ആത്മവിശ്വാസത്തിന്റെ പ്രതിരൂപമാണ് മുഹമ്മദ് ഷഫീഖ്. ഒന്നര പതിറ്റാണ്ട് മുൻപ് ജീവിതം അവസാനിച്ചു എന്ന് കരുതിയിടത്ത് നിന്ന് ഉയർത്തെഴുന്നേറ്റ ജൻമം. ഇപ്പോഴിതാ, ഇന്ത്യൻ ഫുട്ബാൾ ടീമിലും കയറിയിരിക്കുകയാണ് മലപ്പുറം ചേളാരി പടിക്കൽ സ്വദേശി ഷഫീഖ് പാണക്കാടൻ. ഇറാനിൽ നടന്ന പാരാ ആംപ്യൂട്ടി ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി ഒറ്റക്കാലിൽ ബൂട്ടണിഞ്ഞ ഷഫീഖ് തിരികെ നേരെ എത്തിയത് ദുബൈയിലാണ്. ഭിന്നശേഷിക്കാരെ ചേർത്തുപിടിക്കുന്ന ദുബൈയിൽ തന്നെ തുടരണമെന്നാഗ്രഹിക്കുന്ന ഷഫീഖിന്റെ പുതിയ വിശേഷങ്ങൾ...
വെസ്റ്റ് ഏഷ്യൻ ആംപ്യൂട്ടി ഫുട്ബാളിൽ പങ്കെടുക്കാനാണ് ഇറാനിലേക്ക് പോയത്. ആദ്യമായാണ് ഇങ്ങനൊരു ഇന്റർനാഷനൽ ടൂർണമെന്റിലേക്ക് ഇന്ത്യക്ക് സെലക്ഷൻ കിട്ടുന്നത്. ഇന്ത്യ ഉൾപെടെ അഞ്ച് രാജ്യങ്ങളായിരുന്നു കളിക്കളത്തിൽ. ജയിക്കാൻ കഴിഞ്ഞില്ലെങ്കിലും ലോക ചാമ്പ്യൻമാർ ഉൾപെടെയുള്ള കരുത്തൻമാരുമായി ഏറ്റുമുട്ടാൻ കഴിഞ്ഞത് ജീവിതത്തിലെ തന്നെ വലിയൊരു അനുഭവമായിരുന്നു. 18 അംഗ ടീമിൽ അഞ്ച് മലയാളികളുമുണ്ടായിരുന്നു.
തൃശൂരിലെ പരിശീലനത്തിന് ശേഷമാണ് ഇറാനിലേക്ക് പുറപ്പെട്ടത്. പ്രതാപൻ സാറിന് കീഴിൽ മികച്ച പരിശീലനമായിരുന്നെങ്കിലും സർക്കാരിൽ നിന്ന് യാതൊരു സഹായവും ലഭിച്ചില്ല എന്നത് നിരാശാജനകമാണ്. ഒരുപക്ഷെ, സർക്കാർ സഹായത്തോടെ സൗകര്യങ്ങൾ ഒരുക്കിയിരുന്നെങ്കിൽ കൂടുതൽ മികച്ച പ്രകടനം നടത്താൻ കഴിയുമായിരുന്നു. മറ്റുള്ള രാജ്യങ്ങളിലെ ഇതുപോലുള്ള താരങ്ങളെ എങ്ങിനെയാണ് അവർ ചേർത്തുപിടിക്കുന്നത് എന്ന് അവരുടെ കളി കണ്ടപ്പോൾ മനസിലായി. സ്വകാര്യ വ്യക്തികളുടെ സ്പോൺസർഷിപ്പിലാണ് ഞങ്ങൾ കളിക്കാൻ പോയത്.
ഈ കാൽ നഷ്ടപ്പെട്ടില്ലായിരുന്നെങ്കിൽ ഇന്ന് ദുബൈയിൽ നിന്ന് നമ്മൾ ഇങ്ങനെ സംസാരിക്കുമായിരുന്നോ ?. കാൽ നഷ്ടപ്പെട്ടത് അനുഗ്രഹമായാണ് ഞാൻ കണക്കാക്കുന്നത്. 2004ലാണ് അപകടമുണ്ടായത്. പത്താം ക്ലാസ് കഴിഞ്ഞ സമയമായിരുന്നു. റോഡിലൂടെ നടന്നുപോയ എന്നെ ഇടിച്ചുവീഴ്ത്തിയ ടാങ്കർ ലോറിയുടെ പിന്നിലെ ടയറുകൾ എന്റെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. ഒരുപാട് ശസ്ത്രക്രിയകൾക്ക് വിധേയമായി. കാൽ നഷ്ടപ്പെട്ട ശേഷം ആദ്യ ദിവസങ്ങളിൽ പുറത്തിറങ്ങാൻ പ്രയാസമുണ്ടായിരുന്നു. അതിന് കാരണം മറ്റുള്ളവരുടെ കാഴ്ചപ്പാടാണ്.
എന്തിനാണ് പുറത്തിറങ്ങുന്നതെന്ന മനോഭാവമായിരുന്നു പലരുടെയും. ഭിന്നശേഷിക്കാർ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഈ മനോഭാവമാണ്. കാൽ നഷ്ടപ്പെട്ട ശേഷമാണ് ഞാൻ ലോകം കണ്ട് തുടങ്ങിയത്. എനിക്ക് പോകാൻ കഴിയില്ലെന്നും ചെയ്യാൻ കഴിയില്ലെന്നും കരുതിയിരുന്ന പലതും ചെയ്യാൻ കഴിഞ്ഞു. നാട്ടുകാരും കുടുംബക്കാരും സുഹൃത്തുക്കളുമെല്ലാം പിന്തുണ നൽകി. 100ൽ പത്ത് പേരെങ്കിലും നെഗറ്റീവ് പറഞ്ഞിരുന്നു. അവരാണ് എനിക്ക് വാശിയുണ്ടാക്കിയത്. നെഗറ്റീവിനെ പോസിറ്റീവാക്കണമെന്നായിരുന്നു എന്റെ വാശി.
എന്നെപോലുള്ള ഒരുപാട് പേരുണ്ട് ഈ ലോകത്ത്. മറ്റുള്ളവരെ പോലെ അവർക്കും സഞ്ചരിക്കാനും ജീവിക്കാനും കഴിയണം. മാനസിക ബുദ്ധിമുട്ടിന്റെ പേരിൽ പുറത്തിറങ്ങാൻ കഴിയാത്തവരുണ്ടെങ്കിൽ അവർക്ക് പ്രചോദനമേകുക എന്നതാണ് എന്റെ ലക്ഷ്യം. മറ്റുള്ളവർ ബുള്ളറ്റിൽ ട്രിപ്പ് പോകുന്നത് പോലെ ഞങ്ങൾക്കും സഞ്ചരിക്കാൻ കഴിയണം. ഇതിനായി മുച്ചക്ര വാഹനത്തിൽ ഒരു കൂട്ടയാത്ര പ്ലാൻ ചെയ്തിരുന്നു. പക്ഷെ, അവസാന നിമിഷം പലരും പിൻമാറി.
എന്തെങ്കിലും പറ്റിയാൽ ആര് സഹായിക്കും എന്നതായിരുന്നു അവരുടെ ആശങ്ക. ഈ ആശങ്ക പരിഹരിക്കാനാണ് ഞാൻ രണ്ട് സംസ്ഥാനങ്ങളിലൂടെ ഒറ്റക്ക് യാത്ര ചെയ്തത്. നാടുകാണി, ഗുണ്ടൽപേട്ട്, ബന്ധിപുർ വഴിയായിരുന്നു യാത്ര. ബന്ധിപൂർ വനത്തിൽ കുടുങ്ങിയ കുടുംബത്തിന് തുണയാകാനും ഈ യാത്രയിൽ കഴിഞ്ഞു. ഇനിയും യാത്രകൾ ചെയ്യണം. മറ്റുള്ളവരെകൊണ്ട് യാത്ര ചെയ്യിക്കുകയും വേണം. മറ്റുള്ളവരുടെ പിന്നിലല്ല സഞ്ചരിക്കേണ്ടത്. ഒന്നുകിൽ മുന്നിൽ, അല്ലെങ്കിൽ അവരോടൊപ്പം.
People of determination (നിശ്ചയദാർഡ്യക്കാർ) എന്നാണ് ഭിന്നശേഷിക്കാരെ ദുബൈ വിളിക്കുന്നത്. എത്ര മനോഹരമായ പേരാണത്. നമ്മുടെ നാട്ടിൽ ഇപ്പോഴും സർക്കാർ രേഖകളിൽ വികലാംഗർ എന്നാണ്. മറുഭാഗത്ത് അവർ തന്നെ പറയുന്നു വികലാംഗർ എന്ന് പറഞ്ഞാൽ കേസെടുക്കാമെന്ന്. നാട്ടിൽ ഭിന്നശേഷി സൗഹൃദം കടലാസിൽ മാത്രമേയുള്ളു. ഓരോ സ്ഥലങ്ങളിലും റാമ്പ് വേണമെന്ന് അപേക്ഷ കൊടുക്കാറുണ്ടെങ്കിലും പാലിക്കപ്പെടാറില്ല.
പുതിയ കെട്ടിടങ്ങളിൽ റാമ്പ് വേണമെന്ന നിയമം ഉണ്ടെങ്കിലും ലൈസൻസ് കിട്ടുന്നതോടെ ഇത് അഴിച്ചുമാറ്റും. ദുബൈ നേരെ തിരിച്ചാണ്. എക്സ്പോയിൽ ഒറ്റക്കാണ് ഞാൻ പോയത്. ബസും മെട്രോയുമെല്ലാം ഭിന്നശേഷി സൗഹൃദമാണ്. കണ്ണുകാണാത്തവർക്കും ഇവിടെ അനായാസം സഞ്ചരിക്കാം. അത്രത്തോളം ചേർത്തുപിടിക്കുന്നുണ്ട് ദുബൈ. ഞങ്ങളെ പോലുള്ളവരുടെ കായിക മേഖലക്കും ഇവർ നൽകുന്ന പിന്തുണ വലുതാണ്. അതുകൊണ്ട്, നല്ലൊരു ജോലി കിട്ടിയാൽ ഇവിടെ തന്നെ തുടരണമെന്നാണ് ആഗ്രഹം. ജോലിക്കൊപ്പം സ്പോർട്സും മുന്നോട്ടു കൊണ്ടുപോകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.