കുവൈത്ത് സിറ്റി: രാജ്യത്ത് വൻ മയക്കുമരുന്ന് വേട്ട. കബ്ദിൽ നിന്ന് എട്ട് കിലോഗ്രാം മയക്കുമരുന്നും പണവുമായി മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ക്രിമിനൽ സെക്യൂരിറ്റി സെക്ടർ കബ്ദിലെ ഫാമിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നും പ്രതികളെയും പിടികൂടിയത്.
പരിശോധനയിൽ മൂന്ന് കിലോ ഹഷീഷ്, മൂന്ന് കിലോ സിന്തറ്റിക് പദാർഥം രണ്ട് കിലോ ഷാബു, 1,000 ലിറിക്ക ഗുളികകൾ, മയക്കുമരുന്ന് വിൽപനയിൽ നിന്നുള്ള വരുമാനമെന്ന് സംശയിക്കുന്ന പണം എന്നിവ പിടിച്ചെടുത്തു.
അറസ്റ്റിലായ മൂന്നുപേരും രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരാണ്. ഇവരെ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മയക്കുമരുന്ന് വ്യാപനത്തെ ചെറുക്കുന്നതിനും ഉപയോഗത്തിലൂടെയുണ്ടാവുന്ന അപകടങ്ങളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനും ശക്തമായ നടപടികൾ തുടരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ക്രിമിനൽ ശൃംഖലകളുടെ നിരന്തര നിരീക്ഷണം ശക്തമാക്കുമെന്നും മന്ത്രാലയം ആവർത്തിച്ചു. നിയമപാലകരോട് സഹകരിക്കാനും സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ എമർജൻസി ഹോട്ട്ലൈൻ (112) വഴിയോ മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ (1884141) വഴിയോ റിപ്പോർട്ട് ചെയ്യാനും പൗരന്മാരോടും താമസക്കാരോടും അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.