കരിപ്പൂര്‍ എയര്‍പോര്‍ട്ട് അവഗണന: കെ.ഡി.എന്‍.എ പ്രതിഷേധ സംഗമം  സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വലിയ വിമാനങ്ങളുടെ സര്‍വിസ് പുനഃസ്ഥാപിക്കുക, അന്താരാഷ്ട്ര സര്‍വിസുകള്‍ ആരംഭിക്കുക, ഹജ്ജ് സര്‍വിസ് കോഴിക്കോട്ടേക്ക് മാറ്റുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കുവൈത്തിലെ കോഴിക്കോട് ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കോഴിക്കോട് ജില്ലാ എന്‍.ആര്‍.ഐ അസോസിയേഷന്‍െറ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. റണ്‍വേ വികസനത്തിന്‍െറ പേരില്‍ കോഴിക്കോട് എയര്‍പോര്‍ട്ടിന്‍െറ ചിറകരിയാനുള്ള ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് സെപ്റ്റംബര്‍ 15ന് മലബാര്‍ ഡെവലപ്മെന്‍റ് ഫോറത്തിന്‍െറ കീഴില്‍ കോഴിക്കോട്ട് നടക്കുന്ന കരിദിനാചരണത്തിനും പ്രതിഷേധ ധര്‍ണക്കും സംഗമം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. 15ന് കുവൈത്തില്‍നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന എല്ലാ യാത്രക്കാര്‍ക്കും കറുത്ത ബാഡ്ജ് നല്‍കും.

അബ്ബാസിയ ഫോക് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസിഡന്‍റ് അസിസ് തിക്കോടി അധ്യക്ഷത വഹിച്ചു. കെ.ഡി.എന്‍.എ അഡൈ്വസറി ബോര്‍ഡ് അംഗം കൃഷ്ണന്‍ കടലുണ്ടി ചര്‍ച്ച ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് ഹിക്മത് (കല കുവൈത്ത്), ചെസില്‍ രാമപുരം (രാമപുരം/ കോട്ടയം ജില്ലാ അസോസിയേഷന്‍), ടി.പി. അസിസ് (കേരള ഇസ്ലാഹി സെന്‍റര്‍), സാബു പീറ്റര്‍ (കേരള അസോസിയേഷന്‍), ജോയ് മുണ്ടേക്കാട് (കുട), അക്ബര്‍ വയനാട് (വയനാട് അസോസിയേഷന്‍), ഷെബിന്‍ പട്ടേരി (പയ്യോളി അസോസിയേഷന്‍), സലിം രാജ് (ഫോക്കസ് കുവൈത്ത്), അനിയന്‍ കുഞ്ഞ് (വെല്‍ഫെയര്‍ പാര്‍ട്ടി), അബൂബക്കര്‍ കൊയിലാണ്ടി (കല ആര്‍ട്), അലക്സ് മാനന്തവാടി (വയനാട്), സാജിത നസീര്‍ (കെ.ഡി.എന്‍.എ വനിതാ പ്രതിനിധി), കളത്തില്‍ അബ്ദുറഹ്മാന്‍ (കെ.ഡി.എന്‍.എ) എന്നിവര്‍ സംസാരിച്ചു. ആക്ടിങ് ജനറല്‍ സെക്രട്ടറി മുഹമ്മദലി അറക്കല്‍ വിഷയാവതരണം നടത്തി. പ്രോഗ്രാം കണ്‍വീനറും കെ.ഡി.എന്‍.എ വൈസ് പ്രസിഡന്‍റുമായ സുരേഷ് മാത്തൂര്‍ സ്വാഗതവും ഷിജിത് ചിറക്കല്‍ നന്ദിയും പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.