കുവൈത്ത് സിറ്റി: കുവൈത്തിൽ ഭിക്ഷാടനം നടത്തിയ 33 വിദേശികളെ ഇൗ വർഷം നാടുകടത്തി. ഭിക്ഷാടനം തടയാൻ കർശന നടപടികൾ കൈക്കൊണ്ടു വരുന്നതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. കുടുംബമായി താമസിക്കുന്നവർ പോലും ഭിക്ഷാടനത്തിൽ ഏർപ്പെടുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് അധികൃതർ മുന്നറിയിപ്പ് ആവർത്തിച്ചത്.
കുട്ടികളെയും സ്ത്രീകളെയും മുൻനിർത്തിയാണ് പള്ളികളിലും മറ്റും ഭിക്ഷാടനം നടക്കുന്നത്. ഭിക്ഷാടകർ ഏതു രാജ്യക്കാരായാലും പിടിയിലായാൽ ഉടൻ നാടുകടത്തും. ഒരു കുടുംബത്തിലെ പിതാവോ മാതാവോ യാചന നടത്തിയാൽ മക്കളുൾപ്പെടെ മുഴുവൻ പേരെയുമാണ് നാടുകടത്തുക. സ്വകാര്യ സ്ഥാപനങ്ങളുടെ വിസയിൽ ഉള്ളവരാണ് യാചനയിൽ ഏർപ്പെടുന്നതെങ്കിൽ കമ്പനിയുടെ ഫയൽ മരവിപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.
കമ്പനികൾക്ക് കീഴിൽ സന്ദർശന വിസയിൽ എത്തിയവരാണ് യാചനയിലേർപ്പെട്ടതെങ്കിലും സ്പോൺസറിങ് കമ്പനിയുടെ ഫയൽ മരവിപ്പിക്കും. ഈ വർഷം നവംബർ വരെ കാലയളവിലാണ് സ്ത്രീകൾ ഉൾപ്പെടെ 33 വിദേശികളെ യാചനയുടെ പേരിൽ നാടുകടത്തിയത്. യാചകരെ കണ്ടെത്താനായി പള്ളികൾ, ഷോപ്പിങ് മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷകരെ ഏർപ്പെടുത്തിയിട്ടുണ്ട്. ഭിക്ഷാടനം നടത്തുന്നതായി ശ്രദ്ധയിൽ പെട്ടാൽ അക്കാര്യം സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കാൻ സ്വദേശികളോടും വിദേശികളോടും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.