എക്സ്പോയിലെ സിറിയൻ പവലിയനിലേക്ക് കയറിയാൽ കേരള പവലിയനാണോ എന്ന് സംശയിക്കുന്നവരെ തെറ്റ് പറയാൻ കഴിയില്ല. അത്രയേറെ മലയാള വാക്കുകളാണ് ഇവിടെ എഴുതിവെച്ചിരിക്കുന്നത്. ഒരുപക്ഷെ, കഴിഞ്ഞുപോയ കേരളവാരത്തിന്റെ സമയത്ത് ഇന്ത്യൻപവലിയനിൽ പോലും അത്രയധികം മലയാള വാക്കുകൾ മിന്നിമറഞ്ഞിട്ടുണ്ടാവില്ല. അക്ഷരങ്ങളിൽ തങ്ങളുടേതായ ചരിത്രമുള്ളവരാണ് സിറിയക്കാർ. അറബിയിൽ നിന്ന് മലയാളത്തിലേക്ക് കടംകൊണ്ട വാക്കുകളാണ് ഇവിടെ എഴുതിവെച്ചിരിക്കുന്നത്.
നമ്മൾ നിത്യ ജീവിതത്തിൽ എഴുതിവെച്ചിരിക്കുന്ന വാക്കുകൾ പോലും ഇവിടെ കാണാം. വാപ്പ, ഉമ്മ, ഇത്ത, താക്കീത്, പത്തിരി, കരാർ, മാപ്പ്, ജില്ല, ഹരജി, തർജമ, ജപ്തി, ബാക്കി, കശാപ്പ്, ചെകുത്താൻ, മൈതാനം, തവണ, തകരാർ തുടങ്ങിയവയെല്ലാം ഇവിടെ പച്ചമലയാളത്തിൽ എഴുതിവെച്ചിട്ടുണ്ട്. മറ്റുള്ളവർക്ക് മനസിലാകാനായി അറബിയിലും ഇംഗ്ലീഷിലും ഈ വാക്കുകൾ കുറിച്ചിരിക്കുന്നു. അറബിയിൽ നിന്ന് നേരിട്ട് കടംകൊണ്ട, മലയാളികളുടെ നിത്യ സംസാരഭാഷയായ ദുനിയാവ്, ഖബർ, കബൂൽ, ഖൽബ്, കിസ്മത്ത്, ഹജൂർ പോലുള്ള വാക്കുകളും ഇവിടെ കാണാം. മലയാളത്തിന് പുറമെ നിരവധി ഹിന്ദി വാക്കുകളും എഴുതിയിട്ടുണ്ട്. ആദ്യത്തെ അക്ഷരമാല കണ്ടെത്തിയത് ഞങ്ങളാണെന്ന് ഇവർ പറയുന്നു.
ക്രിസ്തുവിന് 1400 വർഷം മുൻപ് അക്ഷരമാല ഇവിടെ കാണാം. കല്ലിൽ എഴുതിയ ഈ അക്ഷരമാലയാണ് ലോകത്തെ ആദ്യത്തെ അക്ഷരങ്ങൾ എന്നാണ് സിറിയക്കാരുടെ അവകാശവാദം. 30 അക്ഷരങ്ങൾ ഇതിലുണ്ട്. ഈ കല്ലിന്റെ രൂപവും പ്രദർശിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ ഭാഷയാണ് അറബി ഉൾപെടെയുള്ള പലഭാഷകളെയും പിന്നീട് സ്വാധീനിച്ചതെന്നാണ് ഇവർ പറയുന്നത്. അക്ഷരം മാത്രമല്ല, സംഗീതവും ആദ്യമായി പിറവികൊണ്ടത് സിറിയയിലാണെന്ന് പവലിയനിൽ എഴുതിവെച്ചിരിക്കുന്നു. ബി.സി 2600ൽ എഴുതപ്പെട്ട കവിതയെ കുറിച്ച് പവലിയനിൽ വിശദമാക്കുന്നുണ്ട്. 'മ്യൂസിക് ഫ്രം ഉഗറിത്' എന്ന പേരിൽ ഇവിടെ കവിതയുടെ ചരിത്രം എഴുതിവെച്ചിട്ടുണ്ട്. കുട്ടികളുണ്ടാകാൻ വേണ്ടി സിറിയൻ സ്ത്രീ അവരുടെ ദൈവത്തോട് പ്രാർഥിച്ചതാണ് ഈ കവിത. ഇതിനെ കുറിച്ച് വിശദമാക്കുന്ന വീഡിയോ പ്രദർശനവും കാണാം.
ലക്ഷക്കണക്കിന് വർഷങ്ങൾ മുൻപുള്ള ചരിത്രം പറയുന്ന നാടാണ് സിറിയ. ക്രിസ്തുവിന് മുൻപ് 18 ലക്ഷം വർഷം മുൻപ് ഇവിടെ ആളുകൾ ജീവിച്ചിരുന്നു എന്നാണ് സിറിയൻ പവലിയൻ പറയുന്നത്. ഇതിന്റെ തെളിവായി ചിത്രം സഹിതമാണ് വിവരണം. അക്ഷരങ്ങളുടെ മാത്രമല്ല, ലോകത്തിന്റെ തന്നെ തുടക്കം മുതൽ തങ്ങളുടെ ചരിത്രം അവഗണിക്കാൻ കഴിയാത്തതാണെന്ന് ഈ പവലിയൻ പറഞ്ഞുതരുന്നു. സിറിയയുടെ കാർഷിക സമൃദ്ധിയും ഇവിടെ കാണാം. ഏതൊക്കെ നഗരത്തിൽ എന്തൊക്കെ കൃഷി ചെയ്യുന്നുന്ന് ചിത്രം സഹിതം വിവരിക്കുന്നു. സിറിയയിൽ മാത്രമുണ്ടാകുന്ന പ്രത്യേക ഗോതമ്പും ഇവിടെ സംവിധാനിച്ചിരിക്കുന്നു., സാധാരണ ഗോതമ്പുകൾക്ക് രണ്ട് കതിരാണെങ്കിൽ സിറിയയിലേതിന് ഒറ്റ കതിരാണ്. അയാം സിറിയൻ എന്ന പേരിലുള്ള ചിത്രപ്രദർശനവും ഇവിടെയുണ്ട്. നമ്മളെല്ലാം മനുഷ്യരാണ് എന്ന സന്ദേശമാണ് ഈ പ്രദർശനം നൽകുന്നത്. പവലിയന്റെ അവസാന ഭാഗത്ത് കാണുന്ന ചിത്രപ്പണികളാൽ തീർത്ത 1500ഓളം മരപ്പലകകൾ ആരെയും അത്ഭുതപ്പെടുത്തും. ലോകത്തിന്റെ പലഭാഗങ്ങളിലുള്ള സിറിയക്കാർ മരപ്പലകകളിൽ എഴുതിയും വരച്ചും നൽകിയ സന്ദേശമാണിത്. നമുക്ക് ഒരുമിച്ച് മുന്നേറാം എന്ന സന്ദേശമാണ് ഇതിലൂടെ നൽകന്നത്. പരമ്പരാഗത സിറിയൻ കലാശിൽപങ്ങളും രൂപങ്ങളും കണ്ട് മനസ് നിറഞ്ഞായിരിക്കും ഈ പവലിയനിൽ നിന്ന് പടിയിറങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.