കുവൈത്ത് സിറ്റി: പെരുന്നാളിനുമുമ്പ് നാട്ടിലെത്താൻ ടിക്കറ്റെടുത്തവർക്ക് എയർഇന്ത്യ എക്സ്പ്രസിന്റെ ഇരുട്ടടി. വ്യാഴാഴ്ച രാത്രി 11.30ന് കുവൈത്തിൽനിന്ന് കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി. വ്യാഴാഴ്ചയിലെ യാത്ര റദ്ദാക്കിയ എയർ ഇന്ത്യ അധികൃതർ വെള്ളിയാഴ്ച രാവിലെ അഞ്ചിനു വിമാനം പുറപ്പെടുമെന്ന് യാത്രക്കാർക്ക് സന്ദേശം അയച്ചിട്ടുണ്ട്. വിമാനത്തിന്റെ സാങ്കേതിക തകരാറാണ് യാത്രാതടസ്സത്തിന് കാരണമായി പറയുന്നത്. യാത്ര മുടങ്ങിയവർക്ക് ടിക്കറ്റുകൾ റദ്ദാക്കാനും മറ്റൊരു ദിവസത്തേക്ക് മാറ്റാനും അവസരം നൽകും.
വ്യാഴാഴ്ച രാത്രി കുവൈത്തിൽനിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച രാവിലെ ഇന്ത്യൻ സമയം 6.30ന് കണ്ണൂരിലെത്തുന്ന വിമാനമാണിത്. പെരുന്നാൾ ആഘോഷത്തിനായി കുടുംബത്തോടൊപ്പം ചേരാൻ കുവൈത്തിൽനിന്ന് നിരവധി പേരാണ് ഈ വിമാനത്തിൽ ടിക്കറ്റെടുത്തിരുന്നത്. വ്യാഴാഴ്ച ജോലിയും നോമ്പുതുറയും കഴിഞ്ഞ് യാത്ര തുടങ്ങിയാൽ അതിരാവിലെ നാട്ടിലെത്താം എന്നത് കണക്കിലെടുത്താണ് പലരും ടിക്കറ്റെടുത്തത്. എന്നാൽ, വിമാനം വൈകിയതോടെ എല്ലാം താളംതെറ്റി. അതേസമയം, നാട്ടിൽ വെള്ളിയാഴ്ച പെരുന്നാളില്ല എന്ന ആശ്വാസത്തിലാണ് ഇവർ. എന്നാൽ, കുറഞ്ഞ ദിവസത്തിന് നാട്ടിൽ പോകുന്നവർക്ക് ഒരു പകൽ യാത്രയിൽ ചെലവഴിക്കേണ്ടിവരും എന്നത് നഷ്ടം സൃഷ്ടിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.