കുവൈത്ത് സിറ്റി: ഭിക്ഷാടനം നടത്തിയ നാലു പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. പിടികൂടിയവരില്‍ മൂന്നു പേര് പുരുഷന്മാരും ഒരു സ്ത്രീയുമാണ്. ഇവരെ നാടുകടത്തൽ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് യാചന നിയമംമൂലം നിരോധിച്ചിട്ടുണ്ട്. റമദാന് മുന്നോടിയായി യാചകരെ കണ്ടെത്തുന്നതിന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡന്റ്സ് അഫയേഴ്സിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപവത്കരിച്ച് പ്രവർത്തിച്ചുവരുന്നുണ്ട്.
കുട്ടികളെയും സ്ത്രീകളെയും മുൻനിർത്തി പള്ളികളിലും മറ്റും ഭിക്ഷാടനം നടക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. പൊതുസ്ഥലങ്ങളില്‍ ഭിക്ഷാടകർ പിടിയിലായാൽ ഉടൻ നാടുകടത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. കഴിഞ്ഞ ആഴ്ച ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡന്റ്സ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ നടത്തിയ പരിശോധനയിൽ ഭിക്ഷാടനം നടത്തിയ വിവിധ രാജ്യക്കാരായ ഏഴുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഭിക്ഷാടകരെ സ്പോൺസർ ചെയ്യുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെയും നിയമ നടപടികളുണ്ടാകും.
ഭിക്ഷാടനം തുടച്ചുനീക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ വ്യക്തമാക്കി. ഭിക്ഷാടന കേസുകൾ ശ്രദ്ധയിൽപെട്ടാൽ റിപ്പോർട്ട് ചെയ്യാനും അധികൃതർ അറിയിച്ചു. 97288211, 97288200, 25582581, 25582582 നമ്പറുകളിലോ എമർജൻസി ഫോൺ നമ്പറായ 112ലോ വിവരം അറിയിക്കാം. ഭിക്ഷാടനവും നിയമലംഘനവും നടത്തിയതിന് കഴിഞ്ഞ റമദാനിൽ 2100 പ്രവാസികൾ അറസ്റ്റിലായിരുന്നു. ഇതിൽ നൂറിലേറെ പേർ ഭിക്ഷാടകരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.