കുവൈത്ത് സിറ്റി: ഗാർഡനിങ്, കുക്കിങ്, റൂംമേക് ഓവർ, ചിത്രംവര തുടങ്ങി സകല മേഖലകളിലും മിന്നിത്തിളങ്ങുകയാണ് ഫഹീമ അഹ്മദ്. മെഹബൂല സീ സൈഡിലെ ബദർ കോംപ്ലക്സിലെ ഫഹീമയുടെ ഫ്ലാറ്റിലെത്തിയാൽ ഈ അദ്ഭുത ലോകം കാണാം. ചുവരിൽ നിറയെ ചിത്രങ്ങളും കുഞ്ഞു കുഞ്ഞു ചെടികളും. ഫ്ലാറ്റിലെ രണ്ടു ബാൽക്കണികളിൽ ഒന്നിൽ പൂക്കളും മറ്റൊന്നിൽ പച്ചക്കറികളും നിറഞ്ഞു നിൽക്കുന്നു.
മുല്ലവള്ളിയും ബോഗൺ വില്ലയും നിറവും മണവും പരത്തുന്നു. ഇവക്കിടയിൽ തക്കാളിയും മുളകും വേപ്പിലയും അമരയും മറ്റു പച്ചക്കറികളും വിളഞ്ഞു നിൽക്കുന്നു. ഇങ്ങനെ കുവൈത്തിൽ നാടിന് തുല്യമായ പച്ചപ്പിനെ വളർത്തി പരിപാലിക്കുകയാണ് ഫഹീമ. തലശ്ശേരിയിലെ വീട്ടുമുറ്റത്ത് ചെടിയും തൊടിയിൽ പച്ചക്കറികളും നട്ടു ശീലിച്ച ഫഹീമക്ക് പ്രവാസത്തിന്റെ ആദ്യനാളുകളിൽ മരുഭൂമിയിലെ ചൂടേറിയ അന്തരീക്ഷത്തിൽ ചെടികൾ തളിർക്കുമോ, പൂവിടുമോ, കായ്കനികൾ നൽകുമോ എന്നെക്കെയുള്ള സംശയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ഇവയെല്ലാം വെറുതെയാണെന്ന് പിന്നീട് ബോധ്യപ്പെട്ടു.
2007ലാണ് ഭർത്താവ് സൈദ് ഫൈസലിനൊപ്പം ഫഹീമ കുവൈത്തിൽ എത്തുന്നത്. വൈകാതെ സ്പെഷൽ എജുക്കേഷൻ ടീച്ചറായി ജോലിക്ക് പോയി തുടങ്ങി. 2011ൽ ജീവിതത്തിൽ ചില മാറ്റങ്ങളുണ്ടായി. പുതിയ ഫ്ലാറ്റിലേക്ക് താമസം മാറിയ ഘട്ടം. അവിടെ ഫഹീമക്ക് ഗാർഡനിങ്ങിൽ താൽപര്യമുള്ള ചില കൂട്ടുകാരെ കിട്ടി. അത് പഴയ ഇഷ്ടങ്ങളിലേക്ക് ഫഹീമയെ തിരികെ കെണ്ടുപോയി.
ഉമ്മ കൂടെയുള്ള ഒരുദിവസം അവർ ഒരു തക്കാളി പൊട്ടിച്ച് ചട്ടിയിൽ വിത്തിട്ടു. അത് വലിയ രൂപത്തിൽ ഫലം തന്നു. അതായിരുന്നു ആദ്യ പ്രചോദനം. ചൂടും തണുപ്പും മാറിമാറി വരുന്ന കുവൈത്തിലും മട്ടുപ്പാവ് കൃഷി ചെയ്യാമെന്ന് തോന്നിതുടങ്ങി. വിത്തിടാനും വളർത്താനും കുവൈത്തിലെ സമയവും കാലവും പഠിച്ചെടുത്തു. പിന്നെ നാട്ടിൽനിന്ന് വിത്തുകൾ എത്തിച്ച് മട്ടുപ്പാവിൽ കൃഷി തുടങ്ങി. പച്ചമുളകിലും തക്കാളിയിലും പാലക്കിലും തുടങ്ങി അത് പിന്നീട് മശ്റൂം വരെ എത്തി. ഇന്ന് മെഹബൂല സീ സൈഡിലെ ബദർ കോംപ്ലക്സിലെ റഹീമയുടെ ഫ്ലാറ്റ് നിറഞ്ഞുനിൽക്കുന്ന പച്ചപ്പുകൊണ്ട് പെട്ടെന്ന് തിരിച്ചറിയാം.
ബാൽക്കണി ഗാർഡൻ മൽസരത്തിൽ കലാ കുവൈത്തിന്റെ കലാ കൃഷി അവാർഡ്, ലുലു ഹൈപ്പർമാർക്കറ്റ് പുരസ്കാരം എന്നിവ അടക്കം നിരവധി പുരസ്കാരങ്ങളും ഇതിനിടെ ഫഹീമയെ തേടിവന്നു. ചിത്രവര ഗാർഡനിലെ വിജയം ഫഹീമയെ ടെറേറിയത്തിലെത്തിച്ചു. കൂട്ടുകാരുടെ ആവശ്യം കണക്കിലെടുത്തായിരുന്നു ഇത്. നിരവധി വർക്കുകൾ ഇതിൽ പൂർത്തിയാക്കി. കുഞ്ഞുകുഞ്ഞു ഫോട്ടോകളും വരയും ചേർത്തു വെക്കുന്ന സ്റ്റോപ്പ്മോഷനിലും ഇതിനിടെ ഫഹീമ ഒരുകൈ നോക്കി.
കോവിഡ് സമയത്തെ ഒഴിവു വേളയിലായിരുന്നു ഇതിന്റെ തുടക്കം. അതിലും വലിയ വിജയം ഉണ്ടാക്കാനായി. മലബാർ വിഭവങ്ങളുടെ തലശ്ശേരി രുചിയുമായാണ് ഇവർ കുവൈത്തിലെത്തിയത്. മലബാറി ഭക്ഷണങ്ങൾ വലിയ പ്രചാരത്തിലില്ലാത്ത കുവൈത്തിൽ അന്ന് സുഹൃത്തുക്കൾക്കായി കുക്കിങ് ക്ലാസും ആരംഭിച്ചു. ഇതിനൊപ്പം ടർക്കിഷും ഒമാനി വിഭവങ്ങളും മറ്റു ഇന്റർനാഷണൽ ഇനങ്ങളും ചേർത്തതോടെ പാചക ക്ലാസും ഹിറ്റായി. ചിത്രം വരയും റൂംമേക് ഓവറുമൊക്കെയാണ് ഫഹീമയുടെ മറ്റു ഇഷ്ടങ്ങൾ. ഇതിലും തന്റെതായ ശൈലിയിൽ ഇവർ മികവുതെളിയിച്ചു കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.