കുവൈത്ത് സിറ്റി: നിയമം ലംഘിക്കുന്ന വ്യക്തികളെ അറസ്റ്റ് ചെയ്യാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധന തുടരുന്നു. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ച വിവിധ രാജ്യങ്ങളിൽനിന്നുള്ള 143 പ്രവാസികളെ അറസ്റ്റ് ചെയ്തു. റെസിഡൻസി, വർക്ക് ലോ എന്നിവയുമായി ബന്ധപ്പെട്ട ലംഘനത്തിനാണ് അറസ്റ്റ്. കൂടാതെ, ഒന്നിലധികം പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന രണ്ട് വ്യാജ വീട്ടുജോലിക്കാരുടെ ഓഫിസുകൾ പരിശോധനയിൽ കണ്ടെത്തി.
10 പ്രവാസികളെ ഭിക്ഷാടനത്തിനാണ് അറസ്റ്റ് ചെയ്തത്, ഏഴു പേരെ അനധികൃത വഴിയോര കച്ചവടത്തിനും ആറ് പേരെ ലൈസൻസില്ലാതെ റസ്റ്റാറന്റ് നടത്തിയതിനും കേസെടുത്തു. കൂടാതെ, മെഡിക്കൽ പ്രൊഫഷൻ പ്രാക്ടീസ് ചെയ്യുന്നയാൾ മതിയായ ലൈസൻസില്ലാതെ മരുന്നുകൾ കൈവശം വെച്ചതായി കണ്ടെത്തി. പ്രത്യേക ഓപറേഷനിൽ, അനധികൃത പ്രാദേശിക മദ്യനിർമാണ കേന്ദ്രം നടത്തിയ രണ്ടു പ്രവാസികളും പിടിയിലായി. കൂടാതെ, പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന 25 കുപ്പി വൈൻ ഇവരുടെ കൈയിൽനിന്ന് പിടികൂടി.
മെഡിക്കൽ ക്ലിനിക്കിൽ അനധികൃതമായി താമസിച്ചതിന് മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്തു. പരിശോധനയിൽ, സംഭരണത്തിനും പൊതുശുചിത്വത്തിനുമുള്ള വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ട കടകൾക്കൊപ്പം ലൈസൻസില്ലാത്ത മരുന്നുകളും കണ്ടെത്തി. അറസ്റ്റിലായവരെയെല്ലാം നിയമനടപടികൾക്കായി ഉന്നതാധികാരികൾ റഫർ ചെയ്തു. മേഖലയിലെ ക്രമസമാധാനപാലനത്തിനുള്ള മന്ത്രാലയത്തിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.