കുവൈത്ത് സിറ്റി: ഇന്ത്യൻ മൈനകൾ കുവൈത്തിലും വ്യാപകമാകുന്നു. രാജ്യത്തെ പക്ഷി, വന്യജീവി സാന്നിധ്യത്തെ സമ്പന്നമാക്കി പലയിടങ്ങളിലായി അവ പറന്നുനടക്കുന്നു. ചെറു ശബ്ദത്തിൽ ശ്രദ്ധ ക്ഷണിക്കുന്നു. ഇന്ത്യൻ മൈനകൾ കുവൈത്ത് പരിസ്ഥിതിക്ക് ഭീഷണിയല്ലെന്നും പക്ഷി, വന്യജീവി സാന്നിധ്യത്തെ വിപുലപ്പെടുത്തുന്നതായും കുവൈത്ത് എൻവയൺമെന്റൽ ലെൻസസ് മേധാവി റഷീദ് അൽ ഹാജി വ്യക്തമാക്കി. മൈനകൾ സാമൂഹിക ചുറ്റുപാടിൽ ജീവിക്കുന്നതും ബുദ്ധിശാലിയുമായ പക്ഷിയാണ്. 30 വർഷത്തിലേറെയായി കുവൈത്തിൽ അറിയപ്പെടുന്ന പക്ഷിയാണിവ. ശബ്ദങ്ങളെ ഉത്തേജിപ്പിക്കാനും ഏത് അന്തരീക്ഷവുമായി പൊരുത്തപ്പെടാനും ഇവക്ക് കഴിവുണ്ടെന്നും അൽ ഹാജി കൂട്ടിച്ചേർത്തു.
ഇന്ത്യൻ മൈനകൾ കൂടുതലും തെക്ക് ഏഷ്യയിലാണ് കണ്ടുവരുന്നത്. അറബ് ഉപദ്വീപിലേക്കുള്ള നുഴഞ്ഞുകയറ്റക്കാരായി ഇവയെ കണക്കാക്കപ്പെടുന്നു. എന്നാൽ, അറബ് മേഖലയിലെ കഠിനമായ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ അവക്കു കഴിഞ്ഞു. സാധാരണ മൈനയെ തവിട്ടുനിറത്തിലുള്ള ശരീരവും കറുത്ത തലയും കണ്ണിനു പിന്നിലെ മഞ്ഞ പാടും മഞ്ഞ നിറത്തിലുള്ള കൊക്കുംകൊണ്ട് തിരിച്ചറിയാം. പുറംചിറകിൽ വെളുത്ത വരപോലെയും കാണാം. ശല്യക്കാരല്ലാത്ത ശാന്ത സ്വഭാവമുള്ള പക്ഷികളാണിവ.
ഏപ്രിലിൽ ആരംഭിച്ച് ജൂലൈ വരെ നീണ്ടുനിൽക്കുന്നതാണ് മൈനകളുടെ കൂടുകെട്ടൽ കാലയളവ്. പാറക്കെട്ടുകളുടെ അരികുകളിലും നഗരപ്രാന്തപ്രദേശങ്ങളിലെ കെട്ടിടങ്ങളിലും പോലും ഇവ കൂടുണ്ടാക്കാൻ ഇഷ്ടപ്പെടുന്നതായും റഷീദ് അൽ ഹാജി പറഞ്ഞു. കേരളീയ നാട്ടുമൈനകൾക്കൊപ്പം നോർത്ത് ഇന്ത്യയിലെ ബാങ്ക് മൈനകളെയും കുവൈത്തിൽ കാണാമെന്ന് പക്ഷിനിരീക്ഷകനും ഫോട്ടോഗ്രാഫറുമായ മലയാളി ഇർവിൻ സെബാസ്റ്റ്യൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.