കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായി അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ബഹ്റൈനിലെത്തി. വിമാനത്താവളത്തിൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ബഹ്റൈൻ നാഷനൽ ഗാർഡ് തലവൻ ശൈഖ് മുഹമ്മദ് ബിൻ ഈസ ആൽ ഖലീഫ, രാജാവിന്റെ പ്രത്യേക പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ, ഉന്നത ഉദ്യോഗസഥർ എന്നിവർ വിമാനത്താവളത്തിൽ അമീറിനെ സ്വീകരിച്ചു.
തുടർന്ന് മനാമയിലെ സഖിർ കൊട്ടാരത്തിൽ അമീറിനും പ്രതിനിധി സംഘത്തിനും ഔദ്യോഗിക സ്വീകരണം നൽകി. പരമ്പരാഗത ബാൻഡുകളുടെ പ്രകടനം, കുതിരപ്പടയുടെ അകമ്പടി എന്നിവയോടെയാണ് അമീറിന്റെയും ബഹ്റൈൻ രാജാവിന്റെയും വാഹനവ്യൂഹം സഖീർ കൊട്ടാരത്തിലേക്ക് നീങ്ങിയത്. റോഡിന്റെ വശങ്ങളിൽ വിദ്യാർഥികൾ കുവൈത്തിന്റെയും ബഹ്റൈനിന്റെയും ദേശീയപതാകകൾ ഉയർത്തി സ്വാഗതം ചെയ്തു.
അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനും പ്രതിനിധി സംഘത്തിനും സഖീർ കൊട്ടാരത്തിൽ ഉച്ചഭക്ഷണ വിരുന്നും സംഘടിപ്പിച്ചു. ശൈഖ് അലി ഖലീഫ അൽ അത്ബി അസ്സബാഹ്, ശൈഖ് അലി ജാബിർ അൽ അഹമ്മദ് അസ്സബാഹ്, ശൈഖ് ഖലീഫ അബ്ദുല്ല അൽ ജാബിർ അസ്സബാഹ്, ശൈഖ് ജാബിർ മുബാറക് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്, ശൈഖ് സൽമാൻ സബാഹ് അൽ സാലിം അൽ ഹുമൂദ് അസ്സബാഹ്, ശൈഖ് അസം മുബാറക് സബാഹ് അൽ നാസർ അസ്സബാഹ്, അമീരി ദിവാന്റെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ അമീറിന്റെ പ്രതിനിധി സംഘത്തിലുണ്ട്.
കുവൈത്ത് സിറ്റി: കുവൈത്തും ബഹ്റൈനും തമ്മിലെ വിശിഷ്ട ബന്ധങ്ങളും ഉഭയകക്ഷി സഹകരണവും വർധിപ്പിക്കുന്നതിനുള്ള വഴികൾ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും ചർച്ചചെയ്തു. ഗൾഫ് സഹകരണ കൗൺസിലിന്റെ (ജി.സി.സി) പുരോഗതിയെ പിന്തുണക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രവർത്തന ചട്ടക്കൂടുകൾ വിപുലീകരിക്കുന്നതിന് കൂടുതൽ പങ്കാളിത്തം തേടുന്നതിനെക്കുറിച്ചും വിലയിരുത്തി.
ബഹ്റൈൻ നാഷനൽ ആക്ഷൻ ചാർട്ടറിന്റെ ഇരുപത്തിമൂന്നാം വാർഷികത്തിൽ ബഹ്റൈൻ രാജാവിനെ അഭിനന്ദിച്ച കുവൈത്ത് അമീർ, ഹമദ് ആൽ ഖലീഫ രാജാവിന്റെ നേതൃത്വത്തിൽ ബഹ്റൈനും ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും ആശംസിച്ചു. അമീറിനെ അനുഗമിക്കുന്ന പ്രതിനിധി സംഘവും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.