കുവൈത്ത് സിറ്റി: ഗൾഫ് കപ്പ് തയാറെടുപ്പുകൾ വിലയിരുത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം ആക്ടിങ് അണ്ടർസെക്രട്ടറി മേജർ ജനറൽ അലി അൽ അദ്വാനി ജാബർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ ഫീൽഡ് സെക്യൂരിറ്റി അംഗങ്ങളുമായി യോഗം ചേർന്നു. ടൂർണമെന്റിന്റെ സുരക്ഷ, ട്രാഫിക്, ലോജിസ്റ്റിക് തയാറെടുപ്പുകൾ എന്നിവ യോഗം അവലോകനം ചെയ്തു.
ഗൾഫ് കപ്പിന്റെ സമഗ്ര സുരക്ഷ, ട്രാഫിക് പദ്ധതി എന്നിവ നടപ്പാക്കാൻ ചുമതലപ്പെടുത്തിയ വിവിധ ഫീൽഡ് സെക്ടറുകളുടെ തയാറെടുപ്പുകൾ യോഗത്തിൽ മേജർ ജനറൽ അൽ അദ്വാനിയെ ധരിപ്പിച്ചു. എല്ലാ വിഭാഗങ്ങളും തമ്മിലുള്ള ഏകോപനം അനിവാര്യമാണെന്ന് യോഗം ഉണർത്തി. ലഭ്യമായ എല്ലാ വിഭവങ്ങളും തന്ത്രപരവും സംഘടിതവുമായ രീതിയിൽ വിനിയോഗിച്ച് ഇവന്റിന്റെ വിജയകരമായ നിർവഹണം ഉറപ്പാക്കണമെന്നും സൂചിപ്പിച്ചു. സുരക്ഷ, ട്രാഫിക് പദ്ധതികൾ നടപ്പിലാക്കുന്നതിന് ഉത്തരവാദികളായ ഫീൽഡ് സെക്യൂരിറ്റി മേധാവികൾ തമ്മിലുള്ള സമ്പൂർണ സഹകരണത്തിന്റെ പ്രാധാന്യവും യോഗം അടിവരയിട്ടു.
ടൂർണമെന്റ് സുഗമവും സുരക്ഷിതവുമായി പൂർത്തിയാക്കാൻ എല്ലാ തയാറെടുപ്പുകളും നിലവിലുണ്ടെന്നും സുരക്ഷ, ട്രാഫിക് സേനകളുമായി സഹകരിക്കാനും പൊതുജനങ്ങളോടും മേജർ ജനറൽ അൽ അദ്വാനി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.