ചെങ്ങന്നൂരിന് അടുത്തുള്ള ഞാൻ പഠിച്ച വെൺമണി മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിലെ ക്രിസ്മസ് കരോൾ സർവിസ് ഓർമകളിലാണ് എന്റെ ക്രിസ്മസ് ആഘോഷങ്ങളുടെ തുടക്കം. അതിനു മുമ്പേ വീട്ടിൽ ക്രിസ്മസ് നക്ഷത്രങ്ങൾ തെളിഞ്ഞു തുടങ്ങും. പുൽക്കൂട് ഒരുങ്ങും. ഞങ്ങളുടെ ഗ്രാമത്തിൽ ജാതി മത ദേദമന്യേ എല്ലാ വീടുകളിലും നക്ഷത്രങ്ങൾ തെളിഞ്ഞിട്ടുണ്ടാകും. പിന്നെ ക്രിസ്മസ് പരീക്ഷ കഴിയാനുള്ള കാത്തിരിപ്പാണ്. പരീക്ഷ കഴിഞ്ഞ് സ്കൂൾ അടക്കുന്നതോടെ കരോൾ സംഘത്തിനൊപ്പം ചേരും. എല്ലാ വീടുകളിലും ക്രിസ്മസിന്റെ സന്തോഷം പങ്കുവെക്കാനെത്തും.
ഡ്രംസ് കൊട്ടി പാട്ടും സന്തോഷവുമായാകും ആ തണുത്ത രാത്രിയിലെ യാത്രകൾ. കരോളിൽ പാടാൻ വിവിധ പാട്ടുകൾ നേരേത്ത പഠിച്ചുവെച്ചിട്ടുണ്ടാകും. ക്രിസ്മസ് വിളക്ക് പിടിച്ച് ഒരാൾ മുന്നിൽ നടക്കും. ക്രിസ്മസ് ഫാദറായി പലപ്പോഴും ആ യാത്രകളിൽ ഞാൻ മാറി. ഏറ്റവും അവസാനം ഏതേലും ഒരു വീട്ടിൽനിന്ന് ഭക്ഷണവും കഴിച്ചായിരിക്കും പിരിഞ്ഞുപോക്ക്. കപ്പയും പൊറോട്ടയും ബീഫും മീൻ കറിയുമൊക്കെയായി പല കുടുംബങ്ങളും ഞങ്ങളെ കാത്തിരിക്കുന്നുമുണ്ടാകും. ചില വീടുകളിൽനിന്ന് ക്രിസ്മസ് കേക്കും ലഭിക്കും.
സമ്മാനവുമായി എത്തുന്ന ക്രിസ്മസ് പപ്പ ആഘോഷത്തെ വരവേൽക്കാൻ പള്ളി മുഴുവനും വർണ കടലാസുമായി ഞങ്ങൾ അലങ്കരിക്കും. അപ്പോഴേക്കും രാത്രിയായിട്ടുണ്ടാകും. എല്ലാം കഴിഞ്ഞ് ഒന്നിച്ചു കപ്പയും കട്ടൻ കാപ്പിയും കുടിച്ച് പള്ളിയിൽതന്നെ ഉറങ്ങും. പിറ്റേ ദിവസമാകും പള്ളിയിലെ ക്രിസ്മസ് കരോൾ സർവിസ്. ആ ദിവസമാണ് കുട്ടികൾക്ക് സമ്മാനങ്ങളുമായി ക്രിസ്മസ് പപ്പ വരിക. ഞങ്ങൾക്കും സമ്മാനങ്ങൾ ലഭിക്കും. പിന്നെ ക്രിസ്മസ് പുലരിക്കായുള്ള കാത്തിരിപ്പാണ്.
ക്രിസ്മസ് ദിവസം വീട്ടിൽ വെള്ളയപ്പവും ഇറച്ചിക്കറിയുമാകും പ്രഭാത ഭക്ഷണം. ഉച്ചക്ക് പോത്തിറച്ചി കൂട്ടിയുള്ള ക്രിസ്മസ് സ്പെഷൽ വിഭവവുമുണ്ടാകും. വെൺമണിയിലെ വൈ.എം.സി.എയുടെ ഐക്യ ക്രിസ്മസ് കരോൾ റാലിയാണ് പിന്നെയുള്ള ആകർഷണം. ജാതി, മത, സഭ ദേദമന്യേ എല്ലാവരും ആ കരോൾ റാലിയിലും പൊതു സമ്മേളനത്തിലും പങ്കെടുക്കുന്നു. ഇന്നും അതങ്ങനെ തുടരുന്നു.
വിവിധ പള്ളികളുടെ പ്ലോട്ടുകൾ വാഹനങ്ങളിൽ മനോഹരമായി അലങ്കരിച്ചു കൊണ്ടുപോയിരുന്നത് ഇന്നും ഓർമയിലുണ്ട്. ബാന്റും ചെണ്ടമേളവും മറ്റു കലാപരിപാടികളും റാലിയിലുണ്ടാകും. വെൺമണി കല്യാത്ര ജങ്ഷനിൽ കൂടുന്ന എക്യുമിനിക്കൽ പൊതുസമ്മേളനം എടുത്തു പറയേണ്ട ഒന്നാണ്. വിവിധ മതങ്ങളുടെ മേലധ്യക്ഷന്മാരും രാഷ്ട്രീയ പ്രതിനിധികളും ഒന്നിച്ചു വരുന്ന ആ മഹാസമ്മേളനത്തിൽ നാട്ടിലെ എല്ലാവരും പങ്കെടുക്കും.
മനോഹരമായ വെടിക്കെട്ടും ക്രിസ്ത്യൻ ഗാനമേളയോടെയുമാകും അന്ത്യം. അങ്ങനെ ആ വർഷത്തെ എന്റെ ക്രിസ്മസ് അവസാനിക്കും. ഇന്ന് പ്രവാസജീവിതത്തിനിടയിൽ ഏറ്റവും മനോഹരമായി ഉള്ളിലുള്ളതും കുട്ടിക്കാലത്തെ ആ ആഘോഷ ദിനങ്ങളാണ്. അന്നത്തെ മധുരമായ ക്രിസ്മസ് ഓർമകൾ മനസ്സിൽ സൂക്ഷിച്ച് മറ്റൊരു ആഘോഷത്തിനായുള്ള കാത്തിരിപ്പിലാണിപ്പോൾ. മനുഷ്യർക്ക് സമാധാനമെന്തെന്ന് തിരിച്ചറിയാൻ കർത്താവിന്റെ വരവ് ഓർമപ്പെടുത്തുന്നതാണ് ഓരോ ക്രിസ്മസും. പരസ്പരം സ്നേഹിച്ചും പങ്കിട്ടും മറ്റുള്ളവരെ കരുതിയും ഈ വർഷത്തെ ക്രിസ്മസിന്റെ നല്ല ഓർമകളിലായിരിക്കാൻ എല്ലാവർക്കും സാധിക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.