വേനൽക്കാലം പലവിധ അസുഖങ്ങളുടെ കലവറയാണ്. ഉയർന്ന താപനിലയും, ജീവിതശൈലിയിലും ഭക്ഷണക്രമത്തിലുമുള്ള മാറ്റങ്ങളുമാണ് ഇത്തരം അസുഖങ്ങൾ വരാനുള്ള പ്രധാന ഹേതു. ജലാംശം നിലനിർത്തുന്നതിലൂടെയും, ഉചിതമായ ഭക്ഷണരീതി ക്രമീകരിക്കുന്നതിലൂടെയും, വിശ്രമത്തിലൂടെയും രോഗങ്ങൾ അകറ്റിനിർത്താൻ സാധിക്കും. വേനൽക്കാലത്ത് നല്ല ആരോഗ്യം നിലനിർത്താനും രോഗങ്ങളെ എങ്ങനെ തടയാമെന്നും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
കനത്തചൂട് ഏൽക്കുന്നത് സൂര്യാതപത്തിന് കാരണമാകും. ഇത് ചർമങ്ങളെ, കുമിളകളും ചുവന്ന നിറമുള്ളതുമാക്കും. വിയർപ്പിലൂടെ അമിതമായ വെള്ളവും ഉപ്പും നഷ്ടപ്പെടുമ്പോൾ ശരീരത്തിന് ക്ഷീണം സംഭവിക്കുന്നു. കനത്ത വിയർപ്പ്, ബലഹീനത, തലകറക്കം, ഓക്കാനം, തലവേദന എന്നിവയും ലക്ഷങ്ങളാവാം.
സൺസ്ക്രീൻ പുരട്ടുക, സംരക്ഷണ വസ്ത്രം, വീതിയേറിയ തൊപ്പി, സൺഗ്ലാസ് എന്നിവ ധരിക്കുക. ഏറ്റവും കൂടുതൽ സൂര്യപ്രകാശമുള്ള സമയങ്ങളിൽ തണൽ തേടുക.
ധാരാളം വെള്ളവും ഇലക്ട്രോലൈറ്റ് അടങ്ങിയ പാനീയങ്ങളും കുടിച്ച് ജലാംശം നിലനിർത്തുക.
രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെ പുറത്തുള്ള ജോലി ഒഴിവാക്കുക. ഭാരം കുറഞ്ഞതും അയഞ്ഞതുമായ വസ്ത്രങ്ങളും ധരിക്കുക. രോഗലക്ഷണങ്ങൾ ഉണ്ടായാൽ തണുത്ത സ്ഥലത്തേക്ക് മാറുക, വെള്ളം കുടിക്കുക, വിശ്രമിക്കുക.
ഉയർന്ന താപനിലയിൽ ദീർഘനേരം െചലവഴിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന ഗുരുതരമായ അവസ്ഥയാണ് ഹീറ്റ് സ്ട്രോക്ക്. ഇത് ശരീരത്തിന്റെ ചൂട് നിയന്ത്രിക്കുന്ന സംവിധാനങ്ങളുടെ പരാജയത്തിലേക്ക് നയിക്കുന്നു. ഉയർന്ന ശരീര ഊഷ്മാവ്, ആശയക്കുഴപ്പം, ദ്രുതഗതിയിലുള്ള പൾസ്, ബോധം നഷ്ടപ്പെടൽ എന്നിവയും ലക്ഷണങ്ങൾ.
സൂര്യാഘാതം പോലെ അതേ പ്രതിരോധ നടപടികൾ ചെയ്യുക. ഹീറ്റ് സ്ട്രോക്ക് ഒരു മെഡിക്കൽ എമർജൻസി ആയതിനാൽ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടുക.
ഭക്ഷണത്തിലെ ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഉയർന്ന താപനില കാരണം വേനൽക്കാലത്ത് ഭക്ഷ്യജന്യ രോഗങ്ങളുടെ സാധ്യത വർധിക്കുന്നു. സാൽമൊണെല്ല, ഇ.കോളി, നോറോവൈറസ് എന്നിവയാണ് സാധാരണ രോഗകാരികൾ.
ഭക്ഷണം കഴിക്കുന്നതിനും തയാറാക്കുന്നതിനും മുമ്പ് കൈകൾ നന്നായി കഴുകി നല്ല ശുചിത്വം പാലിക്കുക. ഭക്ഷണം പാകം ചെയ്ത് ശരിയായ ഊഷ്മാവിൽ സൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കുക. അസംസ്കൃതമോ വേവിക്കാത്തതോ ആയ മാംസവും സമുദ്രവിഭവങ്ങളും കഴിക്കുന്നത് ഒഴിവാക്കുക.
വേനൽക്കാലത്ത് വിയർപ്പും ഈർപ്പവും കൂടുന്നത് അത്ലറ്റ്സ് ഫൂട്ട്, റിംഗ്വോം, ചൊറിച്ചിൽ തുടങ്ങിയ ഫംഗസ് അണുബാധകൾക്ക് കാരണമാകും.
ചർമം ഈർപ്പം കുറഞ്ഞതും, വൃത്തിയുള്ളതുമായി സൂക്ഷിക്കുക, പ്രത്യേകിച്ച് ശരീരത്തിലെ വിയർപ്പ് സാധ്യതയുള്ള സ്ഥലങ്ങളിൽ. കനം കുറഞ്ഞ വായുസഞ്ചാരമുള്ള വസ്ത്രങ്ങളും, ഷൂകളും ധരിക്കുക. ചൊറിച്ചിൽ, വൃത്താകൃതിയിൽ ഉള്ള ചൊറിച്ചിൽ ഉണ്ടെങ്കിൽ ഷൂകളിലും ചർമത്തിലും ആന്റി ഫംഗൽ പൊടികളോ സ്പ്രേകളോ ഉപയോഗിക്കുക.
വേനൽക്കാലത്ത് പൂമ്പൊടിയുടെ അളവ് കൂടുതലാണ് ഇത് അലർജിക് റൈനൈറ്റിസിനുള്ള സാധ്യത കൂട്ടും. തുമ്മൽ, മൂക്കൊലിപ്പ്, കണ്ണിൽ ചൊറിച്ചിൽ, കണ്ണിൽ ചുവപ്പു നിറം എന്നിവയാണ് ലക്ഷണങ്ങൾ.
പൂമ്പൊടി ഉള്ള സ്ഥലങ്ങളിൽനിന്നും മാറിനിൽകുക. പൊടിയുള്ള അന്തരീക്ഷം ഉള്ളപ്പോൾ വീടിനുള്ളിൽ തന്നെ ഇരിക്കുക. മാസ്ക് ഉപയോഗിച്ച് മാത്രം പുറത്തിറങ്ങുക.
എയർ കണ്ടീഷനിങ് ഫിൽട്ടറും ഡക്റ്റും വർഷംതോറും വ്യത്തിയാക്കുക. ഡോക്ടറുടെ നിർദേശ പ്രകാരം ആന്റിഹിസ്റ്റമിൻസ് അല്ലെങ്കിൽ നാസൽ കോർട്ടികോസ്റ്റിറോയ്ഡ് സ്പ്രൈ ഉപയോഗിക്കുക.
ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാതെ വരുന്ന അവസ്ഥയാണ് നിർജലീകരണം. ശരീരത്തിൽ ജലാംശം കുറവാണെങ്കിൽ തലവേദന, ക്ഷീണം, മലബന്ധം, തലകറക്കം എന്നിവക്ക് കാരണമാകും. ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഇല്ലെന്ന സൂചനകൾ ശരീരം നൽകും.
ശരീരത്തിൽ നിർജലീകരണം ഉണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള എളുപ്പ മാർഗം മൂത്രത്തിന്റെ നിറം പരിശോധിക്കുകയാണ്.
നിർജലീകരണം കാരണം മൂത്രം പതിവിലും ഇരുണ്ടതായി കാണപ്പെടും. ചിലപ്പോൾ മൂത്രത്തിന്റെ അളവും കുറയും. രക്തം പരിശോധിച്ചാലും നിർജലീകരണം അറിയാം.
പ്രതിദിനം കുറഞ്ഞത് മൂന്നു ലിറ്റർ മുതൽ നാലു ലിറ്റർ വരെ വെള്ളം കുടിക്കുക. സൂര്യപ്രകാശം ഏറിയ വേളകളിൽ പുറത്തിറങ്ങരുത്.
പാനീയങ്ങൾ, ജ്യൂസുകൾ, പച്ചക്കറി വിഭവങ്ങൾ എന്നിവ കൂടുതൽ കഴിക്കുക. ദിവസം എട്ട് മണിക്കൂർ ഉറക്കം. മുറികളിൽ എയർ കണ്ടീഷനിങ് ഉപയോഗം ഉറപ്പാക്കുക.
വൃക്കയിലും മൂത്രനാളികളും കല്ല് രൂപപ്പെടാനുള്ള സാധ്യത ചൂടുകാലത്ത് കൂടുതലാണ്. ഇത് കഠിനമായ വേദനക്കും മൂത്രാശയ സങ്കീർണതകൾക്കും കാരണമാകും.
പുറകിലോ വശത്തോ അടിവയറിലോ കടുത്ത വേദന, മൂത്രത്തിൽ രക്തം, ഓക്കാനം, ഛർദി, ഇടയ്ക്കിടെ മൂത്രമൊഴിക്കൽ അല്ലെങ്കിൽ മൂത്രമൊഴിക്കാനുള്ള നിരന്തരമായ പ്രേരണ, മൂത്രമൊഴിക്കുമ്പോൾ വേദന എന്നിവയാണ് ലക്ഷണങ്ങൾ.
ധാരാളം വെള്ളം കുടിക്കുക, പഴങ്ങളും പച്ചക്കറികളും കൂടുതൽ കഴിക്കുക.
ചീര, ബീറ്റ്റൂട്ട്, പരിപ്പ്, ചോക്ലേറ്റ് തുടങ്ങിയ ഉയർന്ന ഓക്സലേറ്റ് ഭക്ഷണങ്ങൾ കഴിക്കുന്നത് കുറക്കാം.
സോഡിയത്തിന്റെ അളവും പരിമിതപ്പെടുത്താം. കാത്സ്യം അടങ്ങിയ സമീകൃതാഹാരം നിലനിർത്തുക. പ്രോട്ടീൻ അമിതമാകരുത്.
പഞ്ചസാര പാനീയങ്ങളുടെയും സോഡകളുടെയും ഉപയോഗം പരിമിതപ്പെടുത്തുക.
നാരങ്ങാവെള്ളം അല്ലെങ്കിൽ ഓറഞ്ച് ജ്യൂസ് പോലുള്ള സിട്രസ് പാനീയങ്ങൾ കുടിക്കുക. ഇവ കല്ല് ഉണ്ടാകുന്നത് തടയാൻ സഹായിക്കും.
വൃക്കയുടെ പ്രവർത്തനവും അപകടസാധ്യതയും പതിവായി നിരീക്ഷിക്കുക.
പ്രത്യേകിച്ചും നിങ്ങൾക്ക് വൃക്കയിലെ കല്ലുകളുടെ ചരിത്രമുണ്ടെങ്കിൽ. അൾട്രാസൗണ്ട്, മൂത്രം, രക്ത പരിശോധന എന്നിവയിലൂടെ കല്ലിന്റെ സാധ്യത അണുബാധ എന്നിവ അറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.