കുവൈത്ത് സിറ്റി: നിയമവിരുദ്ധമായ പരീക്ഷാ വിവര ഗ്രൂപ്പുകളിൽ ചേരുന്നതിനെതിരെ വിദ്യാർഥികൾക്ക് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്. സോഷ്യൽ മീഡിയ ആപ്പുകൾ വഴിയോ ഓൺലൈൻ പ്രോഗ്രാമുകൾ വഴിയോ ഇത്തരം നിയമവിരുദ്ധ ഗ്രൂപ്പിൽ ചേരരുത്. പരീക്ഷാ വിവരങ്ങൾ നിയമവിരുദ്ധമായ മാർഗത്തിലൂടെ നേടുന്നത് ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ചോർന്ന പരീക്ഷാ വിവരങ്ങൾ നൽകുമെന്ന് വാഗ്ദാനം ചെയ്യുന്ന നിരവധി ഗ്രൂപ്പുകൾ പ്രത്യക്ഷപ്പെടുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഇത്തരം പ്രവർത്തനങ്ങൾ വഞ്ചന ഉൾപ്പെടെ ഗുരുതരമായ നിയമലംഘനമാണ്. ഇത് നിയമപരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും മന്ത്രാലയം സൂചിപ്പിച്ചു.
പരീക്ഷ വിവരങ്ങൾക്കായി നിയമവിരുദ്ധ രീതികളെ ആശ്രയിക്കുന്ന വിദ്യാർഥികൾ തട്ടിപ്പിന് ഇരയായേക്കാം. വിദ്യാർഥികളിൽനിന്ന് വ്യക്തിഗത വിവരങ്ങളോ പണമോ നേടുന്നതിന് പലപ്പോഴും ഈ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾ അക്കാദമിക് അച്ചടക്ക നടപടികൾക്ക് കാരണമാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
പരീക്ഷക്ക് തയാറെടുക്കുമ്പോഴും പരീക്ഷ സമയത്തും ധാർമിക മാനദണ്ഡങ്ങൾ പാലിക്കാൻ ആഭ്യന്തര മന്ത്രാലയം വിദ്യാർഥികളെ ഉണർത്തി. എല്ലാ വിദ്യാർഥികൾക്കും സുരക്ഷിതമായ അക്കാദമിക് അന്തരീക്ഷം ഉറപ്പാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.