കുവൈത്ത് സിറ്റി: ഒാരോ വോട്ടും നിർണായകമായ കടുത്ത മത്സരമുള്ള വാർഡുകളിലെ വോട്ടർമാരായ പ്രവാസികളെ നാട്ടിലെത്തിക്കാൻ ശ്രമം. ഒരാഴ്ചത്തെ ക്വാറൻറീൻ ഉൾപ്പെടെ കഴിഞ്ഞ് സ്വതന്ത്രമായി വോട്ട് ചെയ്യാൻ കഴിയുന്ന വിധത്തിൽ നേരത്തേ നാട്ടിലെത്താനാണ് രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ അനുയായികളായ പ്രവാസികളോട് ആവശ്യപ്പെടുന്നത്.
ഇൗ ലക്ഷ്യവുമായി നിരവധി പേർ ഇതിനകം നാട്ടിലേക്ക് പോയി. വാർഷികാവധി എടുത്തിട്ട് ദീർഘകാലമായവർ ഇപ്പോൾ പോയാൽ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളിയാവുകകൂടി ചെയ്യാമെന്ന് കണക്കുകൂട്ടുന്നു. പതിവായി അവധിയെടുക്കുന്ന സമയത്ത് മിക്കവാറും പ്രവാസികൾ ഇത്തവണ നാട്ടിൽ പോയിട്ടില്ല. കോവിഡ് പ്രതിസന്ധിയും വിമാന സർവിസുകളിലെ അനിശ്ചിതാവസ്ഥയും തന്നെ കാരണം. മുൻ വർഷങ്ങളിലേതുപോലെ വ്യാപകമായി പ്രവാസികൾ വോട്ടുചെയ്യാൻ മാത്രമായി നാട്ടിൽ പോവുന്ന പ്രവണത ഇത്തവണയില്ല.
പലർക്കും ആഗ്രഹമുണ്ടെങ്കിലും അതിനുള്ള സാമ്പത്തികാവസ്ഥയില്ല എന്നതാണ് യാഥാർഥ്യം. പാർട്ടികളുടെ പ്രവാസി ഘടകങ്ങൾ മുൻ വർഷങ്ങളിൽ ടിക്കറ്റ് സ്പോൺസർ ചെയ്യുകയും വോട്ടുവിമാനങ്ങൾ ഏർപ്പെടുത്തുക വരെ ചെയ്തിരുന്നു. ഇത്തവണ സംഘടനകൾക്കും സാമ്പത്തിക ക്ഷീണമുണ്ട്. അതുകൊണ്ടാണ് തെരഞ്ഞുപിടിച്ച് കുറഞ്ഞ വാർഡുകളിലേക്ക് മാത്രം പ്രവാസി വോട്ടർമാരെ എത്തിക്കാൻ ശ്രമിക്കുന്നത്. വോട്ടർ പട്ടിക പഠിച്ച് കുറഞ്ഞ വോട്ടുകളുടെ മാത്രം വ്യത്യാസം വരുന്ന വാർഡുകളിലേക്കാണ് ഇങ്ങനെ ആളുകളെ പറഞ്ഞയക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.