കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികളുടെ താമസനിയമം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട കരട് നിർദേശത്തിന് പാർലിമെന്റിലെ ആഭ്യന്തര പ്രതിരോധ സമിതി അംഗീകാരം നൽകി. വിദേശികളുടെ ഇഖാമ, പ്രവേശന വിസ, നാടുകടത്തൽ, വിസക്കച്ചവടം, നിയമലംഘനങ്ങൾക്കുള്ള പിഴകൾ എന്നിവയുമായി ബന്ധപ്പെട്ട ഭേദഗതികളാണ് കരട് നിർദേശത്തിൽ ഉള്ളത്.
താമസാനുമതിയുമായി ബന്ധപ്പെട്ട സുപ്രധാനമായ നിരവധി ഭേദഗതികൾ ഉൾപ്പെടുന്നതാണ് കരട് ബിൽ. ഗാർഹികതൊഴിലാളികൾ നാല് മാസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്ത് താമസിച്ചാൽ ഇഖാമ സ്വമേധയാ അസാധുവാകും എന്നതാണ് പ്രധാന നിർദേശം.
നിലവിൽ ഇത് ആറുമാസമാണ്. നാലുമാസത്തിൽ കൂടുതൽ വിട്ടുനിൽക്കേണ്ട പ്രത്യേക സാഹചര്യങ്ങളിൽ സ്പോൺസർ മുഖേന ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് അനുമതി വാങ്ങണം.
ഹോട്ടലുകളിലും അപ്പാർട്മെന്റുകളിലും താമസിക്കുന്ന വിദേശ പൗരന്മാരെ കുറിച്ച് ചെക്കിൻ കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ ആഭ്യന്തരമന്ത്രലയത്തെ വിവരം അറിയിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.
വിദേശികൾക്ക് പരമാവധി മൂന്നു മാസം വരെ താൽക്കാലിക ഇഖാമ അനുവദിക്കാനും മൂന്നു മാസം കൂടുമ്പോൾ ഇവ പുതുക്കാനും അനുമതിയുണ്ടാകും.
ഒരു വർഷത്തിനകം സ്ഥിരം ഇഖാമ ലഭിക്കാത്ത പക്ഷം നിർബന്ധമായും രാജ്യം വിടണം. സാധാരണഗതിയിൽ വിദേശികൾക്ക് പരമാവധി അഞ്ചു വർഷം വരെ ഇഖാമ അനുവദിക്കാം.
കുവൈത്ത് പൗരന്മാരുടെ വിദേശികളായ മക്കൾ, റിയൽ എസ്റ്റേറ്റ് ഉടമകൾ എന്നിവർക്ക് പത്തുവർഷം വരെയും വാണിജ്യമേഖലയിൽ നിക്ഷേപം നടത്തിയ വിദേശികൾക്ക് 15 വർഷം വരെയും ഇഖാമ അനുവദിക്കും.
വിസക്കച്ചവടം, മനുഷ്യക്കടത്ത് എന്നിവക്കുള്ള ശിക്ഷ മൂന്നു വർഷത്തിൽ കുറയാത്ത തടവും 5000 ദീനാർ പിഴയും ആക്കി വർധിപ്പിക്കാനും ഭേദഗതി ബിൽ വ്യവ്സഥ ചെയ്യുന്നു.
മതിയായ വരുമാന സ്രോതസ്സ് കാണിക്കാനാകാത്തവരെ ഇഖാമയുണ്ടെങ്കിലും കുടുംബ സമേതം നാടുകടത്താൻ കരട് നിയമം ആഭ്യന്തരമന്ത്രിക്ക് പ്രത്യേക അധികാരം നൽകുന്നുണ്ട്. സുരക്ഷ, ധാർമികത തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുതാൽപര്യം മുൻനിർത്തിയും നാടുകടത്തലിന് ഉത്തരവിടാൻ ആഭ്യന്തരമന്ത്രിക്ക് അധികാരമുണ്ടായിരിക്കും. ആഭ്യന്തര പ്രതിരോധ സ്റ്റാൻഡിങ് കമ്മിറ്റിയുടെ വ്യാഴാഴ്ച ചേർന്ന സിറ്റിങ്ങിലാണ് കരട് നിർദേശത്തിന് അംഗീകാരം നൽകിയത്
ഇനി നിയമ നിർമ്മാണസമിതിയും പൊതുസഭയും അംഗീകരിക്കേണ്ടതുണ്ട്. ഇതിനുശേഷം അമീറിന്റെ അംഗീകാരത്തോടെ ഗസറ്റിൽ വിജ്ഞാപനം ചെയ്താലാണ് നിയമഭേദഗതി പ്രാബല്യത്തിലാകുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.