കുവൈത്ത് സിറ്റി: രാജ്യത്തെ നടുക്കിയ മൻഗഫ് തീപിടുത്ത ദുരന്തത്തിന് പിറകെ കെട്ടിടങ്ങളിലെ പരിശോധന ശക്തമാക്കി കുവൈത്ത് ആഭ്യന്തരമന്ത്രാലയം. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിർദേശ പ്രകാരമാണ് പരിശോധന ശക്തമാക്കിയത്. അഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ്, മുന്‍സിപ്പല്‍ കാര്യ മന്ത്രി ഡോ. നൂറ അൽ മഷാൻ എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരിശോധനകൾ. മുനിസിപ്പാലിറ്റി, ഫയർഫോഴ്സ്, അഭ്യന്തര മന്ത്രാലയം എന്നിവര്‍ സഹകരിച്ചാണ് പരിശോധന നടത്തുന്നത്.
വ്യാഴാഴ്ച മലയാളികളടക്കം പ്രവാസികള്‍ ഏറെ താമസിക്കുന്ന അബ്ബാസിയ, ഖൈത്താൻ, മഹ്ബൂല പ്രദേശങ്ങളിലെ കെട്ടിടങ്ങളില്‍ പരിശോധനകള്‍ നടത്തി. പരിശോധനയില്‍ നിയമ ലംഘനം കണ്ടെത്തിയാല്‍ മുന്നറിയിപ്പില്ലാതെ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിക്കുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും ഉണർത്തി. മുൻകൂട്ടി അനുമതിയില്ലാതെ കെട്ടിടങ്ങളിൽ നിർമാണ പ്രവൃത്തികൾ നടത്തിയവര്‍ക്കെതിരെയും അനധികൃത നിർമാണങ്ങള്ക്കെതിരെയുമുള്ള നടപടികള്‍ ശക്തമാക്കും. ലംഘനം നടത്തുന്ന കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കും. നിയമലംഘനങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നതിനായി ഹോട്ട് ലൈന്‍ സ്ഥാപിക്കും. നിയമലംഘനങ്ങൾ റിപ്പോര്‍ട്ട് ചെയ്താല്‍ മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്ന കരട് നിയമം മന്ത്രി സഭയിൽ അവതരിപ്പിക്കുമെന്ന് മുന്‍സിപ്പല്‍ കാര്യ മന്ത്രി ഡോ. നൂറ അൽ മഷാന് വ്യക്തമാക്കി.
കെ.ഐ.ജി കുവൈത്ത്
കുവൈത്ത് സിറ്റി: മൻഗഫ് ലേബർ ക്യാമ്പിലുണ്ടായ അതിദാരുണമായ തീപിടുത്തത്തിൽ മലയാളികൾ അടക്കം നിരവധി പ്രവാസികൾക്കുണ്ടായ ജീവഹാനിയിലും പരിക്കുകളിലും കെ.ഐ.ജി അതിയായ ദുഃഖവും ആശങ്കയും രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായി കെ.ഐ.ജി അറിയിച്ചു. പരിക്കേറ്റ് കുവൈത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെ കെ.ഐ.ജി നേതാക്കൾ സന്ദർശിച്ചു.
കുവൈത്ത് കെ.എം.സി.സി
കുവൈത്ത് സിറ്റി: ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തം അതിദാരുണ അപകടമെന്ന് കുവൈത്ത് കെ.എം.സി.സി. കുവൈത്തിന്റെ ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത ദുരന്തമാണ് നടന്നതെന്ന് സംഭവ സ്ഥലം സന്ദർശിച്ച കെ.എം.സി.സി നേതാക്കൾ വ്യക്തമാക്കി. മരണപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നതോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായും നേതാക്കൾ പറഞ്ഞു. സാധ്യമായ സഹായങ്ങളെല്ലാം ചെയ്യാൻ സംഘടന സന്നദ്ധമാണെന്നു കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ അറിയിച്ചു.
കേരള ഇസ്ലാമിക് കൗൺസിൽ
കുവൈത്ത് സിറ്റി: അതിദാരുണമായ തീപ്പിടുത്ത ദുരന്തത്തിൽ കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരണപ്പെട്ട കുടുംബങ്ങളുടെ ദുഖത്തിൽ പങ്കുചേരുകയും ചികിത്സയിൽ കഴിയുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും നേതാക്കൾ അഭ്യർഥിച്ചു.
സാരഥി കുവൈത്ത്
കുവൈത്ത് സിറ്റി: അഗ്നിബാധയിൽ സാരഥി കുവൈത്ത് അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പം ദുഃഖത്തിലും വേദനയിലും പങ്കു ചേരുന്നതായും അറിയിച്ചു. അപകടത്തിൽപ്പെട്ടവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും നൽകാൻ സാരഥി കുവൈത്ത് പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചു.
കുവൈത്ത് കേരള പ്രവാസി മിത്രം
കുവൈത്ത് സിറ്റി: തീപിടുത്തത്തിൽ മലയാളികളടക്കം നിരവധി പ്രവാസികൾക്കുണ്ടായ ദുരന്തത്തിൽ കുവൈത്ത് കേരള പ്രവാസി മിത്രം അനുശോചനം രേഖപ്പെടുത്തി.
മരണപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാർഥിക്കുന്നതോടൊപ്പം കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി ഭാരവാഹികൾ അറിയിച്ചു. ഇന്ത്യൻ സമൂഹത്തിന്റെയും എംബസിയുടെയും തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണയും ഭാരവാഹികൾ അറിയിച്ചു.
ഒ.ഐ.സി.സി കുവൈത്ത്
കുവൈത്ത് സിറ്റി: തീപിടുത്തത്തിൽ മരണപ്പെട്ട സഹോദരങ്ങൾക്ക് ഒ.ഐ.സി.സി കുവൈത്ത് ആദരാജ്ഞലികൾ അർപ്പിച്ചു. പ്രവാസി സമൂഹത്തിന്റെ ദുഃഖത്തിലും മരണപ്പെട്ടവരുടെ കുടുംബത്തിന്റെ വേദനയിലും പങ്കുചേരുന്നതായി സംഘടന അറിയിച്ചു. ഇന്ത്യൻ സമൂഹത്തിന്റെയും എംബസിയുടെയും തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണയും അറിയിച്ചു.
ഐ.സി.എഫ് കുവൈത്ത്
കുവൈത്ത് സിറ്റി: ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ നിരവധി ഇന്ത്യക്കാർ മരണപ്പെട്ട സംഭവം അങ്ങേയറ്റം ദുഃഖിപ്പിക്കുന്നതും വേദനാജനകവുമാണെന്ന് ഐ.സി.എഫ് കുവൈത്ത് നാഷനൽ കമ്മിറ്റി.
ദാരുണമായ ഈ സംഭവത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുകയും മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു. അന്വേഷണങ്ങൾക്കായി ഐ.സി.എഫ് ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നുണ്ടെന്നും സഹായങ്ങൾ ചെയ്യാൻ വളണ്ടിയർമാർ രംഗത്തുണ്ടെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.