കുവൈത്ത് സിറ്റി: നിർമാണ വസ്തുക്കളിൽ മായം കണ്ടെത്തിയതിനെ തുടർന്ന് 15 ഫാക്ടറികൾ പൂട്ടിച്ചു. രാജ്യത്തെ ഏറ്റവും വലിയ 48 കല്ല് നിർമാണ ഫാക്ടറികളിലാണ് വാണിജ്യ പബ്ലിക് അതോറിറ്റി പരിശോധന നടത്തിയത്. ഇതിൽ ഏകദേശം മൂന്നിലൊന്ന് പൂട്ടിയത് നിർമാണ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കും. ഉൽപന്നങ്ങൾക്ക് നിർദിഷ്ട മാനദണ്ഡം അനുസരിച്ചുള്ള ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയാണ് നടപടി. നിർമാണ സാമഗ്രികളുടെ വിലക്കയറ്റം നേരത്തേ തന്നെ പ്രതിസന്ധി സൃഷ്ടിക്കുന്ന മേഖലക്ക് കനത്ത ആഘാതമാണ് 15 ഫാക്ടറികൾ പൂട്ടിയത്. ഇതു വീണ്ടും വിലക്കയറ്റത്തിന് കാരണമാകുമെന്ന് ആശങ്കയുണ്ട്.
ബ്രിക്സ് ഫാക്ടറികളാണ് ഇപ്പോൾ പൂട്ടിച്ചതെന്നതിനാൽ അവയുടെ വിലയിലാണ് പെെട്ടന്നുള്ള വർധന പ്രതീക്ഷിക്കുന്നത്. കോവിഡ് ആരംഭിച്ചതിനു ശേഷം നിർമാണ വസ്തുക്കളിൽ 30 ശതമാനം വില വർധനയുണ്ടായി. നിരവധി അസംസ്കൃത വസ്തുക്കൾക്ക് 40 ശതമാനം വില വർധിച്ചതായി കരാറുകൾ പറയുന്നു. ചരക്കുനീക്കത്തിനുള്ള ചെലവും വർധിച്ചു.
കൺസ്ട്രക്ഷൻ കാർഗോ ഷിപ്പുകളുടെ മറൈൻ ഇൻഷുറൻസ് തുകയും വർധിച്ചു. കോവിഡ് പ്രതിസന്ധിയും ചൈന, ഇന്ത്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് കസ്റ്റംസ് ഡ്യൂട്ടി ചുമത്തുന്നതുമാണ് കുവൈത്തിൽ നിർമാണ അസംസ്കൃത വസ്തുക്കൾക്ക് വില കയറാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. പല റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളും പാതിവഴിയിൽ നിർത്തിവെച്ചിരിക്കുകയാണ്. പ്രാഥമിക ഘട്ടത്തിലുള്ളവ തൽക്കാലം നിർമാണം ആരംഭിക്കാതെ നല്ല സമയത്തിനായി കാത്തിരിക്കുകയാണ്. കോവിഡ് പശ്ചാത്തലത്തിൽ പുതിയ വൻകിട പദ്ധതികൾ കുവൈത്ത് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. സ്വകാര്യ റിയൽ എസ്റ്റേറ്റ് രംഗവും കിതപ്പിലാണ്. ആയിരക്കണക്കിന് തൊഴിൽ സൃഷ്ടിച്ചിരുന്ന മേഖലയാണ് മാന്ദ്യം അഭിമുഖീകരിക്കുന്നത്.
യന്ത്രങ്ങൾ പ്രവർത്തിക്കാതെ കിടക്കുന്നതിനാൽ കേടാകുമെന്ന ആശങ്കയുമുണ്ട്.
ഉൽപന്നങ്ങളുടെ വില വർധനക്കൊപ്പം ജോലിക്കാരുടെ ക്ഷാമവും കൂലി ഉയർന്നതും റെഗുലർ, ടെക്നിക്കൽ ജോലിക്കാരെ പുതിയ വിസയിൽ കൊണ്ടുവരാനുള്ള പ്രയാസങ്ങളും മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. കഴിഞ്ഞ വർഷം നിരവധി വിദേശ തൊഴിലാളികൾ കുവൈത്ത് വിട്ടു. പുതിയ വിസയിൽ കുറച്ചുപേർ മാത്രമേ വന്നിട്ടുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.