കുവൈത്ത് സിറ്റി: കുവൈത്തും ബ്രിട്ടനും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സൗഹൃദവും ഊട്ടിയുറപ്പിച്ച് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ ലണ്ടൻ സന്ദർശനം. തിങ്കളാഴ്ച ബ്രിട്ടനിലെത്തിയ കിരീടാവകാശി പ്രധാനമന്ത്രി ഋഷി സുനകുമായി കൂടിക്കാഴ്ച നടത്തി. ചാൾസ് മൂന്നാമൻ രാജാവിനും ബ്രിട്ടീഷ് പ്രധാനമന്ത്രിക്കും കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ ആശംസകൾ കിരീടാവകാശി അറിയിച്ചു. കുവൈത്തും ബ്രിട്ടനും തമ്മിലുള്ള ബന്ധം കൂടുതൽ ഉയർന്ന തലങ്ങളിലേക്ക് എത്തട്ടെയെന്ന് കൂടിക്കാഴ്ചയിൽ ഇരുവരും ആഗ്രഹം പ്രകടിപ്പിച്ചു. കുവൈത്തും ബ്രിട്ടനും നിക്ഷേപ പങ്കാളിത്തം സംബന്ധിച്ച ധാരണ പത്രവും ഒപ്പുവെച്ചു. ചടങ്ങിൽ കിരീടാവകാശിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും പങ്കെടുത്തു. കുവൈത്ത് ഉപ പ്രധാനമന്ത്രിയും എണ്ണ മന്ത്രിയും ആക്ടിങ് ധനമന്ത്രിയും സാമ്പത്തിക, നിക്ഷേപ കാര്യ സംസ്ഥാന മന്ത്രിയുമായ ഡോ. സാദ് അൽ ബറാക്ക്, ബിസിനസ് ആൻഡ് ട്രേഡ് ഡിപ്പാർട്മെന്റിലെ ബ്രിട്ടീഷ് സ്റ്റേറ്റ് മന്ത്രി ലോർഡ് ഡൊമിനിക് ജോൺസണും ചേർന്നാണ് കരാർ ഒപ്പിട്ടത്. കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹും മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥരും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരും പങ്കെടുത്തു.
കുവൈത്ത്-ബ്രിട്ടൻ പങ്കാളിത്തത്തിന്റെ 125ാം വാർഷികം ആഘോഷിക്കുന്നതിനുള്ള ധാരണപത്രത്തിലും ഒപ്പുവെച്ചു. കുവൈത്ത് വിദേശകാര്യ മന്ത്രാലയവും ബ്രിട്ടൻ ഫോറിൻ കോമൺവെൽത്ത് ആൻഡ് ഡെവലപ്മെന്റ് ഓഫിസും (എഫ്.സി.ഡി.ഒ) തമ്മിലാണ് ധാരണപത്രം രൂപപ്പെടുത്തിയത്. കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹമ്മദ് അസ്സബാഹും ബിസിനസ് ആൻഡ് ട്രേഡ് വകുപ്പിലെ ബ്രിട്ടീഷ് സഹമന്ത്രി ലോർഡ് ഡൊമിനിക് ജോൺസണും ചേർന്ന് രേഖയിൽ ഒപ്പുവെച്ചു.
ലണ്ടനിൽ കുവൈത്ത് ഇൻവെസ്റ്റ്മെന്റ് ഓഫിസ് (കെ.ഐ.ഒ) സ്ഥാപിച്ചതിന്റെ 70ാം വാർഷികത്തിലും കിരീടാവകാശി പങ്കെടുത്തു. പരിപാടിക്ക് മുന്നോടിയായി വ്യാവസായിക പങ്കാളിത്തം, നിക്ഷേപം എന്നിവ സംബന്ധിച്ച കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയും ബ്രിട്ടനും തമ്മിൽ ധാരണപത്രം ഒപ്പുവെച്ചു. 1953 ഫെബ്രുവരിയിൽ സ്ഥാപിതമായ ലണ്ടനിലെ കുവൈത്ത് ഇൻവെസ്റ്റ്മെന്റ് ഓഫിസ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള പരമാധികാര സ്ഥാപനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.