സാമ്പത്തിക പ്രതിസന്ധി: മലയാളി കുടുംബങ്ങള്‍  കൂട്ടത്തോടെ മടങ്ങുന്നു

കുവൈത്ത് സിറ്റി: പ്രവാസലോകത്തെ ജീവിതസാഹചര്യങ്ങള്‍ ദിനംപ്രതി ദുഷ്കരമാവുന്ന അവസ്ഥയില്‍ മലയാളി കുടുംബങ്ങള്‍ കൂട്ടത്തോടെ നാട്ടിലേക്ക്. സ്കൂളുകളില്‍ അക്കാദമിക വര്‍ഷം മാറുന്ന സമയമായതിനാല്‍ സാധാരണ കുടുംബത്തെ നാട്ടിലേക്ക് പറിച്ചുനടാന്‍ ആഗ്രഹിക്കുന്നവര്‍ അതിന് തെരഞ്ഞെടുക്കുന്ന കാലമാണെങ്കിലും ഇത്തവണ പ്രവാസം മതിയാക്കി മടങ്ങുന്ന കുടുംബങ്ങളുടെ എണ്ണം വളരെ കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്. എണ്നവിലത്തകര്‍ച്ചയുടെ ഭാഗമായി രാജ്യത്തിന്‍െറ മുകളില്‍  തൂങ്ങിനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിതന്നെയാണ് പ്രവാസികളെ തേടിയത്തെിയിരിക്കുന്ന പ്രധാന വില്ലന്‍. 
രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ളെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും എല്ലാരംഗത്തും അതിന്‍െറ അടയാളങ്ങള്‍ കണ്ടുതുടങ്ങിയതായാണ് അനുഭവം. പൊതുചെലവ് കുറക്കുന്നതിന്‍െറ ഭാഗമായി സര്‍ക്കാര്‍ സ്ഥാപനങ്ങളെല്ലാം ബജറ്റ് കുറച്ചുകഴിഞ്ഞു. ഏറെ ആനുകൂല്യങ്ങള്‍ നല്‍കപ്പെടുന്ന എണ്ണക്കമ്പനികളില്‍ വരെ നിയന്ത്രണങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ട്. സ്വകാര്യ കമ്പനികളും ചെലവുകള്‍ വെട്ടിക്കുറക്കുന്ന നടപടികള്‍ക്ക് തുടക്കമിട്ടു. 
ഇതിന്‍െറയെല്ലാം പ്രത്യാഘാതങ്ങള്‍ ആദ്യം അനുഭവിക്കേണ്ടിവരുന്നത് വിദേശ ജീവനക്കാരാണ്. നേരിട്ടുള്ള പിരിച്ചുവിടല്‍ വ്യാപകമായിട്ടില്ളെങ്കിലും പല സ്ഥാപനങ്ങളിലും വിദേശ ജോലിക്കാര്‍ക്ക് പിടിച്ചുനില്‍ക്കാനാവാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇതോടൊപ്പം, അവശ്യ സാധനങ്ങളുടെയും സേവനങ്ങളുടെയും നിരക്കുകളില്‍ വരാനിരിക്കുന്ന വര്‍ധനയും വിദേശികള്‍ക്ക് തിരിച്ചടിയാവുന്നു. പെട്രോള്‍, 
വൈദ്യുതി തുടങ്ങിയവയുടെയെല്ലാം നിരക്കില്‍ ഉടന്‍ വര്‍ധനയുണ്ടാവുമെന്നാണ് സൂചന. ഇവ നടപ്പാവുന്നതോടെ സാധനങ്ങളുടെ വിലയിലും കാര്യമായ വര്‍നധയുണ്ടാവും. ഒപ്പം, താമസയിടങ്ങളുടെ വാടകയും വര്‍ധിക്കും. ഇതുകൂടി മുന്നില്‍കണ്ടാണ് ചെറുതും ഇടത്തരം വരുമാനമുള്ളവരുമായ പ്രവാസികള്‍ കുടുംബങ്ങളെ നാട്ടിലേക്കയക്കുന്നത്. 
രാജ്യത്തെ ഇന്ത്യന്‍ സ്കൂളുകളില്‍നിന്ന് ഇത്തവണ നിരവധി വിദ്യാര്‍ഥികളാണ് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരിക്കുന്നത്. ഇതിന്‍െറ തോത് സാധാരണത്തേതിനെക്കാള്‍ ഏറെ കൂടുതലാണ് എന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഒരു പ്രമുഖ ഇന്ത്യന്‍ സ്കൂളില്‍നിന്നുമാത്രം ഇത്തവണ 600 ലേറെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റുകള്‍(ടി.സി) ഇഷ്യു ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. സാധാരണ 250ല്‍ താഴെ ഇഷ്യു ചെയ്യുന്നിടത്താണിത്. സ്കൂളുകളില്‍ ട്യൂഷന്‍ ഫീസിലെയും മറ്റു ഫീസുകളിലെയും വര്‍ധനയും പാഠപുസ്തകങ്ങളുടെ വിലക്കൂടുതലുമൊക്കെ രക്ഷിതാക്കളെ വലക്കുന്നു. 
സ്കൂളില്‍ പഠിക്കുന്ന ഒന്നില്‍ കൂടുതല്‍ മക്കളുള്ളവര്‍ക്ക് താങ്ങാനാവാത്ത രീതിയിലേക്ക് മാറിയിരിക്കുകയാണ് വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട ചെലവുകള്‍. ഇതും മലയാളി കുടുംബങ്ങളുടെ നാട്ടിലേക്കുള്ള കൂടുമാറ്റത്തിന് കാരണമാവുന്നുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.