ഷാർജ അൽ മജാസിലെ അൽ നൂർദ്വീപിൽ പോയാൽ ചിത്രശലഭങ്ങൾ നമ്മുടെ മനസിൽ നിറകൂട്ടുകൾ ചാലിക്കും.
വരിഞ്ഞുമുറുകിയ മനസ് ശാന്തമാകും. പച്ചിലപടർപ്പുകളിൽ നിന്ന് പൂമ്പാറ്റകളുടെ ജീവിത ചക്രം ഇറങ്ങിവന്ന് നമുക്ക് ചുറ്റും വിസ്മയങ്ങൾ ചാർത്തും. വാഹനങ്ങൾ ഇരമ്പിയാർക്കുന്ന റോഡുകൾക്കിടയിലെ കടലുമായി ചേർന്ന് കിടക്കുന്ന ഖാലിദ് തടാകത്തിലെ അൽ നൂർ ദ്വീപിലെ ചിത്രശലഭങ്ങളുടെ വീട്ടിൽ ഒരുവട്ടമെങ്കിലും പോകണം.
ഒരു ചിത്രശലഭം എങ്ങനെ പിറവി കൊള്ളുന്നുവെന്നും ശിഷ്ടകാലം എങ്ങനെയെല്ലാം ജീവിക്കുന്നു എന്നെല്ലാം അക്കമിട്ട് പറഞ്ഞുതരും അത്യപൂർവ്വമായ ഈ പൂമ്പാറ്റ വീട്. പ്യൂപ്പകൾ ചിത്രശലഭങ്ങളായി രൂപാന്തരപ്പെടുന്ന വിസ്മയക്കാഴ്ച ഏതൊരു സഞ്ചാരിയുടെയും മനം കവരാൻ പാകത്തിലുള്ളതാണ്. ചിത്രശലഭങ്ങളുടെ തനത് ആവാസ വ്യവസ്ഥക്ക് പോറലേൽപ്പിക്കാതെ പ്രകൃതിയിൽ നിന്ന് പഠിച്ച് പാകപ്പെടുത്തിയാണ് പൂമ്പാറ്റവീടുകൾ അണിയിച്ചൊരുക്കിയിരിക്കുന്നത്.
കിഴക്കനേഷ്യൻ രാജ്യങ്ങളിൽ നിന്നും തെക്കേ അമേരിക്കയിൽ നിന്നുമെത്തിയ ഇരുപതിലധികം ചിത്രശലഭങ്ങൾ ദിനംപ്രതി പെരുകുകയാണിവിടെ. ഓരോ രണ്ടാഴ്ചയിലുമെത്തിക്കുന്ന പ്യൂപ്പകൾ പ്രത്യേകം സജ്ജീകരിച്ച ചില്ലുകൂട്ടിൽ പരിപാലിക്കുന്നു. പ്രകൃതിയുടെ പാട്ട് കേട്ട് ചിറകണിയുന്ന പൂമ്പാറ്റകൾ ശലഭവീട്ടിലേക്ക് പറന്നിറങ്ങുന്ന കാഴ്ച്ച പ്രകൃതിയുടെ ആഴത്തോളം മനസിനെ കൊണ്ട്പോകും.
ചിത്രശലഭങ്ങൾ മാത്രമല്ല ദ്വീപിലുള്ളത്. സസ്യങ്ങളും വൃക്ഷങ്ങളും വള്ളിപടർപ്പുകളും ധാരാളമുണ്ട്. തണുപ്പേറിയതോടെ ദേശാടന പക്ഷികളും വിരുന്നെത്തിയിട്ടുണ്ട്. രാവും പകലും ചില്ലകൾ നിറയെ കിളിമൊഴികളാണ്. സന്ധ്യക്ക് മരങ്ങൾ സംഗീതമയമാകും.
ദ്വീപിലേക്കുള്ള പാലവും അനുഭൂതി പകരുന്നതാണ്. പ്രകൃതിയെ പാലത്തിൽ നിന്നും വായിച്ചെടുക്കാം. ദ്വീപിലെ ജൈവസുന്ദര കാഴ്ച്ചകൾ രാവിലെ ഒമ്പത് മുതൽ രാത്രി രാത്രി 11 വരെ കാണാം. ശലഭങ്ങളുടെ വീട് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറു വരെയാണ് പ്രവർത്തിക്കുക. 35 ദിർഹമാണ് ദ്വീപിലേക്കുള്ള പ്രവേശനനിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.