കുവൈത്ത് സിറ്റി: മാധ്യമ മേഖലയിലെ മികച്ച സംഭാവനകൾക്ക് കുവൈത്ത് പ്രത്യേക പുരസ്കാരങ്ങൾ ഏർപ്പെടുത്തുന്നു. അടുത്ത വർഷം മുതൽ മീഡിയ പുരസ്കാരം നൽകുമെന്ന് ഇൻഫർമേഷൻ ആൻഡ് കൾചർ മന്ത്രി അബ്ദുൽറഹ്മാൻ അൽ മുതൈരി അറിയിച്ചു. റേഡിയോ, ടെലിവിഷൻ, പ്രിന്റഡ്, ഇലക്ട്രോണിക് മാധ്യമങ്ങൾ എന്നീ വിഭാഗങ്ങളിൽനിന്ന് വിവിധ കാറ്റഗറികളിൽ പുരസ്കാരം നൽകും.
കാറ്റഗറി പ്രഖ്യാപനങ്ങൾ, സ്വീകർത്താക്കളെ തിരഞ്ഞെടുക്കൽ, ജഡ്ജിങ് പാനലുകളെ നിശ്ചയിക്കൽ തുടങ്ങിയവയിൽ മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പാക്കൽ ഉൾപ്പെടെയുള്ള അവാർഡ് പ്രക്രിയക്ക് ഉന്നതസമിതി മേൽനോട്ടം വഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ക്രിയേറ്റിവ് ഉള്ളടക്കം വർധിപ്പിക്കുന്നതിനും കുവൈത്ത് മാധ്യമ ഐഡന്റിറ്റി ഉയർത്തിക്കാട്ടുന്നതിനുമുള്ള മന്ത്രാലയത്തിന്റെ നടപടികളുടെ ഭാഗമാണ് അവാർഡെന്നും മന്ത്രി വ്യക്തമാക്കി. അർഥവത്തായതും സുസ്ഥിരവുമായ മാധ്യമ ഉള്ളടക്കം ശാക്തീകരിക്കുക, പ്രഫഷനൽ രീതികൾ മെച്ചപ്പെടുത്തുക, നവീകരണത്തിന് നേതൃത്വം നൽകുക എന്നിവയും ലക്ഷ്യങ്ങളാണ്.
അവാർഡിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിനായി പബ്ലിക് ബെനഫിറ്റ് സംഘടനകളുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. അറബ് ലോകത്തെമ്പാടുമുള്ള മാധ്യമ അവാർഡുകളിലെ രീതികൾ യോഗം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.