കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസി പ്രമുഖനും ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ മുൻ ചെയർമാനുമായ ആനന്ദ് കപാഡിയയുടെ വിയോഗത്തിൽ അനുശോചിക്കാൻ ഇന്ത്യൻ എംബസിയിൽ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു.
െഎ.ബി.പി.സി ആക്ടിങ് ചെയർമാൻ ചോജി ലാംബ അധ്യക്ഷത വഹിച്ചു. ഐ.പി.ബി.സിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ അംബാസഡർ സിബി ജോർജ്, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, ടോണി ജാഷൻമാൾ, കെ.ജി. എബ്രഹാം, രാജഗോപാൽ ത്യാഗി, ഉസാമ ബൽഹാൻ, ശിവ് ബാസിൻ, എസ്.കെ. വാധവാൻ, അശോക് കർള, ദീപക് അഗർവാൾ, ഡോ. അമീർ അഹ്മദ്, അഫ്സൽ അലി, പിയൂഷ് ജയിൻ, ദീപക് ബിൻഡാൽ, മോഹൻ സിങ്, ആസാദ് ഖാൻ, രമേശ് ഖന്ന, കരീം ഇർഫാൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
ഡോ. വിനോദ് ഗെയ്ക്വാദ് സ്വാഗതം പറഞ്ഞു. ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ മേധാവി, വിജയിയായ സംരംഭകൻ, ഇന്ത്യയിലെ മുൻനിര സാംസ്കാരിക, കലാ വ്യക്തിത്വങ്ങളെ കുവൈത്തിലെത്തിക്കുകയും മികച്ച കലാസംസ്കാരിക പരിപാടികൾ അവതരിപ്പിക്കുകയും ചെയ്ത സംഘാടകൻ, കോവിഡ് പ്രതിസന്ധികാലത്ത് ഇന്ത്യൻ സമൂഹത്തിന് നിർണായക സേവനം നൽകിയ സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിൽ കുവൈത്തിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് മറക്കാൻ കഴിയാത്ത വ്യക്തിത്വമാണ് ആനന്ദ് കപാഡിയ എന്ന് പ്രതിനിധികൾ അനുസ്മരിച്ചു.
45 വർഷത്തെ കുവൈത്ത് ജീവിതം അവസാനിപ്പിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ കുവൈത്ത് വിട്ട ആനന്ദ് കപാഡിയ നവംബർ എട്ടിന് ഞായറാഴ്ച കാനഡയിലാണ് നിര്യാതനായത്. ലത മേങ്കഷ്കർ, പണ്ഡിറ്റ് രവിശങ്കർ, ഉസ്താദ് അല്ലാരഖ, പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ, പണ്ഡിറ്റ് ശിവ്കുമാർ ശർമ, ഉസ്താദ് സക്കീർ ഹുസൈൻ, ഉസ്താദ് ശുജാഅത്ത് ഖാൻ, ഉസ്താദ് അംജദ് അലി ഖാൻ തുടങ്ങി പ്രമുഖരെ കുവൈത്തിലെത്തിച്ച് സംഗീത പരിപാടി അവതരിപ്പിക്കാൻ ആനന്ദ് കപാഡിയയുടെ നേതൃത്വത്തിൽ കഴിഞ്ഞിട്ടുണ്ട്.
കുവൈത്തിലെ ബിസിനസ് സമൂഹവുമായും ദാർ അൽ അതാർ അൽ ഇസ്ലാമിയ, കുവൈത്ത് നാഷനൽ കൗൺസിൽ ഫോർ കൾചർ ആർട്സ് ആൻഡ് ലെറ്റേഴ്സ് തുടങ്ങിയ സാംസ്കാരിക സ്ഥാപനങ്ങളുമായും ഇന്ത്യൻ സമൂഹത്തിന് പ്രയോജനപ്പെടുന്ന വിധത്തിൽ മികച്ച ബന്ധം സ്ഥാപിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത് യോഗത്തിൽ അനുസ്മരിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.