വിമാനം ടേക് ഓഫ് ചെയ്യുന്നതിനും ലാൻഡിങ്ങിനും രണ്ട് തരം യൂസർ ഫീ ആണ് എയർപോർട്ട് ഈടാക്കുന്നത്. ഇത് യാത്രക്കാരിൽ നിന്ന് ഈടാക്കും. തിരുവനന്തപുരത്തുനിന്നുള്ള അന്താരാഷ്ട്ര യാത്രക്കാർക്ക് 2027 വരെ യഥാക്രമം 1540, 1680, 1820 എന്നിങ്ങനെയാണ് വർധിപ്പിച്ചത്. വിദേശത്തു നിന്ന് വന്നിറങ്ങുന്നവർ 660, 720, 780 എന്നിങ്ങനെ നൽകേണ്ടി വരും.
കുവൈത്ത് സിറ്റി: വിമാന ടിക്കറ്റ് വർധന മൂലം നടുവൊടിഞ്ഞ പ്രവാസികൾക്ക് ഇരുട്ടടിയായി എയർപോർട്ട് യൂസർ ഫീയിൽ വർധന. കേരളത്തിൽ അദാനി ഏറ്റെടുത്ത തിരുവനന്തപുരം വിമാനത്താവളത്തിലാണ് യൂസർ ഫീ ഇരട്ടിയായി വർധിപ്പിച്ചത്. വിമാനത്താവളത്തിൽ ആദ്യമായി വന്നിറങ്ങുന്നവർക്കും യൂസർ ഫീ ബാധകമാക്കി. നിലവിൽ ആഭ്യന്തര യാത്രക്കാർക്ക് 506 രൂപയും അന്താരാഷ്ട്ര യാത്രക്കാർക്ക് 1069 രൂപയുമാണ് യൂസർ ഫീ.
പുതുക്കിയ നിരക്കനുസരിച്ച് ജൂലൈ ഒന്നു മുതൽ അടുത്ത വർഷം മാർച്ച് 31 വരെ യാത്ര തുടങ്ങുന്ന ആഭ്യന്തര യാത്രക്കാർ 770 രൂപയും വന്നിറങ്ങുന്നവർ 330 രൂപയും നൽകണം. 2025-26 വർഷം ഇത് യഥാക്രമം 840ഉം 360ഉം ആയി വർധിക്കും. 2026-27 വർഷം ഇത് 910ഉം 390ഉം ആയി ഉയരും. യാത്ര തുടങ്ങുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ഇത് യഥാക്രമം 1540, 1680, 1820 എന്നിങ്ങനെയാണ് വർധിപ്പിച്ചത്.
വിദേശത്തു നിന്ന് വന്നിറങ്ങുന്നവർ 660, 720, 780 എന്നിങ്ങനെ നൽകേണ്ടി വരും. വിമാനങ്ങളുടെ ലാൻഡിങ് ചാർജ് ഒരു മെട്രിക് ടണ്ണിന് 309 എന്നത് മൂന്നിരട്ടിയോളം വർധിപ്പിച്ച് 890 രൂപയാക്കിയിട്ടുണ്ട്. അടുത്ത സാമ്പത്തിക വർഷങ്ങളിൽ ഇത് 14,00ഉം 1650ഉം ആയി വർധിപ്പിക്കാം. വിമാനത്താവളത്തിൽ സർവിസ് നടത്തുന്ന കമ്പനികൾ നൽകേണ്ട ലാൻഡിങ് ചാർജും വർധിപ്പിച്ചു. വിമാനക്കമ്പനികൾക്ക് 2200 രൂപ ഇന്ധന സർചാർജും ഏർപ്പെടുത്തിയിട്ടുണ്ട്. നിരക്ക് വർധനയുടെ നഷ്ടം നികത്താൻ വിമാനക്കമ്പനികൾ ഉടൻ ടിക്കറ്റ് നിരക്ക് ഉയർത്തുമെന്നാണ് വിവരം. യൂസർ ഫീ കൂടി ഉൾപ്പെടുത്തി ടിക്കറ്റ് നിരക്ക് ഈടാക്കുമെങ്കിലും എത്രയാണെന്ന് യാത്രക്കാരെ ബോധ്യപ്പെടുത്താറില്ല. അതേസമയം, കേരളത്തിൽ മറ്റ് മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും യൂസർ ഫീ വർധിപ്പിച്ചിട്ടില്ലെന്നത് ആശ്വാസകരമാണ്.
എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റിയാണ് (എ.ഇ.ആർ.എ) വിമാനത്താവളങ്ങളുടെ യൂസർ െഡവലപ്മെന്റ് ഫീ (യു.ഡി.എസ്) നിശ്ചയിക്കുന്നത്. ഓരോ അഞ്ചു വർഷം കൂടുമ്പോൾ വിമാനത്താവളങ്ങളിൽ നടത്താൻ ലക്ഷ്യമിടുന്ന പദ്ധതികളും ഇതിനായുള്ള നിക്ഷേപത്തുകയും പരിഗണിച്ചാണ് അഞ്ചു വർഷത്തേക്ക് മൾട്ടി ഇയർ താരിഫ് പ്രൊപ്പോസൽ നിശ്ചയിക്കുന്നത്. 2021 മുതൽ 25 വരെയുള്ള സാമ്പത്തിക വർഷത്തെ താരിഫാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നീ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉണ്ടെങ്കിലും കേരളത്തിൽ ഇതുവരെ സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്മെന്റ് രൂപവത്കരിച്ചിട്ടില്ല. കേന്ദ്ര വ്യോമയാന വകുപ്പിന്റെ നിർദേശങ്ങൾക്കനുസരിച്ച് സംസ്ഥാനത്തെ നടപടികൾ ഏകോപിപ്പിക്കാനും നിർദേശങ്ങൾ സമർപ്പിക്കാനും സിവിൽ ഏവിയേഷൻ വകുപ്പ് ആവശ്യമാണ്. കുറഞ്ഞ യാത്രക്കാരുള്ള ഛത്തിസ്ഗഢ് അടക്കം 14 സംസ്ഥാനങ്ങൾ സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്മെന്റ് രൂപവത്കരിച്ചിട്ടുണ്ട്.
കേരളത്തിൽ എയർപോർട്ട് പദ്ധതികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് റോഡ് ഗതാഗത വകുപ്പിന് കീഴിലെ ‘ഡി’ സെക്ഷനാണ്. സിവിൽ ഏവിയേഷൻ വകുപ്പിന്റെ യോഗങ്ങളിൽ ഡൽഹിയിൽ നിന്നുള്ള കേരള പ്രതിനിധി മാത്രമാണ് പങ്കെടുക്കാറുള്ളത്. യോഗത്തിൽ വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൃത്യമായി വിശദീകരിക്കാൻ ഇവർക്ക് പലപ്പോഴും സാധിക്കാറുമില്ല. 2017 സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്മെന്റ് രൂപവത്കരിക്കാനുള്ള അപേക്ഷ സർക്കാറിന് സമർപ്പിക്കപ്പെട്ടിരുന്നു. എന്നാൽ, ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
കുവൈത്ത് സിറ്റി: തിരുവനന്തപുരം വിമാനത്താവളത്തിൽ ജൂലൈ മുതൽ നടപ്പാക്കുന്ന യൂസർ ഫീ പിൻവലിക്കണമെന്ന് തിരുവനന്തപുരം നോൺ റസിഡൻസ് അസോസിയേഷൻ (ട്രാക്) ആവശ്യപ്പെട്ടു. യൂസർ ഫീ വർധനയും ആദ്യമായി വന്നിറങ്ങുന്ന യാത്രക്കാരെയും ഇതിന്റെ പരിധിയിൽ ഉൾപ്പെടുത്തിയ നടപടിയും ഒരിക്കലും നീതീകരിക്കാൻ കഴിയുന്നതല്ല. ഗൾഫിൽ ജോലിചെയ്യുന്ന സാധാരണക്കാരായ പ്രവാസികളെയാണ് ഈ വർധന അധികവും ബാധിക്കുക. നിലവിലെ വിമാന നിരക്കുകളും ജീവിതച്ചെലവും കണക്കിലെടുത്ത് രണ്ടോ മൂന്നോ വർഷങ്ങൾ കൂടുമ്പോഴാണ് പല പ്രവാസികളും നാട്ടിൽ വന്നുപോകുന്നത്. യാത്രാനിരക്ക് വർധിക്കുന്നത് ഇത്തരക്കാർക്ക് പ്രയാസം തീർക്കും. യൂസർ ഫീ വർധന പിൻവലിക്കാൻ വേണ്ട നടപടികൾ അടിയന്തരമായി കൈക്കൊള്ളണമെന്നും ട്രാക് പ്രസിഡന്റ് എം.എ. നിസ്സാം ആവശ്യപ്പെട്ടു.
കുവൈത്ത് സിറ്റി: തിരുവനന്തപുരം വിമാനത്താവളത്തിൽ യൂസേഴ്സ് ഫീ വർധിപ്പിച്ചത് പ്രവാസികളെ ചൂഷണം ചെയ്യുന്ന നടപടിയാണെന്ന് കുവൈത്ത് കെ.എം.സി.സി. സീസൺ സമയങ്ങളിലെ ഉയർന്ന വിമാന നിരക്ക് തന്നെ താങ്ങാൻ പറ്റാത്ത സാധാരണ പ്രവാസികൾക്ക് യൂസേഴ്സ് ഫീ കൂടി വർധിപ്പിച്ചത് ഇരുട്ടടിയാണ്. പ്രവാസികളുടെ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ കാണിക്കുന്ന പ്രതികൂല നിലപാട് പ്രതിഷേധാർഹമാണ്.
സ്വകാര്യവത്കരിച്ച തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണുള്ളത്. ഇരു സർക്കാറുകളും എത്രയും പെട്ടെന്ന് ഈ വിഷയത്തിൽ ഇടപെട്ട് വർധിപ്പിച്ച യൂസേഴ്സ് ഫീ ഒഴിവാക്കണമെന്നും കുവൈത്ത് കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
കുവൈത്ത് സിറ്റി: തിരുവനന്തപുരം വിമാനത്താവളത്തിൽ ജൂലൈ മുതൽ നടപ്പാക്കുന്ന യൂസർ ഫീ വർധന സാധാരണക്കാരായ പ്രവാസികളെ കൂടുതൽ പിഴിയാനുള്ള ശ്രമമാണെന്ന് കുവൈത്ത് ഒ.ഐ.സി.സി. പ്രവാസികൾക്ക് നേരെയുള്ള ഇരുട്ടടിയാണിത്. തുച്ഛമായ ശമ്പളത്തിലാണ് പലരും ഗൾഫിൽ ജോലിചെയ്യുന്നത്. വർധിച്ചുവരുന്ന ചെലവ് കാരണം ഒന്നും രണ്ടും വർഷം കൂടുമ്പോൾ മാത്രമാണ് പല പ്രവാസികളും സ്വന്തം കുടുംബത്തെയും മക്കളെയും കാണാൻ പോകുന്നത്. വിദേശത്ത് കുടുംബമായി കഴിയുന്നവർക്കും ഈ വർധന വലിയ ബുദ്ധിമുട്ട് തീർക്കും. സംസ്ഥാന കേന്ദ്ര സർക്കാറുകൾ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് അന്യായമായ വർധന പിൻവലിക്കണമെന്ന് ഒ.ഐ.സി.സി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.