ്യൽ, പരിശീലനം, പ്രജനനം, പരിപാലനം എന്നിവയെക്കുറിച്ചുള്ള പ്രായോഗിക പാഠങ്ങൾ, പ്രോട്ടോക്കോളുകൾ, സ്പോർട്സ്മാൻഷിപ്പ്, എത്തിക്സ് എന്നിവയുൾപ്പെടെ ഇവിടെ പരിശീലിപ്പിക്കുന്നു. എല്ലാ പ്രായക്കാർക്കും നൈപുണ്യ നിലവാരത്തിനും അനുയോജ്യമായ ആമുഖ കോഴ്സുകൾ, സന്ദർശകർ, വിനോദസഞ്ചാരികൾ, യു.എ.ഇയിലെ അതിഥികൾ എന്നിവർക്ക് പ്രത്യേക ടൂറുകൾ, വിനോദ പ്രവർത്തനങ്ങൾ, സ്കൂൾ വിദ്യാർത്ഥികൾ, പൊതു-സ്വകാര്യ സ്ഥാപനങ്ങൾക്കായി പ്രത്യേക വിദ്യാഭ്യാസ പരിപാടികൾ, പരമ്പരാഗത അറബ് ആതിഥ്യമര്യാദ, അനുഭവം എന്നിവയും പരിശീലിപ്പിക്കുന്നു.
രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ ഫാൽക്കൺറി കായിക പരിശീലനം നടത്തുന്നതിന്റെ ഫോട്ടോഗ്രാഫുകൾ ഉൾപ്പെടുന്ന ലൈബ്രറിയും പഴയതും അപൂർവവുമായ ഫാൽക്കൺറി ഉപകരണങ്ങളുടെ ശേഖരവും മുഹമ്മദ് ബിൻ സായിദ് ഫാൽക്കൺറി സ്കൂളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.