കുവൈത്ത് സിറ്റി: പ്രവാസഭൂമികയിൽ മലയാളികളുടെ ശബ്ദവും സാന്നിധ്യവുമായി കാൽനൂറ്റാണ്ട് പിന്നിടുന്ന ‘ഗൾഫ് മാധ്യമം’ രജത ജൂബിലി ആഘോഷത്തിന് ഇന്ന് കുവൈത്ത് വേദിയാകും. വൈകീട്ട് ഹവല്ലി അമേരിക്കൻ ഇന്റർനാഷനൽ സ്കൂളിൽ നടക്കുന്ന ശിഫ അൽ ജസീറ ഗ്രൂപ് പ്രസന്റ്സ് മാംഗോ ഹൈപ്പർ ‘ഇളനീർ’ ആഘോഷം ‘ഗൾഫ് മാധ്യമത്തിന്റെ’ വിജയകഥകളുടെ അടയാളപ്പെടുത്തലാകും.
വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന ആഘോഷം കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്യും. ആധുനിക കേരളത്തെയും മലയാളിയെയും രൂപപ്പെടുത്തുന്നതിലും വികസിപ്പിക്കുന്നതിലും സ്വാധീനിച്ച വിവിധ വശങ്ങളെക്കുറിച്ച ഗൗരവമാർന്ന ചർച്ചയാണ് ‘ഇളനീരിന്റെ’ ആദ്യ സെഷൻ. ഇതിൽ കേരളവും മലയാള ഭാഷയും മലയാളിയുടെ ദേശാന്തര യാത്രകളും പോരാട്ടവും അതിജീവനവുമെല്ലാം ചർച്ചയാകും.
സാഹിത്യവും സിനിമയും സാംസ്കാരിക സാമൂഹിക ഘടകങ്ങളും കേരളത്തെ രൂപപ്പെടുത്തിയതും അതിൽ മാധ്യമങ്ങളും ‘മാധ്യമ’വും ‘ഗൾഫ്മാധ്യമവും’ നിർവഹിച്ച സംഭാവനകളും വിലയിരുത്തപ്പെടും. ‘എന്റെ സ്വന്തം കേരളം പറയുന്നതും പറയേണ്ടതും’ എന്ന പേരിലുള്ള ഈ സംവാദ സദസ്സിൽ ഒ. അബ്ദുറഹ്മാൻ (ഗ്രൂപ് എഡിറ്റർ, മാധ്യമം), മധുപാൽ (നടൻ, സംവിധായകൻ, എഴുത്തുകാരൻ), കെ.കെ. ബാബുരാജ് (സാമൂഹിക ചിന്തകൻ, എഴുത്തുകാരൻ), നിഷാദ് റാവുത്തർ (മാധ്യമ പ്രവർത്തകൻ) എന്നിവർ കേരളത്തിന്റെ ചരിത്ര, വർത്തമാനകാല വിലയിരുത്തലുകൾ അവതരിപ്പിക്കും.
ഗൗരവമേറിയ സംസാരങ്ങൾക്കൊപ്പം ഇളനീർ മധുരമൂറുന്ന ഗാനസന്ധ്യയും ‘ഗൾഫ് മാധ്യമം’ ഒരുക്കിയിട്ടുണ്ട്. കേട്ട് മതിവരാത്ത നിത്യഹരിത ഗാനങ്ങളുമായി പിന്നണിഗായിക സിത്താരയും മിഥുൻ ജയരാജും ബൽറാമും വേദിയിൽ ഉണ്ടാകും.
കുവൈത്ത് ഇന്‍ഫര്‍മേഷന്‍ മിനിസ്ട്രി പ്രതിനിധികൾ, ഇന്ത്യൻ എംബസി പ്രതിനിധികൾ, കുവൈത്തിലെ വ്യാപാര പ്രമുഖർ, സംഘടന-സാംസ്കാരിക പ്രവർത്തകർ എന്നിവരും `ഇളനീരി'ന്റെ ഭാഗമാകും. വൈകീട്ട് അഞ്ചുമുതൽ രാത്രി 10 വരെ തുടരുന്ന പരിപാടിയിൽ പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.