കുവൈത്ത് സിറ്റി: സ്ത്രീ വേഷത്തിൽ പള്ളിക്കരികെ യാചന നടത്തിയ ഇന്ത്യക്കാരൻ അറസ്റ്റിലായി. സാൽമിയയിൽ പള്ളിക്കരികെ സ്ത്രീ യാചന നടത്തുന്നതായി പരാതി ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ എത്തിയ അധികൃതർ അറസ്റ്റ് ചെയ്തപ്പോഴാണ് വേഷം മാറി തട്ടിപ്പ് നടത്തുന്നതുകൂടി വ്യക്തമായത്. ഇയാളെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി.
15 ദീനാറും പ്രതിയിൽനിന്ന് കണ്ടെടുത്തു. രാജ്യത്ത് യാചന നിരോധിച്ചിട്ടുള്ളതാണ്. റമദാനിലെ അനുകൂല സാഹചര്യം മുതലെടുത്ത് കുടുംബമായി താമസിക്കുന്നവർ പോലും
ഭിക്ഷാടനത്തിൽ ഏർപെടുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ആഭ്യന്തരമന്ത്രാലയം പ്രത്യേക മുന്നറിയിപ്പ് നൽകിയിരുന്നു. നിരോധനം മറികടന്നും വിവിധ ഭാഗങ്ങളിൽ ഭിക്ഷാടനം നടക്കുന്നുണ്ട്. രാജ്യത്തിെൻറ പല ഭാഗങ്ങളിൽ സിറിയൻ വംശജർ സ്വന്തം രാജ്യത്തെ ദുരിതാവസ്ഥ വിവരിച്ച് ഭിക്ഷയാചിക്കുന്നതായും പരാതി ലഭിച്ചിട്ടുണ്ട്. കുട്ടികളെയും സ്ത്രീകളെയും മുൻനിർത്തിയാണ് പള്ളികളിലും മറ്റും ഭിക്ഷാടനം നടക്കുന്നത്. ഇൗ കുറ്റത്തിന് പിടിയിലാവുന്നവരെ ഉടൻ നാടുകടത്തും. ഒരു കുടുംബത്തിലെ പിതാവോ മാതാവോ യാചന നടത്തിയാൽ മക്കളുൾപ്പെടെ മുഴുവൻ പേരെയുമാണ് നാടുകടത്തുക. സ്വകാര്യ സ്ഥാപനങ്ങളുടെ വിസയിൽ ഉള്ളവരാണ് യാചനയിൽ ഏർപ്പെടുന്നതെങ്കിൽ കമ്പനിയുടെ ഫയൽ മരവിപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. ഭിക്ഷാടനം കണ്ടെത്തുന്നതിന് ആഭ്യന്തര വകുപ്പ് പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. യാചകരെ കണ്ടെത്തുന്നതിനായി വനിത പൊലീസുകാരെ ഉൾപ്പെടെ സിവിൽ വേഷത്തിൽ നിയോഗിച്ചിട്ടുണ്ട്. പള്ളികൾ, ഷോപ്പിങ് മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സദാസമയവും നിരീക്ഷകരുടെ സാന്നിധ്യമുണ്ടാവും.
ആഭ്യന്തര മന്ത്രാലയത്തിലെ പാസ്പോർട്ട് പൗരത്വകാര്യ അണ്ടർ സെക്രട്ടറി മേജർ ജനറൽ ശൈഖ് മാസിൻ അൽ ജർറാഹിെൻറ മേൽനോട്ടത്തിലാണ് റെയ്ഡ് നടക്കുന്നത്. ഭിക്ഷാടനം നടത്തുന്നതായി ശ്രദ്ധയിൽപെട്ടാൽ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കാൻ സ്വദേശികളോടും വിദേശികളോടും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.