കുവൈത്ത് സിറ്റി: രാജ്യത്ത് കാലാവസ്ഥ മാറ്റത്തിന്റെ ലക്ഷണങ്ങൾ പ്രകടമാക്കി ചാറ്റൽ മഴ എത്തി. ചൊവ്വാഴ്ച രാവിലെ മുതൽ പലയിടങ്ങളിലും മഴ ലഭിച്ചു. പകൽ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായിരുന്നു. മഴ എത്തിയതോടെ താപനിലയിലും ഇടിവുണ്ടായി. ചൊവ്വാഴ്ച ഉച്ചക്ക് ശരാശരി 25 ഡിഗ്രി സെൽഷ്യസിലേക്ക് താപനില താഴ്ന്നു.
അസ്ഥിരമായ കാലാവസ്ഥ കാരണം പൗരന്മാരോടും താമസക്കാരോടും ജാഗ്രതയും കരുതലും പുലർത്തണമെന്ന് ജനറൽ ഫയർഫോഴ്സ് അറിയിച്ചു. വാഹനം ഓടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും അപകടങ്ങൾക്ക് കാരണമാകുന്ന തരത്തിൽ വാഹനം ഡ്രൈവ് ചെയ്യരുതെന്നും അധികൃതർ നിർദേശിച്ചു.
സഹായം ആവശ്യമുള്ളവർക്ക് 112 എന്ന എമർജൻസി നമ്പറിൽ വിളിക്കാമെന്നും അറിയിപ്പു നൽകി. എന്നാൽ മഴ ശക്തി പ്രാപിക്കാത്തതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി.
ഞായറാഴ്ച മുതൽ രാജ്യത്ത് താപനിലയിൽ കുറവുവന്നുതുടങ്ങിയിരുന്നു. രാവിലെയും രാത്രിയും നേരിയ തണുപ്പും കാറ്റും പതിവായിരുന്നു. ഇതിന് പിറകെയാണ് ചൊവ്വാഴ്ച ചാറ്റൽ മഴ എത്തിയത്. വേനൽ കാലത്തുനിന്നും രാജ്യം ശൈത്യകാലത്തിലേക്ക് മാറുന്നതിന്റെ ലക്ഷണമായാണ് മഴയെ കണക്കാക്കുന്നത്. വരും ദിവസങ്ങളിൽ രാജ്യത്ത് താപനിലയിൽ കുറവുണ്ടാകുകയും പതിയെ തണുപ്പു സീസണിലേക്ക് നീങ്ങും.
മഴക്കാലം മുന്നിൽ കണ്ട് എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഹൈവേകളിലെ മാൻഹോൾ കവറുകൾ മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. മഴക്കാലത്ത് രക്ഷാപ്രവർത്തനങ്ങള്‍ നല്‍കുന്നതിനും അടിയന്തര സഹായങ്ങള്‍ എത്തിക്കുന്നതിനുമായി ഓപറേഷന് റൂം സജ്ജമാക്കും.
കാലാവസ്ഥാ മാറ്റത്തിന്റെ ഘട്ടത്തില്‍ സീസണല്‍ അസുഖങ്ങള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.