കഴിഞ്ഞ ആഴ്ച ദുബൈയിൽ അവസാനിച്ച ലോക കലാകാരൻമാരുടെ സംഗമ വേദിയായ 'വേൾഡ് ആർട് ദുബൈ'യിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കലാകാരിയായിരുന്നു സിദ്ദീഖ ജുമാ. അറബ് വൈകാരികതയുമായി ഏറ്റവും അടുത്തുനിൽക്കുന്ന വ്യതിരിക്തമായ കലാസൃഷ്ടികളിലൂടെയാണ് അവർ ശ്രദ്ധനേടിയത്. ഇസ്ലാമിക് ആർടിന്റെ മേഖലയിൽ ലോകത്ത് തന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്ന കലാകാരിയാണ് ജുമാ. ഹജ്ജ് യാത്രയിൽ പ്രചോദിതയായി വരച്ച ചിത്രങ്ങളുമായാണ് വേൾഡ് ആർട് ദുബൈയിൽ ഇവരെത്തിയത്. മികവു പുലർത്തിയ ചിത്രകാരികൾക്കുള്ള അവാർഡും പ്രദർശനത്തിൽ ഇവരെ തേടിയെത്തി.
ജന്മസിദ്ധമായി ലഭിച്ച കഴിവുകളെ കാലങ്ങളെടുത്ത് പരിപോഷിപ്പിച്ച് വളർന്നുവന്നതാണ് ഇവർ. കിഴക്കനാഫ്രിക്കയിലെ താൻസാനിയയിൽ ജനിക്കുകയും പിന്നീട് ബ്രിട്ടനിലേക്ക് താമസം മാറുകയും ചെയ്ത കുടുംബമാണ് ഇവരുടേത്. ജന്മനാട്ടിൽ നിന്നു തന്നെയാണ് വരകളുടെ ലോകത്തേക്ക് പ്രവേശിക്കുന്നത്. മകളെ ഫാർമസിസ്റ്റായി കാണാൻ ആഗ്രഹിച്ച മാതാപിതാക്കളെ 'ധിക്കരിച്ചാണ്' ചിത്രകലയുടെ മേഖലയിൽ കരിയർ പടുത്തുയർത്തിയത്. എട്ടാമത്തെ വയസിലാണ് ആദ്യമായി ജുമായുടെ ഒരു ചിത്രം പ്രദേശിക പത്രത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്നത്. പിതാവ് ബ്രിട്ടീഷ് എംബസിയിലെ ജീവനക്കാരനായിരുന്നതാണ് താൻസാനിയയിൽ നിന്ന് താമസം മാറാൻ കാരണമായത്. അപ്പോൾ ഇവർക്ക് 13വയസായിരുന്നു.
ലണ്ടനിൽ പഠിച്ചുവളർന്ന ജുമാ, 'ആഫ്രിക്കൻ ഈവന്റ്സ്' എന്ന പേരിൽ ഒരു പ്രസിദ്ധീകരണവും പബ്ലിഷ് ചെയ്തിരുന്നു. ഗ്രാഫിക് ഡിസൈനർ എന്ന നിലയിലാണ് ആദ്യ കാലത്ത് ജോലി ചെയ്തത്. എന്നാൽ വിവാഹാനന്തരം മക്കളുടെ വളർച്ചയിൽ ശ്രദ്ധിക്കുന്നതിന് ജോലി ഉപേക്ഷിച്ചു. ഇക്കാലയളവിൽ തന്റെ കുട്ടിക്കാല ഹോബിയായ ചിത്രരചനയിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ സാധ്യമായി. തന്റെ പാരമ്പര്യത്തോടും വിശ്വാസത്തോടും ചേർന്ന് നിന്നാണ് കലയെ വികസിപ്പിച്ചത്. ഇതാണ് ഇസ്ലാമിക് ആർട് എന്ന മേഖലയിൽ പ്രവർത്തിക്കാനുള്ള പശ്ചാത്തലം. ഹജ്ജ് യാത്രയെ തുടർന്ന് വരച്ച ചിത്രങ്ങളാണ് ഈ മേഖലയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്.
ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട നിരവധി സംഭവ വികാസങ്ങളോട് പ്രതികരണമായും ജുമാ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ലണ്ടിനും മാഞ്ചസ്റ്ററിലുമുണ്ടായ സ്ഫോടനങ്ങൾ, ന്യൂസീലാൻഡ് പള്ളിയിലെ കൂട്ടക്കല, അമേരിക്കയിലെ കറുത്തവർഗക്കാരനായ ഫ്ലോയിഡ് ജോർജിന്റെ കൊലപാതകം, കോവിഡ് അതിജീവനം തുടങ്ങിയ ചിത്രങ്ങൾ അവയിൽ ശ്രദ്ധിക്കപ്പെട്ടതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ചിത്ര പ്രദർശനങ്ങൾ കാണാനും സ്വന്തം രചനകൾ പരിചയപ്പെടുത്താനും സമയം കണ്ടെത്തി മുന്നോട്ടുപോകണമെന്നാണ് ആഗ്രഹമെന്ന് വിനയത്തോടെ ഈ കലാകാരി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.