കുവൈത്ത് സിറ്റി: കോവിഡ് ബൂസ്റ്റർ ഡോസ് വാക്സിനേഷൻ സംബന്ധിച്ച വിവരങ്ങൾ ഡിജിറ്റൽ സിവിൽ ഐഡിയിൽ ഉൾപ്പെടുത്താൻ നീക്കം. ഇതുസംബന്ധിച്ച നിർദേശം കൊറോണ എമർജൻസി കമ്മിറ്റിയുടെ മുന്നിലാണ്. വൈകാതെ നിർദേശം അംഗീകരിക്കാനാണ് സാധ്യതയെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ആദ്യ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് കുവൈത്ത് മൊബൈൽ ഐഡി എന്ന ആപ്ലിക്കേഷനിൽ അപ്ഡേഷൻ വരുത്തുന്നുണ്ട്.
ആദ്യ ഡോസ് സ്വീകരിച്ചവർക്ക് ഓറഞ്ച് സിഗ്നലും രണ്ട് ഡോസും സ്വീകരിച്ചവർക്ക് പച്ച സിഗ്നലുമാണ് തെളിയുന്നത്. ബൂസ്റ്റർ ഡോസിന് ഏതുതരം അടയാളമാകും എന്ന് തീരുമാനമായിട്ടില്ല. കൊറോണ എമർജൻസി കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതിനു ശേഷം സിവിൽ ഇൻഫർമേഷൻ പബ്ലിക് അതോറിറ്റി ഇതുസംബന്ധിച്ച് വ്യക്തമാക്കും. നിലവിൽ വാണിജ്യ സമുച്ചയങ്ങൾ, മന്ത്രാലയങ്ങൾ, പള്ളികൾ, പൊതുഗതാഗതം തുടങ്ങിയ സ്ഥലങ്ങളിൽ പ്രവേശനത്തിന് രണ്ടു ഡോസ് വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്.
ഇമ്യൂൺ ആപ് അല്ലെങ്കിൽ കുവൈത്ത് മൊബൈൽ ഐഡി എന്നിവ നോക്കിയാണ് മാളുകളിലും മറ്റും പ്രവേശിപ്പിക്കുന്നത്. ഇത്തരം സ്ഥലങ്ങളിൽ പ്രവേശനത്തിന് ബൂസ്റ്റർ ഡോസ് സ്വീകരിക്കലും നിർബന്ധമാക്കാൻ ആലോചനയുണ്ട്. ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കണമെന്ന ആരോഗ്യ മന്ത്രാലയത്തിെൻറ അഭ്യർഥന പലരും പരിഗണിച്ചിട്ടില്ല.
ഒമിക്രോൺ വൈറസ് സംബന്ധിച്ച അന്താരാഷ്ട്ര വാർത്തകളുടെ പശ്ചാത്തലത്തിൽ എല്ലാവരും ബൂസ്റ്റർ ഡോസ് വാക്സിനേഷന് മുന്നോട്ടുവരണമെന്ന് അധികൃതർ ആവർത്തിച്ച് അഭ്യർഥിക്കുന്നു.
കുറച്ചുകൂടി കഴിഞ്ഞാൻ പൊതു സ്ഥാപനങ്ങളിലെ പ്രവേശനത്തിന് ബൂസ്റ്റർ ഡോസും നിർബന്ധമാക്കുമെന്നാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.