ഷാർജ: പക്ഷികളുടെ ലോകം അതിരുകളും കാവൽക്കാരും ഇല്ലാത്ത സഹിഷ്ണുത മാത്രം കളിയാടുന്ന സ്നേഹമാണ്. കാലാവസ്ഥക്ക് അനുസരിച്ച് അവ കൂടുകൾ മാറികൊണ്ടിരിക്കും. അതിനായി പലരാജ്യങ്ങൾ താണ്ടും. പോകുന്നിടത്ത് മുട്ടയിട്ട് അടയിരിക്കും. ഓരോ രാജ്യത്തും ഇവിടെ വന്നിരുന്നുവെന്നതിന് തെളിവായി തലമുറകളെ കൂടിരുത്തും. യു.എ.ഇയിൽ മഞ്ഞുകാലം വന്നതോടെ ആയിരക്കണക്കിന് പക്ഷികളാണ് വിരുന്നെത്തിയിരിക്കുന്നത്. അബുദബിയിലെ പുൽമേടുകൾ, ഷാർജയിലെ ജുബൈൽ, കൽബ, ഖോർഫക്കാൻ, ഹിസ്ൻ ദിബ്ബ, ദുബൈയിലെ റാസൽഖോർ, അജ്മാനിലെ അൽ സൊറ, റാസൽഖൈമയിലെ കണ്ടൽനിലങ്ങൾ, ഉമ്മുൽഖുവൈനിലെ കായൽപരപ്പുകൾ, ഫുജൈറയിലെ മലയോരങ്ങൾ, അൽഐനിലെ ഉദ്യാനങ്ങൾ തുടങ്ങിയ ഇടങ്ങളിലെല്ലാം തൂവെള്ള വിതറി പറന്നിറങ്ങുന്ന പക്ഷി ചന്തമാണ്.
ശൈത്യ കാലത്ത് സൈബീരിയയിൽ നിന്നാണ് പ്രധാനമായും പക്ഷികൾ എത്തുന്നത്. യു.എ.ഇയിൽ ധാരാളം സംരക്ഷിത മേഖലകൾ ഉള്ളതിനാൽ സ്വൈരവിഹാരം നടത്താൻ പക്ഷികൾക്കാവുന്നു. കൂട്ടമായാണ് ഇവ ഇരതേടി ഇറങ്ങുന്നതും ചേക്കേറുന്നതും. പുൽമേട്ടിൽ പറന്നിറങ്ങി ഇവ സ്വയം ചിത്രങ്ങളായി മാറുന്നത് കാണേണ്ട കാഴ്ച്ചയാണ്. മരങ്ങളും കെട്ടിടങ്ങളും തോട്ടങ്ങളുമാണ് ഇവയുടെ വിശ്രമകേന്ദ്രങ്ങൾ. തടാകത്തിൽ താണിറങ്ങി വന്ന് വെള്ളം കുടിക്കുന്നതോടൊപ്പം ചെറുമത്സ്യങ്ങളെ റാഞ്ചിപ്പറക്കാനും ഇവ മിടുക്കരാണ്.
എമിറേറ്റിലേക്ക് വിരുന്നെത്തുന്ന ദേശാടന പക്ഷികളെ വേട്ടയാടുന്നവർക്കെതിരെ ശക്തമായ നടപടികള്‍ കൈകൊള്ളാന്‍ ഷാർജ എക്സിക്യുട്ടിവ് കൗൺസിൽ തിരുമാനിച്ചിട്ടുണ്ട്. വേട്ടയാടല്‍ പിടിക്കപ്പെട്ടാല്‍ 19,000 ദിർഹമാണ് പിഴ. ആവർത്തിക്കപ്പെട്ടാല്‍ പിഴ സംഖ്യ ഇരട്ടിക്കുമെന്ന് കൗൺസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഷാർജ ഉപഭരണാധികാരിയും എക്സിക്യുട്ടിവ് കൗൺസിൽ വൈസ് ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിന്‍ സാലിം അൽ ഖാസിമിയുടെ അധ്യക്ഷതയില്‍ ചേർന്ന കൗൺസിൽ യോഗത്തിലാണ് സുപ്രധാനമായ തിരുമാനമെടുത്തത്. വംശനാശ ഭീഷണി നേരിടുന്ന പക്ഷികള്‍, മൃഗങ്ങൾ, സസ്യങ്ങൾ, സമുദ്ര ജീവികള്‍ എന്നിവയെ സംരക്ഷിക്കാനും അവയെ വരും തലമുറക്കായി കാത്തുവെക്കാനും വൈവിധ്യമാര്‍ന്ന പദ്ധതികൾ ഷാർജയിൽ ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്.
സന്ദർശകരെ അനുവദിക്കാത്ത അല്‍ ബുസ്താന്‍ ഉദ്യാനം, സന്ദർശകർക്കായി തുറന്ന കൽബയിലെ ഹിഫായിയാ വന്യജീവി സങ്കേതം എന്നിവ വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ അത്താണിയാണ്. മൃഗങ്ങളുടെയും പക്ഷികളുടെയും പ്രജനനത്തിന് മാത്രമായി പ്രത്യേക സൗകര്യമാണ് ഷാർജ ഒരുക്കിയത്. വന്യ ജീവികളെ കൊണ്ട് വന്ന് കൂട്ടിലടക്കുന്ന പ്രവണത ഒഴിവാക്കി, അവരുടെ തനത് ആവാസ വ്യവസ്ഥ ഒരുക്കിയാണ് ഷാർജ സംരക്ഷണം നൽകുന്നത്. നിരവധി തോടുകളും കടലോരങ്ങളുമുള്ള ഷാർജയുടെ വൈവിധ്യമാർന്ന ഭൂപ്രകൃതി ദേശാടന പക്ഷികളെ ഇവിടേക്ക് ആകർഷിക്കുന്ന പ്രധാന ഘടകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.