കുവൈത്ത് സിറ്റി: 'അഗ്നിപഥ്: കൊള്ളുമോ അതോ പൊള്ളുമോ' തലക്കെട്ടിൽ വെൽഫെയർ കേരള കുവൈത്ത് അബ്ബാസിയ ഗാർഡൻ യൂനിറ്റ് ഓൺലൈൻ ഡിബേറ്റ് നടത്തി. ഗാർഡൻ യൂനിറ്റ് പ്രസിഡന്റ് കെ. മൊയ്തു പരിപാടിക്ക് നേതൃത്വം നൽകി.
കേന്ദ്ര വൈസ് പ്രസിഡന്റ് ഖലീലുറഹ്മാൻ അവതാരകനായി. രാഷ്ട്രീയ നിരീക്ഷകൻ പി.പി. അബ്‌ദുറസാഖ്, സാമൂഹിക പ്രവർത്തക മെഹ്ബൂബ അനീസ് എന്നിവർ പങ്കെടുത്തു. തൊഴിലില്ലായ്മക്കെതിരായ പ്രതിഷേധമല്ല രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കയാണ് പ്രതിഷേധങ്ങളിൽ നിഴലിച്ചതെന്ന് പി.പി. അബ്ദുറസാഖ് പറഞ്ഞു.
തൊഴിലില്ലായ്മക്കെതിരെയാണെങ്കിൽ സമരം നേരത്തെ നടക്കേണ്ടതായിരുന്നു. ചരിത്രത്തിലില്ലാത്ത വിധം തൊഴിലില്ലായ്മയും തൊഴിൽ നഷ്ടവും സാമ്പത്തിക ബുദ്ധിമുട്ടുകളും നോട്ട് നിരോധത്തിന് ശേഷം രാജ്യത്ത് അനുഭവപ്പെട്ടിട്ടുണ്ടെന്നും അന്നില്ലാത്ത പ്രതിഷേധമാണ് ഇപ്പോൾ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 50 ലക്ഷത്തോളം യുവാക്കൾ ഓരോ വർഷവും രാജ്യത്ത് കലാലയങ്ങളിൽനിന്ന് ബിരുദം നേടി തൊഴിൽ അന്വേഷിച്ച് ഇറങ്ങുന്നുണ്ടെന്നും അവർക്ക് ജോലി ലഭിക്കുന്നില്ലെന്നും മെഹബൂബ അനീസ് പറഞ്ഞു.
സർക്കാർ മേഖലയിലെ ഒഴിവുകൾ പോലും നികത്തുന്നില്ല. സൈന്യത്തിൽ 15 വർഷം സേവനം ചെയ്ത് വിരമിക്കുന്നവർക്ക് ജോലി നൽകാൻ കഴിയാത്തവർ നാലുവർഷ സേവനത്തിന് ശേഷം ജോലി നൽകുമെന്ന് പറയുന്നത് വിശ്വസനീയമല്ലെന്ന് അവർ കൂട്ടിച്ചേർത്തു.ജസീൽ ചെങ്ങളാൻ, അംജദ് അഹ്മദുണ്ണി എന്നിവർ സാങ്കേതിക സഹായം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.