പൊതുമാപ്പ് കമീഷൻ അംഗങ്ങൾ ആദ്യ യോഗത്തിൽ

രാഷ്ട്രീയ തടവുകാർക്ക് പൊതുമാപ്പ്: നടപടി ആരംഭിച്ചു




പൊതുമാപ്പ് കമീഷൻ യോഗം ചേർന്നു

കുവൈത്ത് സിറ്റി: രാഷ്ട്രീയ തടവുകാർക്ക് പൊതുമാപ്പ് നൽകാനുള്ള അമീറിന്റെ ഉത്തരവിനെ തുടർന്ന് നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി രൂപവത്ക്കരിച്ച പ്രത്യേക പൊതുമാപ്പ് കമീഷൻ ആദ്യ യോഗം ചേർന്നു. സെയ്ഫ് പാലസിൽ ചേർന്ന യോഗത്തിൽ ഉപപ്രധാനമന്ത്രിയും കാബിനറ്റ് അഫയേഴ്സ് സ്റ്റേറ്റ് മന്ത്രിയുമായ ബരാക് അൽ ഷൈതാൻ അധ്യക്ഷത വഹിച്ചു.

ജനറൽ പ്രോസിക്യൂട്ടർ സാദ് അൽ സഫ്രാൻ, ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി അൻവർ അൽ ബർജസ്, പബ്ലിക് പ്രോസിക്യൂഷൻ, ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവരും സമിതിയിലെ അംഗങ്ങളാണെന്ന് സർക്കാർ ഔദ്യോഗിക വക്താവും സെന്റർ ഓഫ് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് മേധാവിയുമായ താരീഖ് അൽ മെസ്‌റം പറഞ്ഞു. പൊതുമാപ്പിന് അർഹമായ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരുടെ പട്ടിക കമ്മിറ്റി സമർപ്പിച്ചു.

അഭിപ്രായ സ്വാതന്ത്ര്യ നിയമങ്ങൾ ലംഘിച്ചതിന് വർഷങ്ങളോളം ജയിൽ ശിക്ഷ അനുഭവിച്ചുവരുന്ന രാഷ്ട്രീയ തടവുകാർക്ക് പ്രത്യേക പൊതുമാപ്പ് അനുവദിച്ചുകൊണ്ട് തിങ്കളാഴ്ചയാണ് അമീർ ഉത്തരവ് പുറപ്പെടുവിച്ചത്.

2011 നവംബർ 16 മുതൽ 2021 അവസാനം വരെ ജയിലിൽ കഴിയുന്ന കുവൈത്ത് പൗരന്മാർക്ക് പൊതുമാപ്പ് നൽകാൻ ഉത്തരവ് വ്യവസ്ഥ ചെയ്യുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ, നിരവധി തടവുകാർക്ക് തടവ് ജീവിതത്തിൽനിന്ന് പുറത്തുകടക്കാൻ കഴിയും. എത്രപേർക്ക് ആനുകൂല്യം ലഭിക്കുമെന്ന് സമിതി പരിശോധനകൾക്ക് ശേഷമാകും വ്യക്തമാകുക.

അമീറിന്റെ അധികാരത്തെ രേഖാമൂലമോ പ്രസംഗത്തിലൂടെയോ പരസ്യമായി അപമാനിച്ചതിന് ജയിലിൽ കഴിയുന്നവർ, ഫോൺ ദുരുപയോഗം ചെയ്തതിന് ശിക്ഷിക്കപ്പെട്ടവർ, രാജ്യത്തിന്റെ ആഭ്യന്തര സ്ഥിതിയെക്കുറിച്ച് തെറ്റായ വാർത്ത പ്രചരിപ്പിച്ചതിന് ശിക്ഷ അനുഭവിക്കുന്നവർ എന്നിങ്ങനെയുള്ളവർക്ക് ആനുകൂല്യം ലഭിക്കുമെന്നാണ് സൂചന.

Tags:    
News Summary - Amnesty for Political Prisoners: Action Begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.