കുവൈത്ത് സിറ്റി: കുവൈത്തിൽ നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ മികച്ച വിജയത്തിൽ ആതിഥ്യമര്യാദക്കും സത്പ്രവൃത്തികൾക്കും കുവൈത്ത് ജനതക്ക് അഭിനന്ദനവും നന്ദിയും അറിയിച്ച് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്. ഗൾഫ് കപ്പ് സുപ്രീം സംഘാടക സമിതിക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അമീർ.
കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്, ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സൗദ് അസ്സബാഹ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വാർത്ത സാംസ്കാരിക മന്ത്രിയും യുവജനകാര്യ സഹമന്ത്രിയും ഗൾഫ് കപ്പ് സുപ്രീം സംഘാടക സമിതി ചെയർമാനുമായ അബ്ദുൽറഹ്മാൻ അൽ മുതൈരി, കുവൈത്ത് ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റും സുപ്രീം സംഘാടക സമിതി വൈസ് ചെയർമാനുമായ ശൈഖ് അഹമ്മദ് യൂസഫ് സൗദ് അസ്സബാഹ്, കമ്മിറ്റി അംഗങ്ങൾ എന്നിവരെയും അവരുടെ ശ്രമങ്ങളെയും അമീർ അഭിനന്ദിച്ചു. പ്രധാനമന്ത്രി, മറ്റു മന്ത്രിമാർ, ഉദ്യോഗസ്ഥർ, സന്നദ്ധപ്രവർത്തകർ എന്നിവരെയും ഗൾഫ് കപ്പ് കിരീടം നേടിയ ബഹ്റൈൻ, ടൂർണമെന്റിൽ പങ്കെടുത്ത മറ്റു ടീമുകൾ എന്നിവർക്കും അഭിനന്ദനം അറിയിച്ചു. കുവൈത്തിന്റെ കായികരംഗത്തെ വികസന തുടർച്ചക്കും സമീപഭാവിയിൽ ഏഷ്യൻ ഫുട്ബാൾ കപ്പിന് സ്വീകരണത്തിനും പിന്തുണക്കും മന്ത്രി അബ്ദുൽറഹ്മാൻ അൽ മുതൈരി അമീറിന് നന്ദി അറിയിച്ചു. യോഗത്തിൽ രാജ്യത്തെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.