പശ്ചിമ അബൂദബിയിലെ പ്രകൃതിരമണീയമായ ആകർഷണമാണ് സർ ബനിയാസ് ദ്വീപ്. അബൂദബിയിലെ വന്യജീവി സങ്കേതവും പ്രകൃതി സംരക്ഷണ കേന്ദ്രവുമായ അറേബ്യൻ വൈൽഡ്ലൈഫ് പാർക്ക് ഈ ദ്വീപിലാണ്. അവിശ്വസനീയവും അതിലേറെ ആശ്ചര്യകരവുമായ രീതിയിൽ സ്വൈര്യ വിഹാരം നടത്തുന്ന 17,000ത്തിലധികം മൃഗങ്ങളുടെ ആവാസ കേന്ദ്രം. അറേബ്യൻ ഒറിക്സ്, സോമാലിയൻ ഒട്ടകപ്പക്ഷി, ഗസൽ, മാൻ, റെറ്റിക്യുലേറ്റഡ് ജിറാഫുകൾ, ഡോൾഫിനുകൾ, കടലാമകൾ തുടങ്ങി ഒട്ടേറെ ജീവജാലങ്ങളും മുപ്പതോളം ഇനം സസ്തനികളും ദ്വീപിൽ വിഹരിക്കുന്നു. നൂറിലധികം ഇനം കാട്ടുപക്ഷികളിൽ പലതും 'സ്വദേശികൾ' ആണെന്നതും പ്രത്യേകത.
പൂർണ്ണമായും പുനരുപയോഗം ചെയ്യുന്ന വസ്തുക്കളിൽ നിന്ന് നിർമ്മിച്ച പാർക്ക് പരിസ്ഥിതി സംരക്ഷണത്തിെൻറ പ്രതീകമാണ്. അബൂദബി എമിറേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട മരുഭൂ ദ്വീപുകളിലൊന്നാണ് സർ ബനിയാസ്. യു.എ.ഇയിലെ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ഏതു കാലാവസ്ഥയിലും വിനോദ സഞ്ചാരത്തിന് അനുയോജ്യമായ കേന്ദ്രം. ഈ ദ്വീപിെൻറ ചരിത്രം പ്രസിദ്ധമായ ബനിയാസ് ഗോത്രവുമായി ബന്ധപ്പെട്ടതാണ്. വെങ്കലയുഗത്തിനുശേഷം അബൂദബി എമിറേറ്റിനെ താമസകേന്ദ്രമാക്കി മാറ്റിയ ആദ്യ ഗോത്രമാണിത്. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ ഈ ദ്വീപിലേക്ക് രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ളവരെ അതിഥികളായി വരവേറ്റു. അവർക്ക് താമസവും കടൽ മൽസ്യ വിഭവങ്ങളോടെയുള്ള ഭക്ഷണവും യാത്രാ സൗകര്യവും അദ്ദേഹത്തിെൻറ കാലത്ത് ദ്വീപിൽ സൗജന്യമായിരുന്നു.
1977ൽ സർബനിയാസ് ദ്വീപിൽ വേട്ടയാടൽ നിരോധിച്ചു. വന്യജീവി സംരക്ഷണ കേന്ദ്രമായി ദ്വീപ് വികസിപ്പിച്ചു. വംശനാശഭീഷണി നേരിടുന്ന പല വന്യജീവികളുടെയും പക്ഷികളുടെയും ആവാസ കേന്ദ്രമാക്കി. ബനിയാസ് ദ്വീപിെൻറ പകുതിയോളം വരും അറേബ്യൻ വൈൽഡ്ലൈഫ് പാർക്ക്. സന്ദർശകരെ ഇവിടേക്ക് ആകർഷിക്കുന്നതിന് എല്ലാ അടിസ്ഥാന, വിനോദ സേവനങ്ങളും ഇവിടെ സജ്ജം.
ദമ്പതികൾക്കും കുടുംബങ്ങൾക്കും വ്യക്തികൾക്കും രാപ്പാർക്കാനും ആസ്വദിക്കാനും അനുയോജ്യമായ വേറിട്ടൊരു സ്ഥലം. മലിനീകരണത്തിൽ നിന്ന് അകന്നുനിൽക്കുന്ന സുഖവാസ സങ്കേതം. ദ്വീപിെൻറ വിവിധ പ്രദേശങ്ങളിൽ സ്വതന്ത്രമായി സഞ്ചരിക്കാം. വന്യജീവി കാഴ്ചകൾക്കു പുറമെ സാഹസിക പ്രവർത്തനങ്ങളും സന്ദർശകർക്ക് ലഭ്യം. പ്രകൃതി പാതകളിലൂടെ സൈക്ലിങ്, മൗണ്ടൻ ബൈക്കിങ് സൗകര്യവുമുണ്ട്.
ഡെസേർട്ട് ഐലൻറ്സ് റിസോർട്ട് ആൻഡ് സ്പായുടെ കീഴിലാണിപ്പോൾ ദ്വീപ്. പാർക്കിലെ പ്രകൃതി മനോഹാരിതയും വന്യജീവികളെയും വളരെ അടുത്ത് കാണുന്നതിന് ഫോർവീൽ വാഹന സവാരിയും സഞ്ചാരികൾക്കിവിടെ ലഭിക്കും. താമസ സൗകര്യത്തിന് ആറ് സ്വകാര്യ ലോഡ്ജുകളും, മൂന്ന് റെസ്റ്റാറൻറുകൾ, ഒരു സ്പാ, ഹെൽത്ത് ക്ലബ്, ചിൽഡ്സ് ക്ലബ് എന്നിവയും സർ ബനിയാസ് ദ്വീപ് റിസോർട്ടിൽ ഉണ്ട്.
എങ്ങിനെ എത്താം
അബൂദബി നഗരത്തിൽ നിന്ന് 250 കിലോമീറ്റർ പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്ന ജെബൽദാന ജെട്ടിയിൽ നിന്ന് ബോട്ടിൽ സർബനിയാസിലെത്താം. എന്നാൽ ബോട്ടുയാത്രക്ക് പ്രീ ബുക്കിങ് വേണം. ശൈഖ് ഖലീഫ ഹൈവേയിലൂടെ (അബൂദബി - അൽ ഗുവൈഫാത്ത് ഹൈവേ) താരിഫ്, അൽ മിർഫ, ബെയ്നൂന, അൽ റുവൈസ് എന്നീ ഭാഗങ്ങൾ കഴിഞ്ഞശേഷം ബനിയാസ് ഐലൻറ് യാസിലേക്കുള്ള എക്സിറ്റ് 113ലൂടെ ജെബൽദാന ജെട്ടിയിലെത്താം. ജെബൽ ദാന മറീനയിൽ വാഹനം പാർക്ക് ചെയ്യാം. അവിടെ നിന്നാണ് ബോട്ടു യാത്ര ആരംഭിക്കുന്നത്.
റിസർവേഷൻ
അനന്തറ റിസോർട്സ് അല്ലെങ്കിൽ ഡനാൾട്ട് ജെബൽ ദാന റിസോർട്ട് വഴി അറേബ്യൻ വൈൽഡ്ലൈഫ് പാർക്ക് സന്ദർശിക്കാനുള്ള റിസർവേഷൻ നടത്താം. സർ ബനിയാസ് ദ്വീപിലെ അനന്തറ റിസോർട്ടുകളുമായി 02 8015400 എന്ന നമ്പരിലോ, ഡനാൾട്ട് ജെബൽ ദാന റിസോർട്ടുമായി 02 8012222 എന്ന നമ്പരിലോ ബന്ധപ്പെടാം. എല്ലാ മാസവും സന്ദർശകർക്ക് അറേബ്യൻ വൈൽഡ്ലൈഫ് പാർക്ക് സന്ദർശിക്കാമെങ്കിലും ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് സന്ദർശനത്തിന് നല്ല സമയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.