പരിസ്ഥിതി നിയമം ലംഘിച്ച  10 വിദേശികളെ നാടുകടത്തി

കുവൈത്ത് സിറ്റി: സസ്യങ്ങളുടെയും ജീവജാലങ്ങളുടെയും ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ പരിസ്ഥിതി നിയമലംഘനം നടത്തിയ 10 വിദേശികളെ നാടുകടത്തിയതായി പരിസ്ഥിതി പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റ് മേധാവി ജനറല്‍ ഹുസൈന്‍ അല്‍അജമി വെളിപ്പെടുത്തി. 
പൊതുയിടങ്ങളിലെ ചെടികളും മരങ്ങളും അലങ്കരിക്കാന്‍ കരാറേറ്റെടുത്ത കമ്പനിയിലെ തൊഴിലാളികളെയാണ് കൃത്യവിലോപം കാണിച്ച് അനാവശ്യമായി ചെടികള്‍ മുറിച്ച് വില്‍പന നടത്തിയതിന് പിടികൂടി നാടുകടത്തിയത്. ഭംഗിയായി നിലനിര്‍ത്താന്‍വേണ്ടി ചെടികളും സസ്യങ്ങളും പാകത്തിന് മുറിച്ച് മോടിപിടിപ്പിക്കാന്‍ ബന്ധപ്പെട്ട തൊഴിലാളികള്‍ക്ക് അവകാശമുണ്ടെങ്കിലും ആ അവസരം ദുരുപയോഗം ചെയ്ത് പ്രകൃതിനാശം വരുത്താന്‍ ആരെയും അനുവദിക്കില്ല. രാജ്യത്ത് ഏതാനും ആഴ്ചകള്‍ക്കുമുമ്പ് പ്രാബല്യത്തില്‍വന്ന പുതിയ പരിസ്ഥിതി നിയമത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള പ്രത്യേക സെന്‍ററിന്‍െറ നിര്‍മാണം പൂര്‍ത്തിയായതായി അദ്ദേഹം  പറഞ്ഞു. 
ജനങ്ങളുടെയും മറ്റും കൈയേറ്റത്തിന് ഇരയായ സസ്യങ്ങള്‍, ജീവജാലങ്ങള്‍ എന്നിവയെ സംരക്ഷിക്കാനും പരിചരിക്കാനുമുള്ള സൗകര്യങ്ങളും ഈ സെന്‍ററില്‍ ലഭ്യമായിരിക്കും. അതിനിടെ, പരിസ്ഥിതി നിയമം ശക്തമായി നടപ്പാക്കാനും നിയമം ലംഘിക്കുന്നവരെ പിടികൂടാനും രാജ്യത്തിന്‍െറ എല്ലാ ഭാഗത്തും പരിസ്ഥിതി പൊലീസിനെ വിന്യസിച്ചതായി ജനറല്‍ ഹുസൈന്‍ അജ്മി പറഞ്ഞു. മരുപ്രദേശങ്ങളിലെ ടെന്‍റ് മേഖല, നീര്‍ത്തടങ്ങള്‍, പെട്രോള്‍ ഉല്‍പാദന മേഖല മുതല്‍ അല്‍ മുത്തലാഅ് മരുപ്രദേശത്തുവരെ പരിസ്ഥിതി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
 ഇവരുടെ നിരീക്ഷണത്തില്‍ മരങ്ങള്‍, ചെടികള്‍, പുല്ലുകള്‍ എന്നിവ മുറിക്കുകയും പറിക്കുകയും ചെയ്യുന്നതായി കണ്ടത്തെിയാല്‍ സ്വദേശികളാണെങ്കില്‍ കോടതി നടപടികളിലേക്കും വിദേശികളാണെങ്കില്‍ ഉടന്‍ നാടുകടത്തല്‍ കേന്ദ്രത്തിലേക്കും മാറ്റുമെന്ന് അദ്ദേഹം ജനറല്‍ അജ്മി കൂട്ടിച്ചേര്‍ത്തു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.