കുവൈത്ത് സിറ്റി: ഈ മാസം 21 മുതൽ രാജ്യത്ത് നടക്കുന്ന 26ാമത് അറേബ്യൻ ഗൾഫ് കപ്പിനുള്ള ഒരുക്കങ്ങൾ പൂർണം. ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന ടീമുകൾ എത്തുന്നതിന് മുമ്പ് കമ്മിറ്റിയുടെ എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയതായി മത്സര സമിതിയുടെ തലവൻ ഡോ. ഹമദ് അൽ ഷൈബാനി പറഞ്ഞു. മത്സരങ്ങൾ നടക്കുന്ന ജാബിർ അന്താരാഷ്ട്ര സ്റ്റേഡിയം, സുലൈബിക്കാത്ത് സ്റ്റേഡിയം എന്നിവയിൽ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
പങ്കെടുക്കുന്ന ടീമുകളുടെ പരിശീലനത്തിനായി എട്ടു സ്റ്റേഡിയങ്ങൾ തയാറാണ്. അറേബ്യൻ ഗൾഫ് കപ്പ് ഫെഡറേഷന്റെ ഡയറക്ടർ ബോർഡ് അംഗീകരിച്ച ടൂർണമെന്റിന്റെ എല്ലാ ചട്ടങ്ങളും ജി.സി.സി ഫെഡറേഷനുമായി ഏകോപിപ്പിച്ച് നടപ്പാക്കാൻ കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻഫർമേഷൻ ആൻഡ് കൾചർ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയും ടൂർണമെന്റിന്റെ സുപ്രീം സംഘാടക സമിതി ചെയർമാനുമായ അബ്ദുൽറഹ്മാൻ അൽ മുതൈരി എല്ലാ തയാറെടുപ്പുകളും സൂക്ഷ്മമായി പിന്തുടരുകയും നിർദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അറേബ്യൻ ഗൾഫ് കപ്പിന് എല്ലാ ജോലികളും പൂർത്തിയാക്കിയതായി പൊതുമരാമത്ത് മന്ത്രാലയവും വ്യക്തമാക്കി.
21ന് അർദിയ ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴിനാണ് ഉദ്ഘാടന ചടങ്ങ്. പിറകെ ആദ്യ മത്സരത്തിൽ രാത്രി എട്ടിന് ആതിഥേയരായ കുവൈത്ത് ഒമാനെ നേരിടും. രണ്ടാം മത്സരത്തിൽ രാത്രി 10ന് സുലൈബിക്കാത്ത് ജാബിർ അൽ മുബാറക് സ്റ്റേഡിയത്തിൽ ഖത്തറും യു.എ.ഇയും ഏറ്റുമുട്ടും. കുവൈത്ത്, ബഹ്റൈൻ, ഇറാഖ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, യമൻ എന്നിവയാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മറ്റു രാജ്യങ്ങൾ. മത്സര ടിക്കറ്റ് ബുക്കിങ്ങിനായി ‘ഹയകോം’ ആപ് സംഘാടക സമിതി പുറത്തിറക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.