ദോഹ: തലസ്ഥാന നഗരിയിൽനിന്നും 50 കിലോമീറ്ററോളം ദൂെര ഉംസലാൽ. കണ്ണെത്താ ദൂരത്തിൽ പരന്നുകിടക്കുന്ന മരുഭൂമികൾക്കിടയിൽ അങ്ങിങ്ങായി ചില പച്ചപ്പുകൾ തലയുയർത്തി നിൽക്കുന്നു. പിന്നെയും നീണ്ട യാത്രക്കൊടുവിൽ എത്തിച്ചേരുന്നത് മരുഭൂമിക്ക് നടുവിലായി പച്ചപ്പരവതാനി വിരിച്ച്, ഇടതൂർന്ന മരങ്ങളുമായി തലയുയർത്തി നിൽക്കുന്ന വിശാലമായ കാട്. നാലു വർഷംകൊണ്ട് വെച്ചുപിടിപ്പിച്ച്, പരിപാലിച്ച് വളർത്തിയെടുത്ത ഇവിടത്തെ കാടും പച്ചപ്പുല്ലുകളുമാണ് കാൽപന്തുലോകത്തിെൻറ സ്വപ്നങ്ങളിലേക്ക് തീപ്പടർത്തുന്നത്. ഇവിടെ തളിർത്ത പുൽനാമ്പുകളിലാണ് ലയണൽ മെസ്സിയുടെയും നെയ്മറിേൻറയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയുമെല്ലാം സ്വപ്നങ്ങൾ തളിരിടുന്നത്. 2022 ഫിഫ ലോകകപ്പിനായി ഖത്തർ ഒരുക്കിയ എട്ട് സ്റ്റേഡിയങ്ങൾക്കും 45 പരിശീലന വേദികളിലേക്കും ടർഫുകളായി മാറുന്ന പുൽതകിടികളും സ്റ്റേഡിയങ്ങളെ വലയം ചെയ്തുള്ള വിശാലമായ പാർക്കുകളിൽ തണലും പച്ചപ്പും പടർത്തുന്ന മരങ്ങളും വളരുന്ന ഇടം. ഉംസലാലിലെ സുപ്രീം കമ്മിറ്റി ഡെലിവറി ഫോർ ലെഗസിയുടെ 'ട്രീ ആൻഡ് ടർഫ് നഴ്സറി'.
ലോകകപ്പിെൻറ ഓരോ നിർമിതിയിലും വിസ്മയമൊളിപ്പിച്ച ഖത്തറിെൻറ മറ്റൊരു മാജിക്കാണ് ഇത്. ഫിഫാ അറബ് കപ്പ് മത്സരങ്ങൾക്കായി ഖത്തറിലെത്തിയ വിദേശ മാധ്യമ പ്രതിനിധികളും സ്വദേശി മാധ്യമങ്ങളും ഉൾപ്പെടെയുള്ള സംഘത്തിന് കഴിഞ്ഞദിവസമാണ് സുപ്രീം കമ്മിറ്റി ഉംസലാലിലെ ടർഫ് നഴ്സറിയിലേക്ക് യാത്ര ഒരുക്കിയത്. 20ഓളം പേരടങ്ങുന്ന സംഘം സ്ഥലത്തെത്തിയപ്പോൾ വരവേറ്റത് ടർഫ് നഴ്സറിക്ക് മേൽനോട്ടം വഹിക്കുന്ന സുപ്രീം കമ്മിറ്റി ലാൻഡ്സ്കേപ്പ് ആൻഡ് സ്പോർട്സ് ടർഫ് മാനേജ്മെൻറ് സീനിയർ മാനേജർ എൻജിനീയർ യാസൽ അൽ മുല്ല. മരുഭൂമിക്ക് നടുവിൽ മരങ്ങളും കുറ്റിച്ചെടികളും വിശാലമായ പുൽമൈതാനവുമായി പരന്നുകിടക്കുന്ന ഈ കാട് ഖത്തർ ലോകകപ്പിനായി ഒരുക്കിയ മറ്റൊരു അത്ഭുതം. ദോഹയുടെ നടുമുറ്റത്തെ കായിക ആസ്ഥാനമായ ആസ്പയർ പാർക്കിനോളം വലുപ്പം വരും എസ്.സിയുടെ ഈ ട്രീ നഴ്സറി. എന്നുവെച്ചാൽ 88 ഹെക്ടർ ചുറ്റളവ്. 8.80 ലക്ഷം ചതുരശ്ര മീറ്റർ നീളം. 2017 ലായിരുന്നു ലോകകപ്പിനായി കളിമുറ്റങ്ങളൊരുക്കാൻ പച്ചപ്പുൽ വെച്ചുപിടിപ്പിച്ചുകൊണ്ട് ഉംസലാലിൽ ട്രീം ആൻഡ് ടർഫ് നഴ്സറി ആരംഭിക്കുന്നത്.
സക്സസ് സ്റ്റോറി
2018 റഷ്യ ലോകകപ്പ് വേദികളിലൊന്നായ സെൻറ് പീറ്റേഴ്സ് ബർഗ് സ്റ്റേഡിയത്തിൽനിന്നും ഏറ്റവും അടുത്ത വേദിയായ മോസ്കോയിലെ ലുഷ്നികിയിലേക്ക് 750 കിലോമീറ്ററായിരുന്നു ദൂരം. നൊവ്ഗൊ റോഡിലേക്ക് 1120 കി.മീ. അങ്ങനെ ഓരോ വേദികൾക്കുമിടയിൽ 500ന് മുകളിൽ കിലോമീറ്റർ ദൂരങ്ങൾ. ഓരോ വേദികളിലെയും കാലാവസ്ഥയും മണ്ണും എന്തിനേറെ ടൈം സോണിൽ വരെയുണ്ടായി മാറ്റം. ഇവിടങ്ങളിലെ കളിമൈതാനങ്ങൾ ഓരോന്നും മണ്ണിനും കാലാവസ്ഥക്കുമനുസരിച്ച് മാറപ്പെട്ടിരുന്നു. ഓരോന്നിനും ഓരോ നിലവാരം. ഒരു സ്റ്റേഡിയത്തിൽ കളിച്ച ടീം മറ്റൊരു വേദിയിലെത്തുേമ്പാൾ ഈ മാറ്റം നന്നായി അനുഭവപ്പെടും. ഇതിനിടയിലാണ് ഖത്തറിൽ 75 കിലോമീറ്ററിനുള്ളിൽ എട്ട് വേദികളുമായി ലോകകപ്പ് എത്തുന്നത്. അപ്പോൾ, കളിമുറ്റമൊരുക്കുേമ്പാൾ സംഘാടകർ നിർദേശിച്ച ആശയമായിരുന്നു ടർഫ് നഴ്സറി. വിശാലമായ ഒരിടത്ത് നട്ടുപിടിപ്പിച്ച പുല്ല് വേരോടെ പറിച്ചെടുത്ത് ഓരോ വേദികളിലും പരിശീലന മൈതാനങ്ങളിലുമായി വെച്ചുപിടിപ്പിക്കുക എന്ന ആശയം. അങ്ങനെ തുടങ്ങിയ സംരംഭം ഇന്ന് വിജയകരമായി പൂർത്തിയാക്കിയതിെൻറ അഭിമാനത്തിലാണ് സുപ്രീം കമ്മിറ്റി.
അതുകൊണ്ടു തന്നെ, ഖത്തറിലെ എട്ട് വേദികളും 45 പരിശീലന മൈതാനങ്ങളിലും ഒരേ പുൽതകിടിയാണ് താരങ്ങളെ കാത്തിരിക്കുന്നത്. ലുസൈൽ സ്റ്റേഡിയത്തിലും അൽ തുമാമയിലും അൽ ബെയ്തിലും അവയോട് ചേർന്ന പരിശീലന മൈതാനങ്ങളിലുമെല്ലാം ഒരേ നിലവാരത്തിലുള്ള പുൽമൈതാനങ്ങളാണ് ഒരുക്കിയത്. സ്റ്റേഡിയത്തിെൻറ കെട്ടിലും മട്ടിലുമല്ലാതെ കളിമൈതാനത്തിെൻറ സ്വഭാവത്തിൽ എല്ലാം ഒരേ സ്റ്റാൻഡേഡ് തന്നെയെന്ന് സാരം.
നട്ടുപിടിപ്പിച്ച കാട്
ഹെക്ടർ കണക്കിന് പരന്നുകിടക്കുന്ന ടർഫ് നഴ്സറിക്കു പുറമെ, ചുറ്റുപാടുമായി മരങ്ങൾ വെച്ചുപിടിപ്പിച്ച് കാടുകളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യ, തായ്ലൻഡ്, സ്പെയിൻ, മലേഷ്യ തുടങ്ങി വിവിധ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്തും ഖത്തറിലെ പൊതുജനങ്ങളിൽനിന്ന് സ്വീകരിച്ചതുമായ തൈകൾ വെച്ചുപിടിപ്പിച്ചാണ് കൃത്രിമ കാട് സൃഷ്ടിച്ചത്. വളർന്ന് പാകമായശേഷം ലോകകപ്പ് സ്റ്റേഡിയങ്ങളോട് ചേർന്ന പാർക്കുകളിലും പൂന്തോട്ടങ്ങളിലുമായി വെച്ചുപിടിപ്പിച്ചു. 60,000 മരങ്ങളാണ് ഇവിടെയുള്ളത്. പാകമായത് പറിച്ചുനടുേമ്പാൾ, ആ സ്ഥാനത്ത് മെറ്റാരു മരം തളിരിടുകയായി. അങ്ങനെ, ഹരിതാഭമാവുന്ന ഖത്തറിെൻറ സ്വപ്നങ്ങൾക്ക് ഉംസലാലിലെ ഈ വിശാലമായ ഭൂമി പച്ചപ്പും തണലും വിരിക്കുകയാണ്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ടർഫ് നഴ്സറിയായി ഇവിടം മാറിയതായി തുടക്കം മുതൽ പ്രവർത്തനങ്ങൾക്ക് ശാസ്ത്രീയ മേൽനോട്ടം വഹിക്കുന്ന എൻജിനീയർ യാസിർ അൽ മുല്ല 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ഖത്തറിെൻറ പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ലോകകപ്പ് എന്ന ആശയത്തിെൻറ ഏറ്റവും വലിയ അടയാളപ്പെടുത്തൽ കൂടിയാണ് ഇതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. സമീപത്തുള്ള മലിനജല സംസ്കാര പ്ലാൻറിൽനിന്നും ശുദ്ധീകരിച്ച് എത്തുന്ന വെള്ളമാണ് കൃഷിക്കായി ഉപയോഗപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.