ആദ്യ രക്തദാന ഓർമകൾ ഇന്നും നിറഞ്ഞുനിൽക്കുന്നു. തികച്ചും അവിചാരിതമായി സംഭവിച്ച ഒന്നായിരുന്നു അത്. ബന്ധുവും സുഹൃത്തുമായ വ്യക്തിയുടെ പെങ്ങൾക്ക് പ്രസവാവശ്യത്തിനു രക്തം വേണ്ടിവന്നു. അവർ എന്നോട് നൽകാൻ സാധിക്കുമോ എന്ന് ചോദിച്ചു. ആദ്യമായാണ് രക്തം ഒരാൾ ആവശ്യപ്പെടുന്നത്. ഒന്നും ആലോചിച്ചില്ല, ഓക്കെ പറഞ്ഞു.
ഞാനന്ന് നഴ്സിങ് പഠനത്തിനു ചേർന്ന വർഷമാണ്. സുഹൃത്തിന്റെ പെങ്ങളെ ഞങ്ങളുടെ വീടിന് സമീപമുള്ള അഞ്ചൽ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയിരുന്നു. രക്തം നൽകുന്ന കാര്യം വീട്ടിൽ ആരോടും പറഞ്ഞിട്ടുണ്ടായിരുന്നില്ല. രാത്രി 12 മണി, വീടിനു വെളിയിൽ രണ്ടു പേർ വന്നു. ഞാൻ നല്ല ഉറക്കമായിരുന്നു. വന്നയാളുകൾ ബന്ധുക്കൾ ആയിരുന്നതിനാൽ അവർ ചാച്ചനോട് കാര്യങ്ങൾ പറഞ്ഞു. ഞാൻ ഏറ്റിരുന്നതിനാൽ അവർ മറ്റാരോടും രക്തം ആവശ്യപ്പെട്ടിരുന്നില്ല.
ചാച്ചനും അമ്മയും എന്നെ അവരോടൊപ്പം അയച്ചു. ഞാൻ ആശുപത്രിയിലെത്തി ഒരു റൂമിൽ സുഖമായി ഉറങ്ങി. ആവശ്യമായിവന്നാൽ എടുക്കാമെന്ന് സിസ്റ്റർ പറഞ്ഞതായി ഓർക്കുന്നു. പിറ്റേന്ന് പുലർച്ച സുഹൃത്തിന്റെ പെങ്ങൾ പ്രസവിച്ച സന്തോഷ വാർത്ത കേട്ടാണ് ഉണർന്നത്. എന്റെ രക്തം ആവശ്യമായി വന്നില്ല.
അങ്ങനെ വീട്ടിൽ തിരിച്ചെത്തി. തിരികെ എത്തിയപ്പോൾ തന്നെ അമ്മയും ചാച്ചനും തിരക്കി. രക്തം കൊടുക്കേണ്ടിവന്നില്ല എന്നു പറഞ്ഞപ്പോൾ അവർക്ക് ആശ്വാസമായി. അങ്ങനെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ അമ്മ എന്നോട് പറഞ്ഞു, രക്തം നൽകാൻ പോയ രാത്രിയിൽ ഞങ്ങൾ വല്ലാതെ വിഷമിച്ചു എന്ന്. സാധാരണ നാട്ടിൻപുറത്തുകാരായ അവരെ കുറ്റം പറയാൻ തോന്നിയില്ല. പലപ്പോഴും സാധാരണക്കാർക്ക് രക്തദാനത്തിന് എത്രമാത്രം രക്തം എടുക്കുമെന്നോ രക്തദാനം എന്താണെന്നോ അറിയില്ല. ആ ആശങ്കയാണ് അവരുടെ ഉള്ളിൽ അന്ന് തെളിഞ്ഞത്.
വർഷങ്ങൾ കഴിഞ്ഞു. ജീവിതം ആരോഗ്യ മേഖലയിലായി. രക്തദാനത്തിന്റെ പ്രസക്തിയും ആവശ്യകതയും ശരിക്കും ബോധ്യമായി. അതുകൊണ്ടുതന്നെ ഇതിനിടെ 30ഓളം തവണ രക്തം ദാനം ചെയ്തു. ഓരോ തവണ രക്തദാനം ചെയ്യുമ്പോഴും ആദ്യ സംഭവം മനസ്സിൽ ഓടിയെത്തും. അപ്പോൾ നമ്മളിലൂടെ മറ്റുള്ളവർക്കും ജീവിക്കാൻ അവസരം നൽകണമെന്ന സന്ദേശം ഉള്ളിൽ ഊർജം നിറക്കും. രക്തം പകരാനായി കൈകൾ നീട്ടും...
ഓർമകൾ ഓർമിച്ചെടുത്തപ്പോൾ കാലം പിന്നെയും പിറകോട്ടുപോയി. ഞാൻ ഏഴാം ക്ലാസുകാരനായി. വീടിനു സമീപമുള്ള ന്യൂ സ്റ്റുഡന്റ്സ് അക്കാദമി ട്യൂഷൻ സെന്ററിലെത്തി രക്തഗ്രൂപ് നിർണയ ക്യാമ്പിൽ വരിനിൽക്കുന്ന കുട്ടിയായി. സൂചികൊണ്ടൊരാൾ വിരലിൽ കുത്തുന്നു. രക്തത്തുള്ളി ഇറ്റിവീഴുന്നു.
ഏറെ വൈകാതെ ഒരു ചെറിയ മഞ്ഞക്കാർഡിന്റെ പുറത്തു പേരും രക്തഗ്രൂപ്പും എഴുതിത്തരുന്നു. വർഷങ്ങളോളം അത് ഭദ്രമായി പഴ്സിൽ സൂക്ഷിച്ചിരുന്നു. അതിങ്ങനെയായിരുന്നു: ജോബി ബേബി- ഒ. പോസിറ്റിവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.