കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ചൊവ്വാഴ്ച തുർക്കിയയിലേക്ക് പുറപ്പെടും. പ്രത്യേക പ്രതിനിധി സംഘവും അമീറിനെ അനുഗമിക്കും. തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായി അമീർ കൂടിക്കാഴ്ച നടത്തും. കുവൈത്തും തുർക്കിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തൽ, പൊതുവായ താൽപര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ സഹകരണം ഏകോപിപ്പിക്കൽ എന്നിവ ചർച്ച ചെയ്യും.
1969ൽ നയതന്ത്ര ബന്ധ കരാറിൽ ഒപ്പുവെച്ചതു മുതൽ കുവൈത്തും തുർക്കിയയും തമ്മിൽ ശക്തമായ ബന്ധമാണ്. കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ വൻതോതിലുള്ള വളർച്ച കൈവരിച്ചിട്ടുണ്ട്. അമീറിന്റെ തുർക്കിയ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ചരിത്രപരമായ ബന്ധങ്ങളും തന്ത്രപരമായ സഹകരണവും വർധിപ്പിക്കുമെന്ന് തുർക്കിയയിലെ കുവൈത്ത് അംബാസഡർ വെയ്ൽ അൽ എനേസി പറഞ്ഞു. കുവൈത്തും തുർക്കിയയും തമ്മിൽ അടുത്ത ബന്ധമാണെന്നും അമീറിന്റെ സന്ദർശനം ഇവ ശക്തിപ്പെടുത്തുമെന്നും കുവൈത്തിലെ തുർക്കിയ അംബാസഡർ തുബ നൂർ സോൻമെസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.