കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണം മൂലം ദുരിതത്തിലായ ലബനാന് കുവൈത്ത് സഹായം തുടരുന്നു. 30 ടൺ മാനുഷിക സഹായവുമായി കുവൈത്തിന്റെ എട്ടാമത്തെ ദുരിതാശ്വാസ വിമാനം കഴിഞ്ഞ ദിവസം ലബനാനിലെത്തി. ഭക്ഷ്യവസ്തുക്കൾ, മരുന്ന്, പുതപ്പുകൾ എന്നിവ ഉൾപ്പെടുന്നതാണ് സഹായമെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) അറിയിച്ചു. ‘കുവൈത്ത് ഈസ് ബൈ യുവർ സൈഡ്’ എന്ന കുവൈത്ത് സംരംഭത്തിന്റെ ഭാഗമായാണ് സഹായം.
ഇസ്രായേൽ അധിനിവേശം മൂലം ലബനാൻ അനുഭവിക്കുന്ന പ്രയാസങ്ങൾ ലഘൂകരിക്കാനാണ് ഇതെന്നും കെ.ആർ.സി.എസ് ബോർഡ് ചെയർമാൻ ഖാലിദ് അൽ മുഗാമിസ് പറഞ്ഞു. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെയും കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹിന്റെയും നിർദേശപ്രകാരമാണ് കുവൈത്തിന്റെ ദുരിതാശ്വാസ, മാനുഷിക സഹായം.
ലബനാൻ ജനതക്ക് ആവശ്യമായ മാനുഷിക പിന്തുണ എത്തിക്കുന്നതിൽ മടിച്ചുനിൽക്കില്ലെന്നും ഖാലിദ് അൽ മുഗാമിസ് വ്യക്തമാക്കി. 31 ടൺ മാനുഷിക സഹായവുമായി കുവൈത്ത് അയച്ച ഏഴാമത്തെ ദുരിതാശ്വാസ വിമാനം ഞായറാഴ്ച ലബനാൻ റാഫിക് ഹരിരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.